സമൂഹമാധ്യമങ്ങളിലൂടെ പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുകയും ചെയ്ത പോസ്റ്റുകൾ പങ്കുവച്ചത് താൻ തന്നെയെന്ന് അർജുൻ ആയങ്കി സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതിന് ഉപയോഗിച്ച ഫോൺ ആയങ്കിയുടെ അഭിഭാഷകയുടെ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
ഇതിനിടെ ഫേസ്ബുക്കിലെ വലതുപക്ഷ അനുകൂല ഹാൻറിലുകൾ ഒരു ചിത്രം വ്യാപകമായി പ്രചരിപ്പിക്കാൻ തുടങ്ങി. സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ആയങ്കിയെ ‘സഹ സഖാവ്’ എന്ന് വിശേഷിപ്പിച്ച് ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചു എന്നതരത്തിൽ ഒരു സ്ക്രീൻഷോട്ടാണ് പോസ്റ്റ് ചെയ്യുന്നത്. ഈ പ്രചാരണം വ്യാജമാണ് എന്നതാണ് യഥാർത്ഥ്യം
പ്രചരിക്കുന്ന ചിത്രം സൂക്ഷമായി നിരീക്ഷിച്ചാൽ, പല അപാകതകളും കാണാനാവും. ബ്രിട്ടാസിന്‍റെയും ആയങ്കിയുടേയും മുഖങ്ങളിലെ വെളിച്ച വിന്യാസവും കളർ ടോണും വ്യത്യസ്തമാണ്. മാത്രമല്ല, അർജുൻ ആയങ്കിയുടെ ചിത്രത്തിന് പറകിലായി ഒരു വശത്ത് നീണ്ട മുടിയിഴകളും കാണാം. ജോൺ ബ്രിട്ടാസിനൊപ്പം മറ്റൊരാൾ നിൽക്കുന്ന ചിത്രത്തിൽ അയാളുടെ സ്ഥാനത്ത് അർജുന്‍റെ ഫോട്ടോ എഡിറ്റ് ചെയ്ത് ചേർത്തതാകാനാണ് സാധ്യത.
പ്രചരിക്കുന്ന സ്ക്രീൻഷോട്ടിൽ ജൂലൈ 28 എന്ന തീയ്യതി കാണാം. അന്നേ ദിവസം ബ്രിട്ടാസ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റുകൾ പരിശോധിച്ചു. എസ്എഫ്ഐ ജോയിൻറ് സെക്രട്ടറിയും ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനൊപ്പമുള്ള ചിത്രമാണ് ബ്രിട്ടാസ് അന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്. 2026 ജൂലൈ 28ന് ഡൽഹി പോലീസ് എകെജി ഭവനിലെത്തി ഐഷിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ എം.പി ജോൺ ബ്രിട്ടാസിന്റെ നേതൃത്വത്തിൽ നേതാക്കൾ ശക്തമായ പ്രതിരോധം തീർത്തിരുന്നു. യൂണിഫോമിലുള്ള രണ്ട് പോലീസുകാരും സാധാരണ വസ്ത്രം ധരിച്ച ഒരു വനിതയുമാണ് ഐഷിയെ അറസ്റ്റ് ചെയ്യാനായി പാർട്ടി ഓഫീസിലെത്തിയത്. യൂണിഫോമോ നെയിംപ്ലേറ്റോ ഇല്ലാതെ സ്വകാര്യ വാഹനത്തിൽ അറസ്റ്റ് ചെയ്യാൻ വന്നത് ബ്രിട്ടാസ് ചോദ്യംചെയ്തു. ശക്തമായ എതിർപ്പിനെ തുടർന്ന് അവർക്ക് തിരിച്ചു പോകേണ്ടിയും വന്നു. ആ സംഭവത്തിന് ശേഷമായിരുന്നു ബ്രിട്ടാസ് ഐഷിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്, ഇത് ചുവടെ കാണാം. ഈ ഫോട്ടോയിൽ അർജുൻ ആയങ്കിയുടെ ചിത്രം എഡിറ്റ് ചെയ്ത് ചേർത്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: A viral Facebook screenshot claims MP John Brittas called Arjun Ayanki 'comrade'., Investigation reveals the image is heavily edited using an old photo., The original post actually featured John Brittas with JNU student leader Aishe Ghosh from July 2026.
Published: 13 Aug 2026, 03:55 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented