നമ്മള്‍ കഴിക്കുന്ന ആഹാരമാണ് ശരീരത്തിന്റെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്.എപ്പോഴും ജലദോഷവും തുമ്മലും മാറാത്ത പലരും നമ്മുക്കിടയിലുണ്ട്. രോഗപ്രതിരോധശേഷി കുറയുന്നതാണ് ഇതിന്റെ കാരണം. ഇത്തരത്തിലുള്ളവര്‍ പോഷകങ്ങള്‍ അടങ്ങിയ ആഹാരം ഡയറ്റിലുള്‍പ്പെടുത്തേണ്ടത് വളറെ അത്യാവശ്യമാണ്. കൂടാതെ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുകയും വേണം. രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

To advertise here,

രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ട ഒന്നാണ് ആപ്പിള്‍.  ആന്റി ഓക്സിഡന്റുകളും ഫൈബറും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഇഞ്ചി കഴിക്കുന്നതും വളരെ നല്ലതാണ്. ഇതില്‍ ജിഞ്ചറോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ നിലനിര്‍ത്താന്‍ സഹായിക്കും. മാതള നാരങ്ങയും ഡയറ്റില്‍ പതിവാക്കാം. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും  അണുബാധകളില്‍ നിന്ന് ശരീരത്തെ സംരംക്ഷിക്കുകയും ചെയ്യും.

മത്തങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വളരെ നല്ലതാണ്. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. മത്തങ്ങ കൊണ്ട് സൂപ്പ്, സ്മൂത്തികള്‍ തുടങ്ങിയവയുണ്ടാക്കി കഴിക്കുന്നതും വളരെ നല്ലതാണ്.

രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്ന പ്രകൃതിദത്ത സംയുക്തങ്ങള്‍  അടങ്ങിയതാണ് വെളുത്തുള്ളി. ഇത് അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കും. അതിനാല്‍ വെളുത്തുള്ളി നിങ്ങളുടെ ഡയറ്റില്‍ പതിവാക്കാം.

ബീറ്റാ കരോട്ടിന്‍ തുടങ്ങിയ ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ മധുരക്കിഴങ്ങ് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും. മഞ്ഞളും രോഗപ്രതിരോധശേഷി കൂട്ടാന്‍ നല്ലതാണ്. ഇതില്‍ കാണപ്പെടുന്ന  കുര്‍ക്കുമിന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക)