
തെരുവില്‍ പഴക്കച്ചവടം ചെയ്ത് ജീവിച്ച അച്ഛനൊപ്പം കച്ചവടത്തിനെത്തിയ ഒരു ചെറുപ്പക്കാരന്‍.. പഴങ്ങളോടുള്ള അവന്റെ പ്രണയം പതിയെ ഐസ്‌ക്രീം ബിസിനസെന്ന ആശയമായി മുളപൊട്ടുന്നു. പ്രതീക്ഷകള്‍ കൊണ്ട് നട്ടുവളര്‍ത്തിയ ആ ബിസിനസ്സ് ഐഡിയയുമായി അയാള്‍ നേരെ വണ്ടി കയറിയത് ബോംബെയിലേക്ക്, അവിടെ തെരുവുകളിലൊന്നില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നു. പിന്നീടുണ്ടായത് ചരിത്രം.. പ്രായഭേദമന്യേ നമ്മളെല്ലാവരും ഇഷ്ടരുചിയിലേക്ക് ചേര്‍ത്തുവെച്ച നാച്ചുറല്‍സ് ഐസ്‌ക്രീമിന്റെ ജൈത്രയാത്ര തുടങ്ങുന്നത് ആ തെരുവിലെ പാവ്ഭാജി സ്റ്റാളില്‍ നിന്നാണ്. ജുഹുവിലെ ആ തെരുവില്‍ നിന്ന് ബിസിനസ്സിന്റെ വലിയ ലോകത്തേക്ക് അവന്‍ പതിയെ ചുവടുവെച്ചു. ഇന്ന് 400 കോടി ആസ്തിയുള്ള ഐസ്‌ക്രീം സാമ്രാജ്യത്തിന്റെ അമരക്കാരനായ ആ പതിനാലുകാരന്റെ പേരാണ് രഘുനന്ദന്‍ ശ്രീനിവാസ് കമ്മത്ത്. ഫ്രഷ് പഴങ്ങൾ ഉപയോഗിച്ച് നിന്ന് ഐസ്‌ക്രീം നിര്‍മിച്ച് ഇന്ത്യയ്ക്ക് പുതുരുചി സമ്മാനിച്ച രഘുനന്ദന്‍ കമ്മത്ത് ഇന്ത്യയുടെ ഐസ്‌ക്രീം മാന്‍ എന്നാണ് അറിയപ്പെടുന്നത്.
കര്‍ണാടക മംഗലാപുരത്തെ പുത്തൂരില്‍ ഒരു സാധാരണക്കാരനായ പഴക്കച്ചവടക്കാരന്റെ ഏഴ് മക്കളിലൊരാളായാണ് രഘുനന്ദന്റെ ജനനം. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ കുടുംബത്തിലെ എല്ലാ കുട്ടികള്‍ക്കും സ്കൂളില്‍ പോകാനോ വിദ്യാഭ്യാസം നേടാനോ ഒന്നും സാധിച്ചിരുന്നില്ല. അതിനാല്‍ ചെറുപ്പം മുതലേ പിതാവിനൊപ്പം പഴക്കച്ചവടത്തിനായി കുഞ്ഞുകമ്മത്തും പോയി. അതുകൊണ്ട് നന്നേ ചെറുപ്പത്തില്‍ തന്നെ പഴുത്ത പഴങ്ങള്‍ നോക്കി പറിക്കാനും തരംതിരിക്കാനും സൂക്ഷിച്ചുവെയ്ക്കാനുമെല്ലാം പഠിച്ചുകൊണ്ട് രഘുനന്ദന്‍ കമ്മത്ത് പഴങ്ങളുടെ ലോകവുമായി പരിചയത്തിലായി. അങ്ങനെയിരിക്കെയാണ്എന്തുകൊണ്ട് പഴങ്ങളുടെ പള്‍പ്പ് നേരിട്ടുപയോഗിച്ച് ഐസ്‌ക്രീം ഉണ്ടാക്കിക്കൂടേ എന്ന ചോദ്യത്തിലേക്ക് അവനെ എത്തിച്ചത്. ആ ചോദ്യത്തിനുത്തരമാണ് നാം ഇന്ന് കാണുന്ന 'നാച്ചുറല്‍സ്' എന്ന ഐസ്‌ക്രീം ബ്രാന്‍ഡ്. ബിസിനസ്സ് മോഹം മനസ്സിലെത്തിയപ്പോള്‍ 1984ല്‍ തന്റെ പതിനാലാം വയസ്സില്‍ വിദ്യാഭ്യാസം പോലും ഉപേക്ഷിച്ചാണ് പുതിയ ബിസിനസ്സ് ആശയവുമായി ബോംബെയിലേക്ക് കമ്മത്ത് വണ്ടി കയറിയത്. കുറച്ചുകാലം സഹോദരന്‍ നടത്തുന്ന 'ഗോകുല്‍ റിഫ്രഷ്‌മെന്റ്' എന്ന ഹോട്ടലില്‍ സഹായി ആയി ജോലിനോക്കി. പിന്നീട് സ്വന്തമായി ബിസിനസ്സ് ചെയ്യാന്‍ ആരംഭിച്ചു. ഉത്തരേന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട പാവ് ഭാജി വില്‍പന നടത്തിക്കൊണ്ടായിരുന്നു തുടക്കം. അതിനൊപ്പം താന്‍ സ്വന്തമായി നിര്‍മിക്കുന്ന ഐസ്‌ക്രീമും വില്‍പന നടത്താന്‍ ആരംഭിച്ചു. പഴങ്ങളും പള്‍പ്പ് ഉപയോഗിച്ച് സ്വന്തമായി നിര്‍മിക്കുന്നതായിരുന്നു കമ്മത്ത് വില്‍പന നടത്തിയിരുന്ന ഐസ്‌ക്രീം. ഐസ്‌ക്രീമുകളില്‍ ഫ്‌ളേവറുകള്‍ അധികം പ്രചരിച്ചിട്ടില്ലാത്ത കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ അന്ന് മാര്‍ക്കറ്റിന് വളരെ പുതിയ രുചിയായിരുന്നു കമ്മത്ത് നിര്‍മിച്ച ഐസ്‌ക്രീം. പാല്‍, പഴങ്ങളുടെ പള്‍പ്പ്, പഞ്ചസാര എന്നിങ്ങനെ വെറും മൂന്ന് ചേരുവകള്‍ മാത്രം ചേര്‍ത്തായിരുന്നു കമ്മത്ത് ഐസ്‌ക്രീം ഉണ്ടാക്കിയത്. പാവ് ബജിയും ഐസ്‌ക്രീമും ഒരുമിച്ച് വില്‍ക്കുന്ന ഐഡിയ ഒരിക്കലും വിജയിക്കില്ലെന്നായിരുന്നു അന്ന് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ചൂടും എരിവമുള്ള പാവ്ഭാജിക്കൊപ്പം തണുത്ത, മധുരമുള്ള ഐസ്‌ക്രീം കൊടുക്കാനുള്ള കമ്മത്തിന്റെ ഐഡിയ ഫലം കണ്ടു.
തന്റെ ഉദ്യമം വിജയിക്കുമോ എന്ന് യാതൊരു ഉറപ്പുമില്ലാതെയാണ് ബിസിനസ്സ് ആരംഭിച്ചത്. എന്നാല്‍ താന്‍ ഉണ്ടാക്കുന്ന ഐസ്‌ക്രീം ഒരുതവണ രുചിച്ചുനോക്കിയാല്‍ ആ രുചി തേടി ആളുകള്‍ വീണ്ടും വരുമെന്ന കാര്യം കമ്മത്തിന് ഉറപ്പായിരുന്നു. കമ്മത്തിന്റെ പ്രതീക്ഷ തെറ്റിയില്ല, പഴങ്ങളുടെ അസ്സല്‍ രുചിയുള്ള ഐസ്‌ക്രീം തേടി കൂടുതല്‍ ആളുകള്‍ എത്താന്‍ ആരംഭിച്ചതോടെ ബിസിനസ്സ് പച്ചപിടിക്കാൻ തുടങ്ങി. കച്ചവടം മെച്ചപ്പെട്ടതോടെ കമ്മത്ത് ബോംബെയിലെ ജുഹുവില്‍ സ്വന്തമായി ഒരു ഐസ്‌ക്രീം പാര്‍ലര്‍ ആരംഭിച്ചു. മൂന്നരലക്ഷം രൂപ ചെലവില്‍ 1984ല്‍ സ്ഥാപിച്ച ആദ്യ പാര്‍ലറില്‍ അന്ന് വെറും 12 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് പാര്‍ലര്‍ പ്രവര്‍ത്തിക്കാനാരംഭിച്ചു. സീതാപ്പഴം, കശുവണ്ടി-ഉണക്കമുന്തിരി, മാങ്ങ, ചോക്ലേറ്റ്, സ്‌ട്രോബറി എന്നിങ്ങനെ 5 വ്യത്യസ്ത രുചികളിലുള്ള ഐസ്‌ക്രീമുകളായിരുന്നു തുടക്കത്തില്‍ പാര്‍ലറില്‍ ലഭ്യമായിരുന്നത്. ചെറിയ കാലങ്ങള്‍ക്കുള്ളില്‍ തന്നെ കമ്മത്തിന്റെ പാര്‍ലര്‍ പേരും പെരുമയും നേടിയെടുത്തു. ജുഹു സ്ട്രീറ്റിലെ കമ്മത്തിന്റെ ഐസ്‌ക്രീം പാര്‍ലര്‍ നേടി മുംബൈയുടെ നാനാഭാഗത്ത് നിന്നും ആളുകളെത്തി തുടങ്ങി. ഐസ്‌ക്രീം ഓഫ് ജുഹു സ്‌കീം എന്നാണ് കമ്മത്തിന്റെ പാര്‍ലര്‍ അറിയപ്പെട്ടിരുന്നത്. ഒരു ഘട്ടത്തില്‍ ഐസ്‌ക്രീം പാര്‍ലറിലെത്തുന്ന ആള്‍ക്കാരുടെ തിരക്ക് കാരണം ജുഹു ലെയ്‌നില്‍ ട്രാഫിക് ജാം പോലും അനുഭവപ്പെട്ടുതുടങ്ങി. തിക്കും തിരക്കും കൂട്ടിയെത്തുന്ന ആളുകള്‍ ഒരു തരത്തില്‍ കമ്മത്തിന്റെ സ്വന്തം ഐസ്‌ക്രീമിനുള്ള അംഗീകാരമായിരുന്നു.
വെറും 200 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലറില്‍ നിന്ന് ആദ്യ രണ്ട് വര്‍ഷം കൊണ്ട് കമ്മത്ത് നേടിയെടുത്ത ലാഭം അഞ്ച് ലക്ഷമായിരുന്നു. പതിയെ പാവ്ബജി വില്‍പന കമ്മത്ത് അവസാനിപ്പിക്കുകയും പൂര്‍ണസമയം ഐസ്‌ക്രീം ബിസിനസ്സിലേക്ക് തിരിയുകയും ചെയ്തു. 1994ല്‍ മുംബൈയില്‍ അഞ്ച് ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കാന്‍ കമ്മത്തിന് സാധിച്ചു. അതോടെ അഞ്ചില്‍ നിന്നും 12 ഫ്ലേവറുകളിലാണ് ഐസ്ക്രീം ഫ്ലേവറുകളുടെ എണ്ണം വര്‍ധിച്ചു.
നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കമ്മത്തിന്റെ ഐസ്‌ക്രീമിന്റെ ഖ്യാതി പടര്‍ന്നു. അതിനിടെ ഐസ്‌ക്രീം ശേഖരിച്ചുവെയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള തെര്‍മോകോള്‍ പെട്ടികള്‍ കമ്മത്ത് ഉണ്ടാക്കിയെടുത്തു. ഇത്തരം പെട്ടികള്‍ രാജ്യത്ത് തന്നെ ആദ്യമായി പുറത്തിറക്കിയത് കമ്മത്തായിരുന്നു. ഐസ്‌ക്രീം നല്‍കിയ വിജയം ബിസിനസ്സ് വളര്‍ത്തി. ഫ്ലേവറുകളില്‍ കൂടുതല്‍ പുതിയ പരീക്ഷണങ്ങളും അദ്ദേഹം നടത്തി. പഴങ്ങള്‍ നേരിട്ടുപയോഗിച്ച് നിര്‍മിക്കുന്നതിനാല്‍ നാച്ചുറല്‍സ് എന്ന പേരും ഐസ്‌ക്രീമിന് നല്‍കി.
കമ്മത്ത് തുടങ്ങിവെച്ച ബിസിനസിലേക്ക് പിന്നീട് ഭാര്യ അന്നപൂര്‍ണയും മക്കളായ സിദ്ധാര്‍ഥും ശ്രീനിവാസും എത്തിച്ചേര്‍ന്നിരുന്നു. 2020ഓടെ തന്നെ ഇന്ത്യയിലെമ്പാടും സ്‌റ്റോറുകള്‍ തുറക്കാന്‍ നാച്ചുറല്‍സിന് കഴിഞ്ഞു. ഇന്ന് രാജ്യത്തെ 15 സംസ്ഥാനങ്ങളിലായി 170 ഓളം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളാണ് നാച്ചുറല്‍സിനുള്ളത്. ഏതാണ്ട് 125ല്‍ ഓളം ഫ്‌ളേവറുകളില്‍ നാച്ചുറല്‍സ് ഐസ്‌ക്രീം പുറത്തിറക്കുന്നുണ്ട്. ഇതില്‍ 20 ഫ്‌ളേവറുകള്‍ എല്ലാ സീസണിലും ലഭ്യമായവയാണ്. ടേസ്റ്റ് അറ്റ്‌ലസ് പുറത്തിറക്കി ലോകത്തെ ഏറ്റവും മികച്ച 100 ഐസ്‌ക്രീം രുചികളില്‍ നാച്ചുറല്‍സിന്റെ ടെണ്ടര്‍ കോക്കനട്ട് ഫ്‌ളേവറും ഇടം നേടിയിരുന്നു. കെ.പി.എ.ജി 2018ല്‍ നടത്തിയ സര്‍വേയില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഐസ്‌ക്രീം ബ്രാന്‍ഡുകളിലും നാച്ചുറല്‍സ് ഉള്‍പ്പെട്ടിട്ടുണ്ട്. കൃത്രിമ രുചിയില്ലാതെ പ്രകൃതിദത്ത ചേരുവകളില്‍ നിന്ന് നിര്‍മിക്കുന്ന ഐസ്‌ക്രീം എന്നാണ് പുറത്തിറക്കുന്ന ഐസ്‌ക്രീമുകളെ കുറിച്ച് നാച്ചുറല്‍സ് അവകാശപ്പെടുന്നത്. തുടക്കത്തില്‍ വെറും 12 കിലോഗ്രാം ഐസ്‌ക്രീം നിര്‍മിച്ചിരുന്ന നാച്ചുറല്‍സ് ഇന്ന് ഏകദേശം 25 ടണ്‍ ഐസ്‌ക്രീം ആണ് പ്രതിദിനം ഉണ്ടാക്കുന്നത്. 12 ജീവനക്കാരില്‍ ആരംഭിച്ച കമ്പനിയില്‍ ഇന്ന് അയ്യായിരത്തോളം പേരാണ് തൊഴിലെടുക്കുന്നത്.
കമ്മത്ത്‌സ് ഔവര്‍ടൈമസ് ഐസ്‌ക്രീംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിര്‍മിക്കുന്ന ഐസ്‌ക്രീം ഉപകമ്പനിയായ കമ്മത്ത്‌സ് നാച്ചുറല്‍ റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് വില്‍പന നടത്തുന്നത്. ടേസ്റ്റ് ദി ഒറിജിനല്‍ എന്ന പരസ്യവാചകം 2017ലാണ് നാച്ചുറല്‍സ് ഐസ്‌ക്രീം കമ്പനി പുറത്തിറക്കിയത്. ഇന്ന് 400 കോടി രൂപയുടെ വരുമാനമാണ് പ്രതിവര്‍ഷം കമ്പനി നേടുന്നത്.
Content Highlights: story behind natural ice cream Ice cream man of India’ Raghunandan Kamath
Published: 19 May 2024, 03:02 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented