രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിൻറെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ അയോധ്യ ക്ഷേത്ര നിർമ്മാണവും അനുബന്ധ വിഷയങ്ങളും ചർച്ചയാക്കി നിർത്താനുള്ള ശ്രമം വ്യാപകമാണ്. ഇത്തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അയോധ്യയിൽ രാമഭക്തർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിന്റെ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെയാണ് ഇത്. മുപ്പത് വർഷം മുൻപ് മുലായം സിങ് സർക്കാറിന്റെ കാലത്താണ് സംഭവമെന്നും വോട്ട് എത്രമാത്രം മഹത്വമുള്ളതാണെന്ന് ഹിന്ദുക്കൾ ഓർമിക്കണമെന്ന കുറിപ്പും ഈ വീഡിയോക്കൊപ്പമുണ്ട്.
വസ്തുതാ പരിശോധനയ്ക്കായി മാതൃഭൂമി ഫാക്ട് ചെക്കിൻറെ 8594006262 എന്ന നമ്പറിൽ ലഭിച്ച ഈ സന്ദേശത്തിന്റെ യാഥാർത്ഥ്യം പരിശോധിക്കാം.
അന്വേഷണം
പോലീസ് ലാത്തിച്ചാർജ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. രണ്ട് മിനുറ്റ് അഞ്ച് സെക്കൻറ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ ജ്യോതിഷ് പീഠ് ശങ്കരാചാര്യർ സ്വാമി അവിമുക്ത്വേശരാനന്ദ സരസ്വതിയെയും കാണാം. അദ്ദേഹത്തിനൊപ്പമുള്ളവരെ അടിച്ചോടിക്കുന്ന പോലീസ് പിന്നീട് അദ്ദേഹത്തെ സമീപിച്ച് കൈപിടിച്ച് കൊണ്ടുപോകുന്നതും തന്നെയും അടിക്കൂ എന്ന് അദ്ദേഹം ഉറക്കെ വിളിച്ച് പറയുന്നതും വീഡിയോയിലുണ്ട്.
വാട്സ് ആപ്പിന് പുറമേ മറ്റ് സമൂഹ മാധ്യമങ്ങളിലും ഈ സന്ദേശം പ്രചരിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു. സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്കിലും എക്സിലുമായി (നേരത്തെ ട്വിറ്റർ) ഒട്ടനവധി പേരാണ് ഇത് പങ്കുവച്ചിരിക്കുന്നത് എന്ന് കണ്ടെത്തി. എഫ്ബി, എക്സ് പോസ്റ്റുകൾ കാണാം.
കീവേർഡ്സ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സംഭവവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ കണ്ടെത്തി. പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത് ഈ സംഭവം നടന്നത് അയോധ്യയിലാണ് എന്നാണ്. എന്നാൽ അയോധ്യയിൽനിന്ന് ഇരുന്നൂറ് കിലോമീറ്ററിലധികം ദൂരെയുള്ള വാരാണസിയിലായിരുന്നു സംഭവം യഥാർത്ഥത്തിൽ നടന്നത്. ലാത്തിച്ചാർജ് നടന്നത് മുപ്പത് വർഷം മുൻപാണ് എന്ന വാദവും അടിസ്ഥാന രഹിതമാണ്. 2015 സെപ്തംബറിലായിരുന്നു ഈ സംഭവം, അന്ന് മുലായം സിങ് യാദവല്ല മറിച്ച അദ്ദേഹത്തിന്റെ മകൻ അഖിലേഷ് യാദവായിരുന്നു യു.പി. മുഖ്യമന്ത്രി.
ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് വിശ്വാസികൾ ഗംഗയിൽ വിഗ്രഹങ്ങൾ നിക്ഷേപിക്കുന്നത് തടഞ്ഞുകൊണ്ട് അലഹബാദ് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. തുടർന്ന് ജില്ലാ ഭാരണകൂടം ഗംഗയിൽ വിഗ്രഹ നിമഞ്ജനത്തിന് വിലക്ക് ഏർപ്പെടുത്തുകയും പകരം, ലക്ഷ്മികുണ്ഠിൽ ചടങ്ങ് നടത്താൻ സംവിധാനങ്ങളൊരുക്കുകയും ചെയ്തു.
എന്നാൽ ഇതിനെതിരെ ദ്വാരക ശങ്കരാചാര്യരായ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ ശിഷ്യനായ സ്വാമി അവിമുക്ത്വേശ്വരാനന്ദ സരസ്വതി, മഹന്ത് ബാലക് ദാസ് എന്നിവരുടെ നേതൃത്വത്തിൽ വലിയൊരു സംഘം വിശ്വാസികൾ പ്രതിഷേധിച്ചു. വാരാണസിയിലെ ദശാശ്വമേധ് ഘട്ടിന് സമീപം ഗധൗലിയയിൽ പ്രതിഷേധക്കാർ മണിക്കൂറുകളോളം റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി. ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ അർദ്ധരാത്രിയോടെ പോലീസ് പ്രതിഷേധക്കാരോട് റോഡ് ഉപരോധം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും പിന്നീട് ലാത്തിചാർജ് നടത്തുകയും ആയിരുന്നു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
ഇക്കഴിഞ്ഞ ജനുവരിയിൽ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠായോട് അനുബന്ധിച്ചും ഇതേ സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വാസ്തവം
ഗണേശ വിഗഹ നിമഞ്ജനവുമായി ബന്ധപ്പെട്ട് 2015-ൽ വാരാണസിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് അയോധ്യയിൽ രാമഭക്തർക്കെതിരെ ഉണ്ടായ പോലീസ് നടപടി എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: This comes with claims of footage of police lathicharge on Ram devotees in Ayodhya
Published: 27 Apr 2024, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented