എഴുത്തുകാരിയും രാജ്യസഭാ അംഗവുമായ സുധാ മൂര്‍ത്തി നിക്ഷേപ പദ്ധതിയെ പിന്തുണച്ച് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പിന്തുണയോടെയുള്ള ഈ പദ്ധതി വഴി സാമ്പത്തിക നേട്ടം കൈവരിക്കാമെന്ന് സുധാ മൂര്‍ത്തി പറയുന്നതാണ് ദൃശ്യങ്ങളില്‍.
പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നത്: ''നിങ്ങള്‍ക്കായി എനിക്കൊരു സന്തോഷവാര്‍ത്തയുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പിന്തുണയോടെ വികസിപ്പിച്ചെടുത്ത, നിങ്ങളുടെ ജീവിതം എന്നന്നേക്കുമായി മാറ്റിമറിക്കാന്‍ കഴിയുന്ന ഒരു ഔദ്യോഗിക സര്‍ക്കാര്‍ പദ്ധതിയില്‍ പങ്കുചേരാനുള്ള അവിസ്മരണീയമായ ഒരു അവസരമാണ് ഇത്.
ഈ പദ്ധതിയില്‍ ചേരുന്ന എല്ലാവര്‍ക്കും ആഴ്ചയില്‍ 5,50,000 രൂപ ലഭിക്കുമെന്ന് ഞാന്‍ വ്യക്തിപരമായി ഉറപ്പുനല്‍കുന്നു. ഇത് വെറും വാക്കുകളല്ല, മറിച്ച് നിങ്ങളുടെ ജീവിതം മാറ്റിമറിക്കാനുള്ള ഒരു യഥാര്‍ത്ഥ അവസരമാണ്. നിങ്ങള്‍ വെറും 22,000 രൂപ മാത്രം നിക്ഷേപിച്ചാല്‍ മതി. ജോലി ഒന്നും ചെയ്യാതെയും, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലാതെയും നിങ്ങള്‍ക്ക് ആഴ്ചയില്‍ 5,50,000 രൂപ എളുപ്പത്തില്‍ സമ്പാദിക്കാം.
നിങ്ങളുടെ പണത്തിന്റെ സുരക്ഷിതത്വവും വിവരങ്ങളുടെ പൂര്‍ണമായ രഹസ്യസ്വഭാവവും ഞാന്‍ വ്യക്തിപരമായി ഉറപ്പുനല്‍കുന്നു. ആഗോള സാമ്പത്തിക വിപണികളെ വിശകലനം ചെയ്യുകയും ലാഭകരമായ ട്രേഡുകള്‍ ഓട്ടോമാറ്റിക്കായി നടത്തുകയും ചെയ്യുന്ന ഒരു ആധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 98 ശതമാനം ഇടപാടുകളും വിജയകരമാണ്. പ്രവര്‍ത്തനം നിയമപരമാണ്, നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാം. 22,000 രൂപ നിക്ഷേപിക്കുക, ആ പണം നിങ്ങളുടെ അക്കൗണ്ടില്‍ തന്നെ സുരക്ഷിതമായിരിക്കും, നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അത് പിന്‍വലിക്കാവുന്നതാണ്. പൗരന്മാരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി സൃഷ്ടിച്ച പദ്ധതിയാണിത്. ഒഴിവുകള്‍ പരിമിതമാണ്, ആകെ 5,000 അക്കൗണ്ടുകള്‍ മാത്രമേയുള്ളൂ, അതില്‍ 80 ശതമാനത്തിലധികവും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഉടന്‍ രജിസ്റ്റര്‍ ചെയ്യൂ, കോളിനായി കാത്തിരിക്കൂ, നിങ്ങളുടെ ജീവിതം എന്നന്നേക്കുമായി മാറ്റിമറിക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്താതിരിക്കൂ''. എന്നാല്‍ ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഫാക്ട് ചെക്ക് ഡെസ്‌ക് കണ്ടെത്തി.
അന്വേഷണം
സുധാ മൂര്‍ത്തിയുടെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജനങ്ങളോട് സംസാരിക്കുന്നു എന്ന തരത്തിലാണ് ഈ ദൃശ്യങ്ങള്‍. വൈറല്‍ വീഡിയോയില്‍ നിന്നുള്ള കീ -ഫ്രെയിമുകള്‍ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തപ്പോള്‍ അതേ വേഷത്തിലും പശ്ചാത്തലത്തിലും ഉള്ള സുധാ മൂര്‍ത്തിയുടെ യഥാര്‍ഥ വീഡിയോ ലഭിച്ചു. 2021 ഫെബ്രുവരി 26-ന് 'ബിയര്‍ബൈസെപ്സ്' (BeerBiceps) എന്ന യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയാണിത്.
'' സുധാ മൂര്‍ത്തി - പോരാട്ടത്തില്‍ തോറ്റാലെന്താ? യുദ്ധം ഞാന്‍ ജീവിച്ചവളാണ്'' എന്ന തലക്കെട്ടോടെ പങ്കുവച്ച ആഭിമുഖ വീഡിയോയാണിത്. പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ പറയുന്ന പോലൊരു നിക്ഷേപ പദ്ധതിയെക്കുറിച്ച് അഭിമുഖത്തില്‍ ഒരിടത്തും സുധാ മൂര്‍ത്തി പരാമര്‍ശിക്കുന്നില്ല. മാത്രമല്ല പ്രചരിക്കുന്ന വീഡിയോയില്‍ ചില അപാകതകള്‍ കാണാന്‍ കഴിയും. വൈറല്‍ വീഡിയോയിലെ സംഭാഷണത്തിന് അനുസൃതമായല്ല സുധാ മൂര്‍ത്തിയുടെ ചുണ്ടുകളുടെ ചലനം.ഇതില്‍ നിന്ന് പ്രചരിക്കുന്ന വീഡിയോ എഡിറ്റഡ് ആണെന്ന് വ്യക്തമാണ്.
പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണോ എന്ന് തുടര്‍ന്ന് പരിശോധിച്ചു. എഐ ഡിറ്റക്ഷന്‍ ടൂള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വീഡിയോ 89 ശതമാനം നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന ഫലമാണ് ലഭിച്ചത്. ഇതോടെ പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞു.
വാസ്തവം
സുധാ മൂര്‍ത്തി നിക്ഷേപ പദ്ധതിയെ പിന്തുണച്ചു എന്നതരത്തിലുള്ള ഈ പ്രചാരണം വ്യാജമാണ്. എഐ ഉപയോഗിച്ച് നിര്‍മ്മിച്ച വീഡിയോയാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: Fact check: Viral video claims Sudha Murthy endorses an investment scheme with AI. Discover the truth behind this AI-generated fake video.
Published: 15 Dec 2025, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented