നമ്മളില്‍ പലരേയും അലട്ടുന്ന പ്രശ്നമാണ് അടിവയറ്റില്‍ കൊഴുപ്പടിയുന്നത്. ഭക്ഷണരീതികളും ജീവിതശൈലിയുമെല്ലാം ഇതിന് കാരണമാണ്. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും ഇതിനെ പ്രതിരോധിക്കാന്‍ കഴിയും. അടിവയറ്റില്‍ കൊഴുപ്പടിയുന്നതും വയര്‍ ചാടുന്നതുമായ പ്രശ്‌നങ്ങളുള്ളവര്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ഭക്ഷണമാണ് ചിയ വിത്തുകള്‍.

To advertise here,

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഇത് സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീനുകള്‍, മിനറലുകള്‍ എന്നിവയുടെ കലവറയാണ് ഇത്.  കൂടാതെ ഫൈബറും കാത്സ്യവും സിങ്കും ഇരുമ്പും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വയര്‍ വേഗം നിറയുന്നതിന് കാരണമാകും. അധികഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം കുറയ്ക്കുന്നതിനും ഗുണം ചെയ്യും. അതിനൊപ്പം വയര്‍ കുറയ്ക്കാനും സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ചിയ വിത്തുകള്‍ സഹായിക്കും. കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയതാണ് ചിയ വിത്തുകള്‍. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ ചിയ സീഡ്സ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. 

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും സഹായകമാണിത്. പ്രോട്ടീന്‍, കാര്‍ബോ, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ അടങ്ങിയ ചിയ വിത്തുകള്‍ രാവിലെ  കഴിക്കുന്നത്  നല്ല ഊര്‍ജം ലഭിക്കുന്നതിന് ഗുണം ചെയ്യും.

വിശപ്പ് കുറയ്ക്കാന്‍ ചിയ വിത്തുകള്‍ കൊണ്ടുള്ള പാനീയം തയ്യാറാക്കാം. അതിനായി ആദ്യം വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍  ചിയ വിത്തുകള്‍ ഇട്ടുകൊടുക്കണം. ഇനി ഇതിലേയ്ക്ക് മൂന്ന് തുള്ളി നാരങ്ങാനീര് കൂടി ചേര്‍ത്തിളക്കാം. ഇവ എന്നും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും.

( ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)