തളാപ്പ് മുതല്‍ താഴെചൊവ്വവരെ നഗരം ചുറ്റിയുള്ള യാത്രയില്‍ എത്രയെത്ര ബേക്കറികളാണ് കണ്‍മുന്നില്‍. മധുരവും എരിവും ഉപ്പും രുചിമുകുളങ്ങളെ ഉണര്‍ത്തുന്ന വഴികള്‍. ഒരേപേരിലുള്ള ഒന്നിലേറെ ബേക്കറികള്‍. കേക്കുകള്‍ക്കായി പ്രത്യേകം കടകള്‍. കാഴ്ചയില്‍ വ്യത്യസ്തത പുലര്‍ത്തുന്നവ. ഒന്നുനോക്കാതെ പോകുന്നവര്‍ കുറവ്. ജീവിതത്തില്‍ ഒരുതവണയെങ്കിലും കയറാത്തവര്‍ ഉണ്ടാകില്ല നഗരത്തിലും പരിസരങ്ങളിലും. അതാണ് കണക്കുകളും സൂചിപ്പിക്കുന്നത്.

To advertise here,

വീടുകളിലേക്കും സുഹൃദ്‌സന്ദര്‍ശനത്തിന് പോകുമ്പോഴും വാങ്ങുന്നവരുണ്ട്. വിശേഷദിവസങ്ങളില്‍ കേക്ക് വാങ്ങുന്നവരുടെ എണ്ണവും നന്നായി കൂടി. അതിനാലാണല്ലോ ഇത്രയും കടകള്‍ കോര്‍പ്പറേഷന്‍ പരിധിക്കുള്ളില്‍ നിലനില്‍ക്കുന്നത്. കഴിക്കുന്നയാളുകളുടെ എണ്ണം കൂടുന്നുണ്ടെന്നും ഉറപ്പ്. പലഹാരങ്ങള്‍ക്ക് ആവശ്യമായ ചേരുവകള്‍ വില്‍ക്കുന്ന രണ്ട് സ്ഥാപനങ്ങളും നഗരത്തിലുണ്ട്. കക്കാട്ടും തളാപ്പിലുമായാണിവ പ്രവര്‍ത്തിക്കുന്നത്.

നഗരപരിധിയില്‍ 54 എണ്ണം

കോര്‍പ്പറേഷന്‍ പരിധിയില്‍മാത്രം 133 ബേക്കറികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതുകൂടാതെ മറ്റ് കടകളായി തുടങ്ങി പിന്നീട് ബേക്കറി സാധനങ്ങള്‍ വില്‍ക്കുന്നവയുമുണ്ട് പഴയ നഗരസഭാ പരിധിയില്‍, അതായത് കണ്ണൂര്‍ നഗരത്തില്‍ 54 ബേക്കറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കോര്‍പ്പറേഷന്റെ കണക്ക്. 68,059 വീടുകളുള്ള കോര്‍പ്പറേഷനില്‍ 2011-ലെ സെന്‍സസ് അനുസരിച്ച് 2,32,486 ആണ് ജനസംഖ്യ.

മറ്റ് നഗരസഭകളില്‍ ഇങ്ങനെ

പാനൂര്‍- 31
കൂത്തുപറമ്പ്- 42
പയ്യന്നൂര്‍ -40
ശ്രീകണ്ഠപുരം-36
ആന്തൂര്‍- 26
തലശ്ശേരി- 118
തളിപ്പറമ്പ് -61
ഇരിട്ടി -65

എന്തുകൊണ്ട് ബേക്കറി

  • രുചിഭേദങ്ങളോടുള്ള ഇഷ്ടം
  • മാറുന്ന ജീവിതശൈലി
  • പരമ്പരാഗത ഭക്ഷണങ്ങളോടുള്ള താത്പര്യക്കുറവ്
  • കഴിക്കാന്‍ തയ്യാറായ ഭക്ഷണത്തിനുള്ള ആവശ്യം
  • ന്യായമായ വിലയ്ക്ക് കിട്ടുന്നത്
  • നഗരവത്കരണം
  • കൈകാര്യംചെയ്യാനും പായ്ക്ക് ചെയ്യാനുമുള്ള സൗകര്യം
  • ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടിയത്
  • ആളുകളുടെ വരുമാനം കൂടുന്നതിന്റെ സൂചന

കുടുംബത്തില്‍ എല്ലാവര്‍ക്കും ഇഷ്ടം

മിക്ക ദിവസങ്ങളിലും ബേക്കറിയില്‍നിന്ന് പലഹാരങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നു. പലഹാരങ്ങള്‍ കുടുംബത്തില്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ചിപ്‌സും മധുരപലഹാരങ്ങളുമാണ് കൂടുതലായും ഉപയോഗിക്കുന്നത്.

അഡ്വ. ലിഷ ദീപക്,
(മുന്‍ കൗണ്‍സിലര്‍, ചൊവ്വ)

വാങ്ങുന്നവരുടെ എണ്ണം കൂടി

ബേക്കറികളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം നന്നായി കൂടിയിട്ടുണ്ട്. എളുപ്പത്തില്‍ കിട്ടുന്ന ഭക്ഷണമെന്ന നിലയില്‍ കഴിക്കുന്നവരും കൂടി. അണുകുടുംബങ്ങളുടെ എണ്ണം കൂടിയതും ഗുണം ചെയ്യുന്നുണ്ട്. പഫ്‌സ്, ബ്രഡ്, വിശേഷാവസരങ്ങളില്‍ കേക്ക് എന്നിവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ എണ്ണയുടെയും പാമോയിലിന്റെയും വില കൂടിയത് ബേക്കറി വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

എന്‍.കെ.രഞ്ജിത്ത്,
പ്രസിഡന്റ്, ബേക്കേഴ്‌സ് അസോസിയേഷന്‍