വീട്ടില്‍ ഭക്ഷണം പാകംചെയ്യാനുള്ള സമയം കിട്ടിയില്ലെങ്കില്‍ പഴങ്ങള്‍ കഴിച്ച് വിശപ്പടക്കുന്നവരാണ് പലരും. മാമ്പഴം, ഓറഞ്ച്, തണ്ണിമത്തന്‍, ചക്ക, മുന്തിരി, ഏത്തപ്പഴം അങ്ങനെ ഒരുപാട് പഴങ്ങള്‍ നമുക്കുചുറ്റുമുണ്ട്. പഴങ്ങള്‍മാത്രം കഴിച്ച് ശരീരഭാരം കുറയ്ക്കാനാകും എന്നധാരണയില്‍ അവ മാത്രം ഡയറ്റിലുള്‍പ്പെടുത്തുന്നവര്‍ ചെയ്യുന്നവര്‍ വിരളമല്ല. എന്നാല്‍ പഴങ്ങള്‍മാത്രം കഴിച്ച് ശരീരഭാരം കുറയ്ക്കാനാകുമെന്നത് ഒരു തെറ്റായ ധാരണയാണ്. പഴങ്ങള്‍ ഇഷ്ടമുള്ളതിനാല്‍ അവ എന്നും കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. പഴങ്ങള്‍ മാത്രം കഴിക്കുന്നതുകാരണം ശരീരത്തിന്റെ ഭാരം കൂടുന്നത് എങ്ങനെയാണെന്ന് നോക്കാം. 

To advertise here,

പഴങ്ങള്‍ കഴിക്കുന്നതുകൊണ്ട് ദോഷമൊന്നുമില്ലെങ്കിലും എന്നും പഴങ്ങള്‍മാത്രം കഴിക്കുന്നത് പ്രശ്നമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റേയും ഇന്‍സുലിന്റെയും അളവ് വളരെ പെട്ടെന്ന് വര്‍ധിപ്പിക്കുന്നു. മാത്രമല്ല കരളില്‍ കൂടുതല്‍ കൊഴുപ്പ് അടിയുന്നതിനും കാരണമാകുന്നു. പഴങ്ങള്‍ മാത്രം കഴിക്കുമ്പോള്‍ വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകളെ തൃപ്തിപ്പെടുത്താന്‍ സാധിക്കാത്തതിനാല്‍ ഇടയ്ക്കിടെ വിശപ്പ് തോന്നുകയും ചെയ്തേക്കാം. 

എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് എന്ന് നോക്കാം
പഴങ്ങളില്‍ ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ പ്രകൃതിദത്തമായ മധുരങ്ങള്‍ അടങ്ങിയിട്ടുണ്ട്. അധികമായി പഴങ്ങള്‍ കഴിക്കുമ്പോള്‍ ഇത് കൊഴുപ്പായി സംഭരിക്കപ്പെടുന്നു. ഇതുകൂടാതെ പഴങ്ങളില്‍ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കുറവാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് വിശപ്പ് തോന്നുകയും വീണ്ടും വീണ്ടും ഭക്ഷണം കഴിക്കാന്‍ പ്രേരണയാവുകയും ചെയ്യുന്നു. 

അതുപോലെ പഴങ്ങള്‍കൊണ്ട് ജ്യൂസ് തയ്യാറാക്കി കഴിക്കുന്നതും അത്ര നല്ല കാര്യമല്ല. കാരണം ജ്യൂസില്‍ പഞ്ചസാരയും കലോറിയും കൂടുതലാണ്. പഴങ്ങള്‍ ജ്യൂസ് ആക്കുമ്പോള്‍ അതിലെ ഫൈബര്‍ നഷ്ടപ്പെടുന്നു. 

ശരീരഭാരം കുറയ്ക്കാന്‍ എന്തുചെയ്യണം? 
ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സമീകൃതാഹാരമാണ്. കൂടാതെ ഭക്ഷണ നിയന്ത്രണം, ഭക്ഷണ സമയം എന്നിവയുംകൂടിയാണ് ശരീരഭാരത്തില്‍ മാറ്റം വരുത്താന്‍ സഹായിക്കുന്നത്. 

പഴങ്ങള്‍ കഴിക്കാന്‍ ഏതാണ് നല്ല സമയം
പഴങ്ങള്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ അതുകഴിക്കുന്ന സമയവും ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തിന് തൊട്ടുപിന്നാലെ പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം. കാരണം അങ്ങനെ ചെയ്യുമ്പോള്‍ ദഹനം ശരിയാകില്ല. ഇതേതുടര്‍ന്ന് പോഷകങ്ങള്‍ ശരിയായി ആഗിരണം ചെയ്യപ്പെടാതെ പോകുന്നു. ഭക്ഷണത്തിനും പഴങ്ങള്‍ കഴിക്കുന്നതിനും ഇടയില്‍ കുറഞ്ഞത് 30 മിനിറ്റെങ്കിലും ഇടവേള നല്‍കണം. 

രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച്ചതിനുശേഷം പഴങ്ങള്‍ കഴിക്കുന്നതാണ് ഉത്തമമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ വിഷാംശം നീക്കാന്‍ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാനും മറ്റ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഊര്‍ജം നല്‍കുകയും ചെയ്യും. രാവിലെയും പ്രഭാതഭക്ഷണത്തിനും ഉച്ചയൂണിനുമിടയിലുള്ള സമയത്തും വൈകുന്നേരവും പഴങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. 

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങള്‍
തണ്ണിമത്തന്‍

100 ഗ്രാം തണ്ണിമത്തനില്‍ 30 കലോറി ഊര്‍ജമാണുള്ളത്. ധാരാളം ജലാംശമടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു. 

പേരക്ക
ധാരാളം ഫൈബറും കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്‌സുമുള്ള പഴമാണ് പേരക്ക. ഇത് മലബന്ധം തടയും. മെറ്റബോളിസം ഉത്തേജിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. 

ഓറഞ്ച്
പോഷകസമൃദ്ധവും കലോറി കുറഞ്ഞതുമായ പഴമാണിത്. ഇവയിലടങ്ങിയ ഫൈബര്‍ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. 

ബ്ലൂബെറീസ്
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ബ്ലൂബെറീസ് മെറ്റബോളിസം കൂട്ടുന്നു. ഇത് ദിവസവും കഴിക്കുന്നത് ഇന്‍സുലിന്‍, കൊളസ്‌ട്രോള്‍ എന്നിവയെ പ്രതിരോധിക്കുന്നു. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)