റോഡിലൂടെ അമിതവേഗത്തിൽ ഇരുചക്രവാഹനം ഓടിക്കുന്ന യുവാക്കളുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയുടെ രണ്ടാം ഭാഗത്ത് ഒരു പോലീസുകാരൻ രണ്ട് യുവാക്കളെ സ്റ്റേഷനിൽവച്ച് മർദ്ദിക്കുന്നതും കാണാം. അപകടകരമാം വിധം വാഹനം ഓടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത ഉടൻ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിക്കുന്നുവെന്ന രീതിയിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. 

To advertise here,

'മികച്ച #പ്രകടനത്തിന് അപ്പൊ തന്നെ വിളിച്ച് #അവാർഡ് കൊടുത്തു.! ' എന്ന വിവരണത്തോടെയാണ് വീഡിയോ ഫേസബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

placeholder
പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്

 ആർക്കൈവ് ലിങ്ക് - https://mvau.lt/media/59c11128-c066-43ae-92ca-d2852ff576ce

എന്നാൽ, പ്രചരിക്കുന്ന വീഡിയോ രണ്ട് വ്യത്യസിത സംഭവങ്ങളുടേതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജാർഖണ്ഡിലെ ജംഷഡ്പുരിൽ നിന്നുള്ള ബൈക്ക് സ്റ്റണ്ട് വീഡിയോയും തമിഴ്നാട് പെരുമ്പാക്കം പൊലീസ് സ്റ്റേഷനിലെ പഴയ വീഡിയോയും ചേർത്ത് വച്ചാണ് പ്രചാരണം. 

അന്വേഷണം

വൈറൽ വീഡിയോയിൽ രണ്ട് വ്യത്യസ്ത ക്ലിപ്പുകളാണുള്ളത്. ആദ്യത്തേതിൽ റോഡിലൂടെ അതിവേഗം വാഹനമോടിക്കുന്ന ഇരുചക്രവാഹനവും രണ്ടാമത്തെ ക്ലിപ്പിൽ പൊലീസ് രണ്ട് യുവാക്കളെ സ്റ്റേഷനിൽവച്ച് മർദ്ദിക്കുന്നതും കാണാം. പൊലീസുകാരൻ തമിഴിലാണ് സംസാരിക്കുന്നത്, അതിനാൽ രണ്ടാമത്തെ ക്ലിപ്പ് തമിഴ്‌നാട്ടിൽ നിന്നുള്ളതായിരിക്കാം എന്ന സൂചന ലഭിച്ചു. ചില പോസ്റ്റുകളുടെ കമന്റിലും തമിഴ്നാട്ടിലെ വീഡിയോ ആണെന്ന് പറയുന്നുണ്ട്. 
വീഡിയോയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി രണ്ട് ക്ലിപ്പുകളും പ്രത്യേകം പരിശോധിച്ചു.

ആദ്യ ക്ലിപ്പ്

യുവാക്കൾ റോഡിൽ ബൈക്ക് സ്റ്റണ്ട് നടത്തുന്ന ദൃശ്യങ്ങളുടെ കീ ഫ്രെയ്മുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ ദൃശ്യം ഉൾപ്പെടുന്ന നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ ലഭ്യമായി. അൽപം കൂടി ദൈർഘ്യവും വ്യക്തതയുമുള്ള വീഡിയോകളാണിവ. ഇത് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ ജാർഖണ്ഡ് രജിസ്ട്രേഷനാണെന്ന് വ്യക്തമായി. ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഈ ബൈക്ക് സ്റ്റണ്ടിൽ ഉൾപ്പെട്ട യുവാക്കളുടെ ഇൻസ്റ്റഗ്രാം ഐ.ഡികളും നൽകിയിട്ടുണ്ട്. 

ഈ സൂചനകൾ ഉപയോഗിച്ച് കീവേർഡ് സെർച്ച് നടത്തിയപ്പോൾ വൈറൽ വീഡിയോയിലെ സംഭവങ്ങൾ പ്രതിപാദിക്കുന്ന ചില റിപ്പോർട്ടുകൾ ലഭ്യമായി. 2025 ജനുവരി എട്ടിന് പ്രഭാത് ഖബർ എന്ന ഹിന്ദി മാധ്യമം പങ്കുവച്ച റിപ്പോർട്ടിൽ വൈറൽ വീഡിയോയിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോർട്ട് പ്രകാരം ജംഷഡ്പുരിലെ ബിർസാനഗർ യാൻ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ബൈക്ക് സ്റ്റണ്ട് നടന്നത്. ജനുവരി ഏഴിനാണ് ഇതുമായി ബന്ധപ്പെട്ട് ഏഴ് യുവാക്കളെ അറസ്റ്റ് ചെയ്തത്. അപകടകരമാം വിധം വാഹനമോടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തചഞ46 എന്ന ഗ്രൂപ്പിന്റെ ഭാഗമായ യുവാക്കളാണ് അറസ്റ്റിലായത്. 

യുവാക്കളെ കൊണ്ട് മാപ്പു പറയിക്കുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് പൊലീസ് ഇവരെ ജാമ്യത്തിൽ വിട്ടത്. യുവാക്കളുടെ ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്തു. ജംഷഡ്പുർ എസ്.പി. കുമാർ ശിവാഷിഷ് സംഭവത്തെപ്പറ്റി വിശദീകരിക്കുന്ന വീഡിയോ സഹിതമാണ് വാർത്ത. പ്രഭാത് ഖബർ റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ട് ചുവടെ കാണാം.  

placeholder
പ്രഭാത് ഖബർ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്‌ക്രീൻഷോട്ട് 

ഇടിവി ഭാരത് ഉൾപ്പെടെയുള്ള മറ്റ് മാധ്യമങ്ങളും സമാനമായ വാർത്ത നൽകിയിട്ടുണ്ട്. ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാക്കളെ പൊലീസ് മർദ്ദിച്ചിരുന്നോ എന്ന വിവരവും പരിശോധിച്ചു. യുവാക്കളെ അറസ്റ്റ് ചെയ്ത ബിർസാനഗർ യാൻ പൊലീസ് സ്റ്റേഷനൽ ബന്ധപ്പെട്ടു. 'ജംഷഡ്പുർ പൊലീസിന്റെ സേഫ് ഡ്രൈവ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് റാഷ് ഡ്രൈവിംഗ് നടത്തുന്നവരെ നിരീക്ഷിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ഇത്തരം വീഡിയോകൾ പങ്കുവച്ച XNR 46 ഗ്രൂപ്പിലെ ചില യുവാക്കളെ ഞങ്ങൾ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവരെ മർദ്ദിച്ചില്ല, ഇവരുടെ ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്തു. കൂടാതെ ഇനി ഇത്തരം തെറ്റ് ആവർത്തിക്കില്ലെന്ന് യുവാക്കളെ കൊണ്ട് വീഡിയോ ചിത്രീകരിച്ചിരുന്നു, ' ബിർസാപുർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇന്ത്യാ ടുഡേയോട് വ്യക്തമാക്കി. 

ഇന്ത്യാ ടുഡേയുടെ ജംഷഡ്പുർ ലേഖകൻ അനൂപ് സിൻഹയുടെ സഹായത്തോടെ ഈ വിഷയത്തെ കുറിച്ച് വിശദമായി പരിശോധിച്ചു. സിറ്റി പൊലീസിന്റെ റാഷ് ഡ്രൈവിനെതിരെയുള്ള ക്യാംപെയ്ന്റെ ഭാഗമായാണ് ഈ സംഘത്തെ അറസ്റ്റ് ചെയ്തതെന്ന് അനൂപ് സിൻഹ വ്യക്തമാക്കി. യുവാക്കളുടെ വീട്ടുകാരെ വിളിച്ചുവരുത്തി തെറ്റ് ആവർത്തിക്കില്ലെന്ന് എഴുതി വാങ്ങിച്ചിട്ടുണ്ട്. യുവാക്കളെ പൊലീസ് മർദ്ദിച്ചതായി വിവരമില്ലെന്നും സിൻഹ പറഞ്ഞു

രണ്ടാമത്തെ ക്ലിപ്പ്

വൈറൽ വീഡിയോയിലെ രണ്ടാമത്തെ ക്ലിപ്പ് റിവേഴ്സ് ഇമേജിൽ തിരഞ്ഞപ്പോൾ 2024 ഓഗസ്റ്റിൽ പങ്കുവച്ച നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ ലഭ്യമായി. ഇവയിലെല്ലാം തമിഴ്നാട്ടിലെ താമ്പരം സിറ്റി പൊലീസിന്റെ പരിധിയിലുള്ള പെരുമ്പാക്കം പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവമാണെന്ന് വ്യക്തമാക്കുന്നുണ്ട്. 'ദി എൻഷ്യന്റ് ടൈംസ് ന്യൂസ്' എന്ന ഓൺലൈൻ മാധ്യമത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വീഡിയോ ചുവടെ കാണാം

 

ഈ സൂചന ഉപയോഗിച്ച് കീ വേർഡ് സെർച്ച് നടത്തിയപ്പോൾ ദി ഹിന്ദു 2024 ഒഗസ്റ്റ് 9-ന് പങ്കുവച്ച റിപ്പോർട്ട് ലഭ്യമായി. ഇതു പ്രകാരം 2023-ൽ നടന്ന സംഭവമാണിത്. എന്നാൽ വീഡിയോ  പുറത്തുവന്നത് 2024 ഓഗസ്റ്റിലാണ്. അടിപിടി കേസിൽ അറസ്റ്റിലായ യുവാക്കളെ മർദ്ദിക്കുന്നത് പെരുമ്പാക്കം സ്പെഷ്യൽ സബ് ഇൻസ്പെക്ടർ (എസ്എസ്ഐ) ശിവകുമാറാണ്. വീഡിയോ വൈറലായതിനെ തുടർന്ന് ശിവകുമാറിനെ സസ്പെന്റ് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ദി ഹിന്ദു പ്രസിദ്ധീകരിച്ച വാർത്ത ഇവിടെ വായിക്കാം.

വൈറൽ വീഡിയോ ഉൾപ്പെടുത്തിയുള്ള താംബരം സിറ്റി പൊലീസിന്റെ പ്രസ് റിലീസ് 'അപ്ഡേറ്റ് ന്യൂസ് 360' എന്ന തമിഴ് ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ചിട്ടുണ്ട്.മുൻ വൈരാഗ്യത്തെ തുടർന്നുള്ള ആക്രമണത്തിന്റെ പേരിൽ 2023 ഓഗസ്റ്റ് 17-ന് രജിസ്റ്റർ ചെയ്ത കേസിലെ ആരോപണ വിധേയരെയാണ് സ്പെഷ്യൽ സബ് ഇൻസ്പെക്ടർ ശിവകുമാർ മർദ്ദിച്ചതെന്നും അന്വേഷണ വിധേയമായി എസ്എസ്ഐ യെ സസ്പെൻഡ് ചെയ്തതായും പത്രക്കുറിപ്പിലുണ്ട്.

ലഭ്യമായ വിവരങ്ങളിൽ നിന്ന് ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാക്കളെ പൊലീസ് മർദ്ദിക്കുന്നതായി പ്രചരിപ്പിക്കുന്ന വീഡിയോയിലെ സംഭവങ്ങൾക്ക് തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമായി

വാസ്തവം

വൈറൽ വീഡിയോയിലെ ക്ലിപ്പുകൾ തമ്മിൽ ബന്ധമില്ല. ആദ്യ വീഡിയോ ജനുവരി ആദ്യവാരം ജംഷഡ്പുരിൽ ചിത്രീകരിച്ച ബൈക്ക് സ്റ്റണ്ടും രണ്ടാമത്തേത് തമിഴ്നാട്ടിലെ പെരുമ്പാക്കം പൊലീസ് സ്റ്റേഷനിൽ 2023-ൽ നടന്ന സംഭവവുമാണ്.

(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)