കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. വധശ്രമത്തിന് കേസെടുത്ത പോലീസ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

To advertise here,

കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചുവെന്ന വാദം തെറ്റാണെന്നും അവർ മന്ത്രിയുടെ അടുത്ത് പോലും എത്തിയിട്ടില്ലെന്ന് ന്യൂസ് ചാനലുകൾ നൽകിയ ദൃശ്യങ്ങളിൽ വ്യക്തമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. അതേസമയം, വീണ ജോർജിനെ ആക്രമിക്കുന്ന വീഡിയോ നൽകുന്നവർക്ക് സമ്മാന ഓഫറുകളും വന്നു. കെ എസ് യു കുഴിമന്തിയാണ് ഓഫർ ചെയ്തതെങ്കിൽ ഒരു പവൻ സ്വർണമാണ് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച സമ്മാനം.

അതിനിടെയാണ്, വീണ ജോർജിൻ്റെ പരിക്കിന് പിന്നിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയാണെന്നും ഇത് കെഎസ്‍യുക്കാരുടെ തലയിൽ കെട്ടിവെക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് അനുകൂല ഹാൻറിലുകൾ രംഗത്ത് വന്നത്. തെളിവെന്നോണം ഉദ്യോഗസ്ഥ, വീണ ജോർജിന്‍റെ കഴുത്തിൽ ഇറുക്കുന്നതുപോലൊരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.

എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

 

അന്വേഷണം

പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ ഒട്ടേറെ അപാകതകൾ കാണാനാകും. ചിത്രത്തിൽ മന്ത്രിയുടെ ഇടതുകൈയും പോലീസ് ഉദ്യോഗസ്ഥയുടെ വലതുകൈയും സ്വാഭാവികമല്ലാത്ത രീതിയിൽ പരസ്പരം ഒട്ടിച്ചേർന്നാണിരിക്കുന്നത്. കൂടാതെ, പോലീസ് യൂണിഫോമിലെ ഷോൾഡർ ബാഡ്ജിൽ 'KP' (കേരള പോലീസ്) അല്ലെങ്കിൽ 'KPS' (കേരള പോലീസ് സർവ്വീസ്) എന്നതിന് പകരമുള്ളത് 'AS' എന്നാണ്. അവർ ധരിച്ചിരിക്കുന്ന യൂണിഫോമിന്‍റെ ഇടതുകൈയിൽ കാണുന്ന കേരള പോലീസ് ബാഡ്ജിൽ 'POLICE' എന്നതിന് പകരം അർത്ഥമില്ലാത്ത മറ്റെന്തോ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ചിത്രത്തിന്‍റെ വലതുവശത്ത് ഏറ്റവും അടിയിലായി ജെമിനി എഐ വാട്ടർമാർക്കും കാണാം. ജെമിനി ഉപയോഗിച്ച് നിർമ്മിക്കുന്ന എല്ലാ ചിത്രങ്ങളിലും, അവ എഐ വഴി സൃഷ്ടിക്കപ്പെട്ടതാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഈ ഡിജിറ്റൽ വാട്ടർമാർക്ക് ഉണ്ടാകും.

 

ചിത്രം യഥാർത്ഥത്തിലുള്ളതല്ലെന്നു സ്ഥാപിക്കുന്നതിനായി എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് പരിശോധന നടത്തി. 99%വും നിർമ്മിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രമാണിതെന്ന ഫലമാണ് ലഭിച്ചത്. പരിശോധനാഫലം ചുവടെ നൽകുന്നു.

വാസ്തവം

ഈ പ്രചാരണം വ്യാജമാണ്. എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രമാണ് പ്രചരിക്കുന്ന പോസ്റ്റിലുള്ളത്.