മിൽമയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി 4 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ 50,000 രൂപ സമ്മാനം ലഭിക്കുമെന്ന അവകാശവാദത്തോടെ ഒരു സന്ദേശം വാട്സ് ആപ്പിൽ പ്രചരിക്കുന്നുണ്ട്. ലിങ്ക് സഹിതമാണ് ഇത്. വലിയ തുക സമ്മാനമായി ലഭിക്കുമെന്ന് കരുതി ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ട; ഇത് വ്യാജപ്രചാരണമാണ്

To advertise here,

മലയാളികളെ സംബന്ധിച്ച്, അവരുടെ ദിനചര്യയിലെ അവിഭാജ്യ ഘടകങ്ങളാണ് പല മിൽമ ഉത്പന്നങ്ങളും. 'ധവള വിപ്ലവത്തിന്റെ' ഭാഗമായി 1980-ലാണ് കേരളത്തിൽ മിൽമ പ്രവർത്തനമാരംഭിച്ചത്. 1983 ഏപ്രിൽ 1ന് സർക്കാരിൽ നിന്നു സംഭരണ, വിപണന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മിൽമ സ്വന്തം നിലയിൽ പൂർണ്ണമായി പ്രവർത്തിക്കാനാരംഭിച്ചു. പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ ജൂൺ മാസത്തിലല്ല മറിച്ച് ഏപ്രിൽ മാസത്തിലാണ് മിൽമയുടെ യഥാർത്ഥ സ്ഥാപകദിനം അല്ലെങ്കിൽ വാർഷികം വരുന്നത്.

വൈറൽ സന്ദേശത്തിലേക്ക് വന്നാൽ, ഇതിനൊപ്പം നൽകിയിരിക്കുന്ന ലിങ്ക് നോക്കാം - https://bngf.ehwmu.xyz/3e2f7b3b5969ad9c9ffff9ed15dc5432wfcym143a44c52b92fb6fe6be1e4bde?p=w ഈ യുആർഎൽ പരിശോധിച്ചാൽ ഇതിന് മിൽമയുടെ ഔദ്യോഗിക സൈറ്റുമായി ബന്ധമില്ലെന്ന് കാണാം. മിൽമയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലോ സോഷ്യൽ മീഡിയ പേജുകളിലോ അവർ ലഭ്യമാക്കും. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഔദ്യോഗികമായി ഇങ്ങനെയൊരു വിവരം നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. വൈറൽ സന്ദേശത്തിലെ ലിങ്ക് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഇത് സംശയാസ്പദമാണെന്ന ഫലമാണ് ലഭിച്ചത്.

പരിശോധനയുടെ ഭാഗമായി വൈറൽ സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ എത്തിച്ചേർന്ന ലാൻറിംഗ് പേജിൽ മിൽമ വാർഷികാഘോഷ സമ്മാനത്തെക്കുറിച്ചും വെറും 4 ചോദ്യങ്ങൾക്ക് മറുപടി നൽകി ഇത് നേടാമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് താഴെയായി സമ്മാനം കിട്ടി എന്ന തരത്തിൽ പലരും കമൻറ് ചെയ്തതായും കാണാം. എന്നാൽ, Parth Choudhary, bhavya Gaekwad എന്നിങ്ങനെ ഉത്തരേന്ത്യൻ പേരുള്ള പ്രൊഫൈലുകളിൽനിന്ന് മാത്രമാണ് കമൻറുകളെല്ലാം, അതും മലയാളത്തിൽ. വിശ്വാസ്യത തോന്നിപ്പിക്കാനുള്ള തട്ടിപ്പാണിതെന്ന് വ്യക്തമാണ്.

ഇതിൽ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി കഴിയുമ്പോൾ, സമ്മാനം ലഭിക്കാനായി ഈ ലിങ്ക് 5 വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കോ 20 സുഹൃത്തുക്കൾക്കോ ഷെയർ ചെയ്യാൻ ആവശ്യപ്പെടും. ചിലപ്പോൾ നിങ്ങളുടെ വ്യക്തി, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെട്ടേക്കാം. പലപ്പോഴും ഇത്തരം വ്യാജ ലിങ്കുകൾ ഫിഷിങ് ലിങ്കുകൾ ആകാറുണ്ട്. ഇതിലൂടെ ബാങ്കിംഗ്, വ്യക്തി വിവരങ്ങൾ തട്ടിയെടുക്കാനായിരിക്കും സൈബർ കുറ്റവാളികൾ ലക്ഷ്യമിടുന്നത്. വ്യാജ ലിങ്കുകളിൽ പ്രവേശിക്കുന്നത് വഴി മാൽവേറുകൾ ഡിവൈസിൽ കടന്ന് കൂടാനും സാധ്യതയുണ്ട്.

സമാന തട്ടിപ്പ് മുൻപും പലപ്പോഴായി നടന്നിട്ടുണ്ട്. പ്രമുഖ സ്ഥാപനങ്ങൾ, വ്യക്തികൾ, രാഷ്ട്രീയ പാർട്ടികൾ എന്നിങ്ങനെ വിശ്വസനീയമെന്ന് തോന്നിപ്പിക്കാൻ പല രൂപങ്ങളിലാണ് ഇത്തരം സന്ദേശങ്ങളെത്താറ്. ആയതിനാൽ, ഇത്തരം സന്ദേശങ്ങൾ കൈമാറുകയോ ഇവയ്‌ക്കൊപ്പമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ല . മാത്രമല്ല, വിശ്വാസ യോഗ്യമല്ലാത്ത വെബ്‌സൈറ്റുകളിൽ വ്യക്തി വിവരങ്ങൾ നൽകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക.

ഈ സന്ദേശം വ്യാജമാണെന്ന് മിൽമയും സമൂഹമാധ്യമ പേജുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.