അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പാറക്കെട്ടുകളിൽ വനസംരക്ഷണ സമിതി (VSS) വാച്ചർമാർക്ക് വിശ്രമിക്കാനായി നിർമ്മിച്ച ചെറിയൊരു കാവൽ ഷെഡാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. 2018-ലെ കനത്ത പ്രളയത്തിൽ ഈ കുടിൽ പൂർണ്ണമായി വെള്ളത്തിനടിയിൽ മുങ്ങിയെങ്കിലും ശക്തമായ ഒഴുക്കിനെയും വെള്ളത്തിനൊപ്പമെത്തിയ മരത്തടികളെയും അതിജീവിച്ച് അത്ഭുതകരമായി നിലകൊള്ളുകയുണ്ടായി. എന്നാൽ, അതേ ഷെഡ് ഇപ്പോഴത്തെ മഴയിൽ തകർന്നുവീണു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘അതും തകർന്നു’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

To advertise here,

അന്വേഷണം

2018-ലെ പ്രളയത്തെയും ശക്തമായ കാറ്റിനെയും അതിജീവിച്ച ഷെഡ് അന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വന സംരക്ഷണ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന സുരക്ഷാ ജീവനക്കാർക്ക് വിശ്രമിക്കാനായി നിർമ്മിച്ച ഓലമേഞ്ഞ പന്തൽ, പാറകൾക്കിടയിൽ ആഴത്തിൽ ഉറപ്പിച്ച പത്ത് തൂണുകളുടെ കരുത്തിലാണ് നിലകൊള്ളുന്നത്. 2018-ലെ മഹാപ്രളയത്തിൽ പൂർണ്ണമായും മുങ്ങിയിട്ടും തകരാതെ നിന്ന ഈ നിർമ്മിതിയുടെ പിന്നിലെ രഹസ്യം തേടി നിരവധി പേർ വനപാലകരെ സമീപിക്കുകയും ചെയ്തതായാണ് വിവരം. പത്ത് തൂണുകളിൽ ഏഴെണ്ണം പാറയിടുക്കുകളിൽ ഏകദേശം 2.5 അടി താഴ്ചയിലും ബാക്കി മൂന്ന് തൂണുകൾ വളരെ ആഴത്തിലുമാണ് ഉറപ്പിച്ചിട്ടുള്ളത്. പ്രളയത്തിന് ശേഷം ഷെഡിന് ചില കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തുകയും ഇതിന്റെ തൂണുകൾ കോൺക്രീറ്റ് ഉപയോഗിച്ച് കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്തിരുന്നു.

ഈ ഷെഡാണ് തകർന്നതെന്നാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഓഗസ്റ്റ് 1-ന് ശക്തമായ മഴയെ തുടർന്ന് തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതിരപ്പിള്ളി വാഴച്ചാൽ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും താൽകാലികമായി നിരോധനം ഏർപ്പെടുത്തുകയുണ്ടായി. മാതൃഭൂമി ഇത് റിപ്പോർട്ട് ചെയ്തിരുന്നു. വീഡിയോ താഴെനൽകുന്നു.

അതിരപള്ളി വെള്ളചാട്ടത്തിൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഷെഡ് തകർന്നെന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി പോസ്റ്റ് പങ്കുവച്ചതായി കണ്ടെത്തി. “അതിരപ്പള്ളി വെള്ളച്ചാട്ടത്തിലെ ‘കുടിൽ തകർന്നു’ എന്ന പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന വീഡിയോ എഐ നിർമ്മിതം” എന്നാണ് പോസ്റ്ററിൽ പറയുന്നത്.

തുടർന്ന് വീഡിയോ എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് പരിശോധിച്ചു. വീഡിയോ 67.3 ശതമാനവും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് സമാനമായ ഒരു ചിത്രം കണ്ടെത്തി. ഈ ചിത്രമുപയോഗിച്ചാവാം പ്രചരിക്കുന്ന വീഡിയോ നിർമ്മിച്ചത്.

വാസ്തവം

അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം പാറക്കെട്ടുകളിൽ സ്ഥാപിച്ചിരുന്ന വനസംരക്ഷണ സമിതി വാച്ചർമാർക്കായുള്ള ഷെഡ് തകർന്നു എന്ന പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന വീഡിയോ എഐ നിർമ്മിതം.