ജമ്മുകശ്മീരിലെ കുപ്വാരയിൽ തീവ്രവാദകിളുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ടോളം ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു, ഇന്ത്യൻ ആർമി ഇക്കാര്യം മറച്ചുവെക്കുകയാണ് എന്ന ആരോപണത്തോടെ ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. തെളിവെന്നോണം ഒരു ചിത്രം ഉൾപ്പടെയാണിത്. ഇന്ത്യൻ ദേശീയ പതാക പുതച്ച അഞ്ച് ശവപ്പെട്ടകൾ നിരത്തി വെച്ചരിക്കുന്നതാണ് ചിത്രത്തിൽ. സൈനിക യൂണിഫോമിലുള്ള ഏതാനും പേർ ഇതിന് സമീപത്തായി നിൽക്കുന്നതായും കാണാം. എന്നാൽ, ഈ പ്രചാരണം വസ്തുതാ വിരുദ്ധമാണ് എന്നതാണ് യാഥാർത്ഥ്യം.
ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിലെ കേരൻ സെക്ടറിൽ സുരക്ഷാ സേന തീവ്രവാദികളുടെ ഒളിത്താവളം തകർത്തിരുന്നു (ജൂലൈ 6 തിങ്കളാഴ്ച). രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും വലിയ ആയുധശേഖരം പിടിച്ചെടുത്തതായാണ് കരസേനയുടെ ചിനാർ കോർപ്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഇതല്ലാതെ ഈയ്യടുത്ത ദിവസങ്ങളിലായി കുപ്‌വാരയിൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായുള്ള റിപ്പോർട്ടുകളൊന്നുമില്ല. അതേസമയം, മണിപ്പുരിലെ ഉഖ്രുലിൽ അസം റൈഫിൾസ് ജവാൻമാരുടെ വാഹനവ്യൂഹം ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിട്ടുണ്ട്.
അതിർത്തി കടന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പൂർണ്ണമായി തടയുന്നതിനായി കുപ്‌വാരയിലും പരിസര പ്രദേശങ്ങളിലും സൈന്യവും പോലീസും നിലവിൽ കടുത്ത ജാഗ്രത തുടരുന്നതായാണ് വിവരം. ഈ പശ്ചാത്തലത്തിൽ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ ഒരു ഏറ്റുമുട്ടലുണ്ടാവുകയും അതിൽ എട്ടുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നെങ്കിൽ വലിയ വാർത്തയാകേണ്ടതാണ്. എന്നാൽ, ദേശീയ മാധ്യമങ്ങളിലോ കശ്മീരിൽ നിന്നുള്ള പ്രാദേശിക മാധ്യമങ്ങളിലോ അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല.
തുടർന്ന്, പ്രചരിക്കുന്ന സന്ദേശത്തിൽ നൽകിയിരിക്കുന്ന ചിത്രം വിശദമായി പരിശോധിച്ചു. അന്വേഷണത്തിൽ ഈ ഫോട്ടോ പതിമൂന്ന് വർഷങ്ങൾക്ക് മുൻപുള്ളതാണ് എന്ന് കണ്ടെത്തി. പ്രശസ്തമായ അമേരിക്കൻ സ്റ്റോക്ക് മീഡയ സൈറ്റായ ഷട്ടർ സ്റ്റോക്കിൽ ഇതേ ചിത്രം നൽകിയിട്ടുണ്ട്. “2013 ഓഗസ്റ്റ് 6-ന്, പൂഞ്ചിലെ ബ്രിഗേഡ് ആസ്ഥാനത്ത് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാർ കൊലപ്പെടുത്തിയ സൈനികരുടെ മൃതദേഹ പേടകങ്ങൾക്ക് സമീപം ഇന്ത്യൻ സൈനികർ നിൽക്കുന്നു. പൂഞ്ച് ജില്ലയിലെ ചക്കൻ-ദാ-ബാഗ് മേഖലയിൽ, നിയന്ത്രണരേഖ (LoC) മറികടന്നെത്തിയ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരുടെ ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. കനത്ത ആയുധങ്ങളേന്തിയ ഇരുപതോളം ഭീകരരും പാക് സൈനിക യൂണിഫോം ധരിച്ചവരും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി പ്രസ്താവിച്ചു.” എന്നാണ് ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വിവരണം.
ഈ സംഭവവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളും പരിശോധിച്ചു. എൻ.ബി.സി ന്യൂസ്, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയ മാധ്യമങ്ങൾ 2013 ഓഗസ്റ്റിൽ ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 2013 ഓഗസ്റ്റ് 6-ന് പുലർച്ചെ അതിർത്തിയിലെ നിയന്ത്രണരേഖയ്ക്ക് സമീപം പട്രോളിംഗ് നടത്തുകയായിരുന്നു ആറംഗ സൈനിക സംഘത്തിന് നേരെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിക്കുകയും ഒരു സൈനികന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രചരിക്കുന്ന സന്ദേശത്തിൽ അവകാശപ്പെടുന്നതുപോലെ കശ്മീരിലെ കുപ്‌വാരയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 8 സൈനികർ കൊല്ലപ്പെട്ടതായുള്ള വിവരങ്ങളൊന്നുമില്ല. മത്രമല്ല, പതിമൂന്ന് വർഷം മുൻപുള്ള ചിത്രമാണ് ഇതിൻറേതെന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.
Content Highlights: Viral claim about 8 soldiers killed in Kupwara is false., The image used is from a 2013 incident in Poonch, not Kupwara., No credible media reports support the alleged encounter.,
Published: 07 Jul 2026, 04:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented