തിരഞ്ഞെടുപ്പ് ചൂട് ശക്തമായതോടെ രാഷ്ട്രീയ കക്ഷികൾ നടത്തുന്ന ആരോപണ- പ്രത്യാരോപണങ്ങളുടെ രൂക്ഷതയും വർധിച്ചിരിക്കുകയാണ്. വയനാട് എം.പിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായ രാഹുൽ ഗാന്ധിയുടെ എം.പി. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വ്യാപക പ്രചാരണങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. 17 കോടി എം.പി. ഫണ്ടുണ്ടായിട്ടും വെറും 5 കോടി മാത്രമാണ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിൽ ചെലവഴിച്ചത് എന്നാണ് ആരോപണം. കോൺഗ്രസിന്റെ അതികായനായ നേതാവ് തന്റെ മണ്ഡലത്തിന് വേണ്ടത്ര പരിഗണ നൽകുന്നില്ല എന്നതിന്റെ തെളിവാണ് ഇതെന്നാണ് ഈ കണക്കു പ്രചരിപ്പിക്കുന്നവർ അവകാശപ്പെടുന്നത്. എന്താണ് ഇതിലെ വാസ്തവമെന്ന് പരിശോധിക്കുന്നു. 

To advertise here,
placeholder
പ്രചരിക്കുന്ന പോസ്റ്റ് 

അന്വേഷണം

സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ mplads.gov.in വെബ്സൈറ്റിൽ എം.പി. ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ ലഭ്യമാണ്. അന്വേഷണത്തിന്റെ ഭാഗമായി ഈ സൈറ്റിലെ വിവരങ്ങൾ പരിശോധിച്ചു. ഇതിൽ നൽകിയിരിക്കുന്ന കണക്കുകൾ അനുസരിച്ച്, 17 കോടി രൂപയാണ് പ്രാദേശിക വികസന പ്രവത്തനങ്ങൾക്കായി എം.പിക്ക് അനുവദിച്ചത്. അതിൽ 7 കോടി രൂപയുടെ ഫണ്ട് റിലീസ് ചെയ്തുവെന്നും സൈറ്റിൽ നൽകിയിരിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നു. 20.85 കോടി രൂപയുടെ വികസസന പ്രവർത്തനങ്ങൾക്കാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നു ശുപാർശ നൽകിയിട്ടുള്ളത്. എന്നാൽ 2022 വരെയുള്ള ഫണ്ട് റിലീസ് വിവരങ്ങൾ മാത്രമേ ഈ വെബ്സൈറ്റിൽ നൽകിയിട്ടുള്ളൂ.

കൂടുതൽ വിവരങ്ങൾക്കായി വയനാട് പ്ലാനിങ് ഓഫീസുമായി ബന്ധപ്പെട്ടു. ഇപ്പോൾ നടക്കുന്ന പ്രചാരണം തീർത്തും വ്യാജമാണെന്ന് പ്ലാനിങ് ഓഫീസർ വ്യക്തമാക്കി. വയനാട് ജില്ലയിലെ കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി നിയമസഭാ മണ്ഡലങ്ങളും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ മൂന്ന് മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലവും ചേർന്നതാണ് വയനാട് ലോക്‌സഭ മണ്ഡലം. ഇതിൽ വയനാട് ജില്ലയിൽ മാത്രം ചെലവാക്കിയ തുകയാണ് അഞ്ച് കോടിയെന്ന് അദ്ദേഹം പറഞ്ഞു. 

പ്ലാനിങ് ഓഫീസിൽനിന്നു ലഭിച്ച 2023 വരെയുള്ള കണക്കുകൾ പ്രകാരം, രാഹുൽ ഗാന്ധിയുടെ എം.പി. ഫണ്ടിൽനിന്നും 9 കോടിയിലധികം രൂപ പല പദ്ധതികൾക്കായി ഇതുവരെ ചെലവഴിച്ചിട്ടുണ്ട്. അതിൽ 5.48 കോടി രൂപ വയനാട്ടിലെ മണ്ഡലങ്ങളിലും 1.23 കോടി കോഴിക്കോടും 3.1 കോടി രൂപ മലപ്പുറത്തെ മണ്ഡലങ്ങളിലുമാണ് ചെലവാക്കിയത്. ഇവയ്ക്കു പുറമെ 2023-നുള്ളിൽ അനുമതി നൽകിയ വിവിധ പദ്ധതികളിലായി നാലു കോടിയിലധികം രൂപയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ മണ്ഡലത്തിൽ നടക്കുന്നുണ്ട് എന്നും പ്ലാനിങ് ഓഫീസർ അറിയിച്ചു. മാത്രമല്ല, സംസ്ഥാനത്ത് എം.പി. ഫണ്ടിൽ നിന്നും ഏറ്റവും കൂടുതൽ പ്രോജക്ടുകൾക്ക് അനുമതി നൽകിയ ഒരു മണ്ഡലമാണ് വയനാടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ ലോക്‌സഭാ കാലയളവിൽ ആകെ 17 കോടി രൂപയാണ് എം.പിമാർക്ക് പ്രാദേശിക വികസന ഫണ്ടായി ലഭിച്ചത്. ഈ തുകയ്ക്കൊപ്പം എം.ഐ. ഷാനവാസ് എം.പി. ആയിരുന്ന കാലത്ത് ബാക്കി വന്ന 2.84 കോടി രൂപയും രാഹുൽ ഗാന്ധിയുടെ വികസന ഫണ്ടിലേക്ക് ലഭിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ഫണ്ട് നിക്ഷേപത്തിൽനിന്നു ലഭിച്ച പലിശയും കൂടി ചേർത്താണ് മുകളിൽ പറഞ്ഞതുപോലെ 20 കോടിയോളം രൂപയുടെ പദ്ധതി ശുപാർശ രാഹുൽ ഗാന്ധി സമർപ്പിച്ചത്.

വാസ്തവം 

പ്രാദേശിക ഫണ്ടിൽനിന്നു അഞ്ചു കോടി രൂപ മാത്രമാണ് രാഹുൽ ഗാന്ധി എം.പി. തന്റെ മണ്ഡലത്തിൽ ആകെ ചെലവാക്കിയത് എന്ന പ്രചാരണം വ്യാജമാണ്. വിവിധ വികസന പ്രവർത്തങ്ങൾക്കായി 9 കോടിയിലധികം രൂപ രാഹുൽ ഗാന്ധിയുടെ എം.പി. ഫണ്ടിൽനിന്ന് ഇതുവരെ ചെലവാക്കിയിട്ടുണ്ട്. ആകെ, 20 കോടിയോളം രൂപയുടെ പദ്ധതി ശുപാർശയും രാഹുൽ സമർപ്പിച്ചിട്ടുണ്ട്.