ആലത്തൂര്‍: നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വില ഉയരുകയും ലഭ്യത കുറയുകയും ചെയ്തതോടെ വിപണിയിലേക്ക് കാങ്കയം വെളിച്ചെണ്ണയുടെ ഒഴുക്ക്. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം എണ്ണമില്ലുകള് പ്രവര്‍ത്തിക്കുന്ന തമിഴ്നാട്ടിലെ തിരുപ്പൂരിന് സമീപത്തുള്ള കാങ്കയത്തുനിന്നാണ് ഇതെത്തുന്നത്. ഭക്ഷ്യസുരക്ഷാനിയമവും സാമ്പിള്‍ പരിശോധനയുമൊക്കെ ഉണ്ടെങ്കിലും മായംകലര്‍ന്ന വെളിച്ചെണ്ണ വിപണിയിലെത്തുന്നുണ്ടെന്ന് വ്യാപകമായി പരാതിയുണ്ട്. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് സ്വന്തമായി മില്ലും സംവിധാനങ്ങളും ഉണ്ടെങ്കിലും തേങ്ങയുടെ ലഭ്യത കുറഞ്ഞതോടെ കാങ്കയം വെളിച്ചെണ്ണയാണ് അവരുടെയും ആശ്രയം.
വെളിച്ചെണ്ണ ഉണ്ടാക്കാന്‍ ചെലവ് ഇങ്ങനെ
പച്ചത്തേങ്ങയ്ക്ക് കിലോഗ്രാമിന് 55 രൂപയാണ് വില. കടകളിലെ ചില്ലറവില്‍പ്പനവില പിന്നെയും കൂടും. 5,500 രൂപ വിലവരുന്ന 100 കിലോ പച്ചത്തേങ്ങയില്‍നിന്ന് കിട്ടുക 30 കിലോ കൊപ്രയാണ്. കിലോയ്ക്ക് 155 രൂപവെച്ച് 30 കിലോ കൊപ്രയ്ക്ക് 4,650 രൂപ വിലവരും. 30കിലോ കൊപ്രയില്‍നിന്ന് ശരാശരി 19 കിലോ എണ്ണ കിട്ടും. കിലോയ്ക്ക് 280 രൂപയാണ് മില്ലുകളില്‍ വെളിച്ചെണ്ണവില. ഇതുപ്രകാരം 19കിലോ വെളിച്ചെണ്ണയുടെ വില 5,320 രൂപ. അതായത് 5,500 രൂപയുടെ തേങ്ങ കൊപ്രയാക്കി ആട്ടിയാല്‍ കിട്ടുന്നത് 5,320 രൂപയുടെ എണ്ണമാത്രം.
ഒരുകിലോ ചിരട്ടയ്ക്ക് 15 രൂപയും പിണ്ണാക്കിന് 30രൂപയും തേങ്ങയുടെ ഒരു തൊണ്ടിന് 60 പൈസയും ഇതിനുപുറമേ കിട്ടുന്നതാണ് ഉത്പാദകരുടെ ലാഭം. വെളിച്ചെണ്ണയുടെ ഉത്പാദനച്ചെലവുമായി പൊരുത്തപ്പെടാത്ത വിലയാണ് കേരളത്തിലെ വിപണിയില്‍. മൊത്തവില 240 രൂപയെന്നാണ് വിപണിയിലെ കണക്ക്. 220 രൂപമുതല്‍ പായ്ക്കറ്റ് വെളിച്ചെണ്ണ കടകളില്‍ കിട്ടും. ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് കിലോഗ്രാമിന് കുറഞ്ഞത് 300 രൂപയെങ്കിലും വിലവരുമെന്നാണ് ചെറുകിട ഉത്പാദകര്‍ പറയുന്നത്. വന്‍കിടക്കാര്‍ക്ക് തേങ്ങയോ കൊപ്രയോ പഴയ സ്റ്റോക്കുണ്ടെങ്കില് ഇതില്‍നിന്ന് പരമാവധി 25 രൂപവരെ കുറച്ച് വില്‍ക്കാനാവും.
മായംചേര്‍ക്കാന്‍ കുറഞ്ഞ എണ്ണയും പാരഫിനും
പാംകേര്‍ണല്‍ ഓയില്‍, ആര്ജിമോണ് ഓയില്‍, പരുത്തിക്കുരു എണ്ണ, നിലക്കടലയെണ്ണ, പാരഫിന്‍ ഓയില്‍ എന്നിവയെല്ലാം വെളിച്ചെണ്ണയിലും സൂര്യകാന്തി എണ്ണയിലും മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. മായംചേര്‍ത്ത ബ്രാന്‍ഡുകള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് സാമ്പിള്‍ പരിശോധനയിലൂടെ കണ്ടെത്തി നിരോധിക്കാറുണ്ട്. ബ്രാന്‍ഡും പേരുംമാറ്റി ഇവ വീണ്ടും വിപണിയിലെത്തും. കേരഫെഡിന്റെ കേര വെളിച്ചെണ്ണയോട് സാമ്യമുള്ള പേരില്‍ 62 ബ്രാന്‍ഡുകളാണ് അടുത്തിടെ കണ്ടെത്തിയത്.ചട്ടിയില്‍ ചൂടാക്കുമ്പോള്‍ പെട്ടെന്ന് കരിഞ്ഞമണം വന്നാല്‍ മായം സംശയിക്കാം. കുറച്ച് വെളിച്ചെണ്ണ ഗ്ലാസില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ വെച്ചാല്‍ വെളിച്ചെണ്ണമാത്രം കട്ടിയാവുകയും മറ്റുള്ള എണ്ണയുണ്ടെങ്കില്‍ വേറിട്ട് നില്‍ക്കുകയും ചെയ്യും
Content Highlights: Coconut Oil Price Hike: Kerala Market Trends
Published: 10 Feb 2025, 01:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented