നിങ്ങളൊരു ചോക്ലേറ്റ് പ്രേമിയാണോ? എന്നാൽ ഈ ദൃശ്യങ്ങൾ തീർച്ചയായും കണ്ടിരിക്കണമെന്ന വിവരണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യയിൽ ചോക്ലേറ്റ് നിർമിക്കുന്നതിന്റെ ദൃശ്യങ്ങൾ എന്ന തരത്തിലാണ് ഇത്. എന്നാൽ, ഈ അവകാശവാദം തീർത്തും വ്യാജമാണ് എന്നതാണ് വസ്തുത. കാരണം പ്രരിക്കുന്ന ഈ വീഡിയോ ചോക്ലേറ്റ് നിർമാണത്തിന്റതേയല്ല. 

To advertise here,

വസ്തുതാ പരിശോധനയ്ക്കായി മാതൃഭൂമി ഫാക്ട് ചെക്കിന്റെ ടിപ് ലൈനിൽ (8594006262) ലഭിച്ച ഈ വീഡിയോയുടെ വിശദാംശങ്ങൾ ചുവടെ വായിക്കാം. 

അന്വേഷണം

ഒരു ഫാക്ടറിക്കകത്തു നിന്നുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ദൃശ്യങ്ങളുടെ തുടക്കത്തിൽ രണ്ടുപേർ ചേർന്ന് ചാക്കുകളിൽ നിറച്ചിരിക്കുന്ന പൊടി വലിയൊരു യന്ത്രത്തിലേക്ക് ഇടുന്നത് കാണാം. ഒറ്റ നോട്ടത്തിൽ ഇത് ചോക്ലേറ്റ് നിർമിക്കാൻ ഉപയോഗിക്കുന്ന കൊക്കോ പൊടി തന്നെ എന്ന് തോന്നാം. പിന്നീട് തൊഴിലാളികൾ കറുത്തിരുണ്ട ഒരു വീപ്പ കൊണ്ടുവന്ന് അതിലെ പച്ച നിറത്തിലുള്ള ദ്രാവകം ഈ പൊടിയിലേക്ക് ഒഴിക്കുന്നു. യന്ത്രസഹായത്തോടെ പൊടി കുഴച്ചെടുക്കുന്നു. ശേഷം ഇത് നിലത്തേക്ക് മാറ്റിയിടുമ്പോഴും ഉരുട്ടിയെടുക്കുമ്പോഴുമെല്ലാം തൊഴിലാളികൾ ഇതിൽ ചവിട്ടി നിൽക്കുന്നതടക്കം ദൃശ്യങ്ങളിലുണ്ട്. ഇത്രയും കണ്ടാൽ തന്നെ, നിർമാണം നടക്കുന്നത് തീർത്തും  വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് തോന്നും. ഇരുപത് സെക്കൻറ് ദൈർഘ്യമുള്ള വീഡിയോയുടെ അവസാനഭാഗത്ത് പാക്കിങ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. ഇവ സൂക്ഷ്മമായി പരിശോധിച്ചതിൽനിന്നും അവിടെ നടക്കുന്നത് ചോക്ലേറ്റ് നിർമാണമല്ല എന്ന സൂചന ലഭിച്ചു.

അവിടെ നിർമിക്കുന്ന ഉത്പന്നം ഓറഞ്ച് നിറത്തിലുള്ള കവറുകളിൽ ആണ് പാക്കുചെയ്യുന്നത്. ഈ കവറിന് മുകളിൽ 'കേസർ, ചന്ദൻ' (കുങ്കുമപൂവ്, ചന്ദനം) എന്നിങ്ങനെ എഴുതിയിരിക്കുന്നത് കാണാം. ഇവയുടെ ചിത്രങ്ങളും പാക്കറ്റിൽ നൽകിയിട്ടുണ്ട്. കവറിന് മുകളിലുള്ള പേര് പൂർണമായി ദൃശ്യമല്ല. സാഗർ എന്നെഴുതിയത് മാത്രമേ വായിക്കാനാകൂ. തുടർന്നുള്ള ദൃശ്യങ്ങളിൽ പാക്കിങ് നടക്കുന്നതിന് അടുത്ത് ഒരു കാർഡ്‌ബോഡ് ബോക്‌സ് ഇരിക്കുന്നത് ശ്രദ്ധിച്ചു. ഇതിൽ ദീപ് സാഗർ എന്നും അതിന് തൊട്ടു താഴെയായി 'ധൂപ് കോൺ അഗർബത്തി' എന്നിങ്ങനെ എഴുതിയിട്ടുണ്ട് . 

ഈ സൂചനകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ അവിടെ യഥാർത്ഥത്തിൽ നിർമിക്കുന്ന ഉത്പന്നം ഏതാണെന്ന് കണ്ടെത്തി. ഉത്തർ പ്രദേശിലെ കനൗജിലുള്ള റാത്തോഡ് പൂജ പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ  ദീപ് സാഗർ, കേസർ ചന്ദൻ ധൂപ് ആണിത്.

വാസ്തവം

പൂജാ സാധന നിർമാണ കമ്പനിയിൽ ധൂപ് നിർമിക്കുന്നതിൻറെ ദൃശ്യങ്ങളാണ് ചോക്ലേറ്റ് നിർമാണത്തിന്റേത് എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.