സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെ തോത് ആശങ്കാജനകമായ തരത്തിൽ വർധിച്ചു വരികയാണ്. രാജ്യത്ത് പലയിടങ്ങളിലും സാമുദായിക സ്പർധയ്ക്കും അതുവഴി കലാപങ്ങൾക്കുംവരെ കാരണമായത് ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങളായിരുന്നു. സമാനരീതിയിൽ പ്രചരിക്കുന്ന ഒരു വീഡിയോയെ സംബന്ധിച്ചാണ് ഈ റിപ്പോർട്ട്. 'മുസ്ലീം യുവാക്കൾ ഹിന്ദു പെൺകുട്ടികളെ വലയിൽ വീഴ്ത്തി കബളിപ്പിക്കുകയാണ്' എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.  

To advertise here,

ഇതിന്റെ വാസ്തവം അന്വേഷിച്ച് ഒട്ടേറെ പേർ മാതൃഭൂമി ഫാക്ട് ചെക്കിന്റെ ടിപ്പ് ലൈനുമായി ബന്ധപ്പെട്ടു. എന്നാൽ, പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

placeholder
.
വസ്തുതാ പരിശോധനയ്ക്കായി വാട്സ് ആപ്പിൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട്

അന്വേഷണം

വൈറൽ വീഡിയോയിൽ നിന്നുള്ള കീ- ഫ്രെയിമുകൾ എടുത്ത് റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തു. പരിശോധനയിൽ ഇൻസ്റ്റഗ്രമിലും ഫേസ്ബുക്കിലുമടക്കം നിരവധി പേർ സമാന അവകാശവാദത്തോടെ ഈ വീഡിയോ പങ്കുവച്ചതായി കണ്ടു. തുടരന്വേഷണത്തിൽ മോണ്ടി ദീപക് ശർമ്മ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതേ വീഡിയോയുടെ കൂടുതൽ വ്യക്തതയുള്ളതും ദൈർഘ്യമേറിയതുമായ ദൃശ്യങ്ങൾ കണ്ടെത്തി. 2025 ഏപ്രിൽ 25-നാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിട്ടുള്ളത്. 'സലിം ഖാൻ പേര് മാറ്റി ഒരു സൈനികന്റെ മകളോടൊപ്പം ഒളിച്ചോടി. പോലീസ് അയാളെ അറസ്റ്റ് ചെയ്തു' എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. 

https://www.youtube.com/watch?v=aKWKXnLc-skQ 

വീഡിയോ സൂക്ഷമമായി പരിശോധിച്ചാൽ ഇതിൽ പോലീസ് യൂണിഫോമിൽ രണ്ട് പേരെ കാണാം. ഇവർ ധരിച്ചിരിക്കുന്ന ഔദ്യോഗിക വസ്ത്രത്തിൽ ചില അപാകതകൾ ശ്രദ്ധയിൽപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എന്ന് തോന്നിപ്പിക്കുന്നയാളുടെയോ കൂടെയുള്ള പോലീസുകാരെന്റെയോ യൂണിഫോമിൽ ഔദ്യോഗിക ചിഹ്നങ്ങൾ ഒന്നും തന്നെയില്ല. മാത്രമല്ല പോലീസ് തൊപ്പിയുടെ പുറകിലായി ഒരു കഷ്ണം തുണിയുടെ ഭാഗം തൂങ്ങി കിടക്കുന്നതായി കാണാം. ഒരിക്കലും ഒരു  ഔദ്യോഗിക പോലീസ് യൂണിഫോം ഇത്തരത്തിലായിരിക്കില്ല. ഇവർ യഥാർത്ഥ പോലീസ് അല്ലെന്ന സൂചനയാണിത് നൽകുന്നത്.  

ഈ ചാനലിൽ പ്രസിദ്ധീകരിച്ച മറ്റ് വീഡിയോകൾ പരിശോധിച്ചതിൽനിന്ന് വൈറൽ വീഡിയോയിലെ വ്യക്തികളെ തന്നെ മറ്റൊരു വീഡിയോയിലും കണ്ടെത്തി. ഇതിൽനിന്ന് ഇവർ അഭിനേതാക്കളാണെന്നും ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് നടക്കുന്ന പ്രചാരണം വ്യാജപ്രചാരണമാണെന്നും ഉറപ്പിച്ചു. മാത്രമല്ല ഇയാളുടെ ഇൻസ്റ്റഗ്രാം പേജിൽ നൽകിയ വിവരണത്തിൽ വീഡിയോ ക്രിയേറ്റർ എന്ന് രേഖപ്പെടുത്തിയതായും കാണാം. കൂടാതെ ഇവരുടെ യൂട്യൂബ് ചാനലിൽ  നൽകിയിരിക്കുന്ന വിവരണം പരിശോധിച്ചപ്പോൾ ഇത് യഥാർത്ഥ സംഭവമല്ലെന്നും മുൻകൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റിന്റെ അടിസ്ഥാനത്തിൽ ചിത്രീകരിച്ച രംഗങ്ങളാണെന്നും വ്യക്തമായി. 

placeholder
.
താരതമ്യപ്പെടുത്തിയ വീഡിയോയിലെ ഭാഗങ്ങൾ 
placeholder
.
placeholder
.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി.

വാസ്തവം 

മുസ്ലീം യുവാക്കൾ ഹിന്ദു പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.  മോണ്ടി ദീപക് ശർമ്മ എന്ന യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച സ്‌ക്രിപ്റ്റഡ് വീഡിയോയാണ് ഇത്തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.