
മിക്കയാളുകള്‍ക്കും ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണമാണ് ഇടിയപ്പം. അതിന്റെ കൂടെ സ്റ്റൂ കൂടിയുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. മലയാളികള്‍ക്ക് മാത്രമല്ല, പുറംനാട്ടുകാര്‍ക്കും ഈ ഭക്ഷണത്തോട് ഒരു ഇഷ്ടമുണ്ട്. അത്തരത്തില്‍ തന്റെ പ്രിയപ്പെട്ട ഭക്ഷണമായ ഇടിയപ്പവും വെജിറ്റബ്ള്‍ സ്റ്റൂവും ഉണ്ടാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി സമീറ റെഡ്ഡി. ഇതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം ഇതുണ്ടാക്കാനുള്ള റെസിപ്പിയും പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ സമീറയുടെ ഭര്‍ത്താവിന്റെ അമ്മയും സോഷ്യല്‍ മീഡിയ താരവുമായ മഞ്ജരി വര്‍ദയേയും കാണാം.
മഞ്ജരി സാരി ധരിച്ചുനില്‍ക്കുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ വസ്ത്രം ധരിച്ചതെന്ന് സമീറ ചോദിക്കുമ്പോള്‍ വര്‍ഷത്തില്‍ ഒരു ദിവസം മരുമകള്‍ ഭക്ഷണം തയ്യാറാക്കുന്ന ദിവസമാണ് ഇന്നെന്നും തനിക്ക് ഇടിയപ്പവും സ്റ്റൂവും തയ്യാറാക്കി തരാമെന്ന് വാക്കുനല്‍കിയിട്ടുണ്ടെന്നും മഞ്ജരി പറയുന്നു, തുടര്‍ന്ന് സമീറ ഇടിയപ്പവും സ്റ്റൂവും തയ്യാറാക്കുന്ന ദൃശ്യങ്ങളാണ് കാണിക്കുന്നത്. കറിക്കായി കാരറ്റും ബീന്‍സും കോളിഫ്‌ളവറും അരിഞ്ഞു വെച്ചിരിക്കുന്നത് കാണാം. എന്നാല്‍ അത് സമീറയല്ല അരിഞ്ഞതെന്ന് വീഡിയോയില്‍ മഞ്ജരി തമാശരൂപത്തില്‍ പറയുന്നുണ്ട്. അത് സമീറ സമ്മതിക്കുന്നുമുണ്ട്.
ചൂടായ പാനിലേക്ക് എണ്ണയൊഴിച്ചശേഷം ഏലയ്ക്ക, ഗ്രാമ്പൂ, പട്ട എന്നിവയും കൂടെ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയും ചേര്‍ത്തുകൊടുക്കുന്നു. ഇവ നന്നായി വഴറ്റിയശേഷം അതിലേക്ക് ഗ്രീന്‍പീസും നേരത്തെ അരിഞ്ഞുവെച്ച പച്ചക്കറികളും ചേര്‍ക്കുന്നു. വെള്ളം കൂടി ഒഴിച്ച് മൂടിവെച്ച് പച്ചക്കറികള്‍ വേവുന്നതിനായി കാത്തിരിക്കുന്നു. പിന്നീട് തേങ്ങാപാല്‍ കൂടി ചേര്‍ക്കുന്നത് കാണിക്കുന്നു.
ഇതിനിടയില്‍ ഇടിയപ്പം തയ്യാറാക്കുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച്, കുറച്ച് എണ്ണ ആ വെള്ളത്തിലേക്ക് ഒഴിക്കുന്നു. തുടര്‍ന്ന് അരിപ്പൊടി വറുക്കുന്നതും തിളച്ച വെള്ളത്തിലേക്ക് ആ പൊടിയിട്ട് നല്ലതുപോലെ ഇളക്കി കുഴച്ചെടുക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് ഇത് സേവനാഴിയിലേക്ക് നിറയ്ക്കുന്നതും അതു ചുറ്റിച്ച് ഇടിയപ്പമുണ്ടാക്കുന്നതും കാണാം. നൂഡില്‍സ് പോലെയുള്ള ഈ ഇടിയപ്പം ഇനി ആവിയില്‍ വേവിച്ചെടുക്കാമെന്നും സമീറ വീഡിയോയില്‍ പറയുന്നുണ്ട്.
അവസാനം ഇത് പാത്രത്തിലേക്ക് വിളമ്പി മഞ്ജരിക്ക് നല്‍കുന്നു. ഈ ഇടിയപ്പവും സ്റ്റൂവും തന്റെ മകള്‍ നൈറയ്ക്ക് ഒരുപാടിഷ്ടമാണെന്നും അവള്‍ക്ക് ഉണ്ടാക്കി കൊടുക്കാറുണ്ടെന്നും വീഡിയോയില്‍ സമീറ പറയുന്നു.
Content Highlights: actress sameera reddy makes south indian meal idiyappam and veg stew
Published: 06 Dec 2023, 09:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented