ഭാഷയുടെയും അതിർത്തികളുടെയും വേർതിരിവുകൾ ഇല്ലാതെ ലോകകപ്പ് ഫുട്ബോൾ മത്സരാവേശത്തിലാണ് നാടാകെ. കളിക്കളത്തിൽ ആദ്യ വിസിൽ മുഴങ്ങുന്നതിനും ആഴ്ചകൾക്ക് മുൻപേ തന്നെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ തെരുവുകളും വഴിയോരങ്ങളും പ്രിയ താരങ്ങളുടെയും ഇഷ്ട ടീമുകളുടെയും കൂറ്റൻ കട്ടൗട്ടുകളാലും കൊടിതോരണങ്ങളാലും കാർണിവൽ വേദികളായി മാറിയിരുന്നു. മത്സരങ്ങൾക്കൊപ്പം തെരുവുകളെ ആര് കീഴടക്കുമെന്ന ആരാധക സംഘങ്ങൾ തമ്മിലെ സൗഹൃദപ്പോരാട്ടങ്ങളും ഇക്കാലത്തെ പ്രത്യേകതയാണ്. ചിലപ്പോഴെങ്കിലും ഇത് അൽപം സീരിയസ്സായ ഗ്രൂപ്പ് പോരാട്ടങ്ങളിലേക്കും നീങ്ങാറുണ്ട്.
അത്തരത്തിൽ, കൊല്ലത്ത് അർജന്റീന-ബ്രസീൽ ഫാൻസ് തമ്മിൽ വലിയ സംഘർഷമുണ്ടായെന്ന തരത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മെസ്സിയുടെയും നെയ്മറിന്‍റെയും പേരിൽ ആരാധക സംഘം തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വാദം. എന്നാൽ മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.
അന്വേഷണം
"തല്ലുണ്ടാക്കി കയ്യും കാലും ഒടിഞ്ഞ് ആശുപത്രിയിലാക്കുന്നവന്റെ ചെലവ് മെസിയും നെയ്മറും ചേർന്ന് എടുത്തുകൊള്ളും. ‘പ്രബുദ്ധ’ കേരളത്തിന് അഭിമാനിക്കാം" എന്ന് പരിഹാസരൂപേണയുള്ള അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ പങ്കുവെക്കപ്പെടുന്നത്. വൈറൽ വീഡിയോയിൽ നിന്നും കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ഇതേ വീഡിയോ 2022 നവംബറിലും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതായി കണ്ടെത്തി. ദൃശ്യങ്ങൾ ഇപ്പോഴത്തേതല്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
സംഭവത്തെക്കുറിച്ച് മാതൃഭൂമി ന്യൂസ് 2022 നവംബർ 21ന് വാർത്ത നൽകിയിരുന്നു.റിപ്പോർട്ടിൽ നവംബർ 20നാണ് ആരാധക സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടയതെന്ന് റിപ്പോർട്ടർ പരാമർശിക്കുന്നുണ്ട്. “ഫുട്ബോൾ ആവേശം അതിരുകടന്നു, ശക്തികുളങ്ങരയിൽ ആരാധകർ തമ്മിൽ സംഘർഷം” എന്ന തലക്കെട്ടോടെ മാതൃഭൂമി ന്യൂസിന്‍റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോ ചുവടെ കാണാം. ആരാധകർ തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് അക്രമാസക്തമായ ഏറ്റുമുട്ടലായിമാറുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുക്കുയും ചെയ്തിരുന്നു.
വാസ്തവം
ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന വീഡിയോ 2022 ലേതാണ്.
Content Highlights: Viral video of a clash between Argentina and Brazil fans in Kollam is misleading., The footage is from November 2022, not a recent incident., Mathrubhumi Fact Check verified the event occurred in Shaktikulangara in 2022., Police had registered a case regarding the 2022 incident.
Published: 27 Jun 2026, 12:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented