കോലഞ്ചേരി: തേക്കടി-എറണാകുളം സംസ്ഥാന പാതയുടെ കിഴക്കമ്പലം-നെല്ലാട് റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തതോടെ അപകടങ്ങൾ വർധിച്ചു. രണ്ടു വലിയ വാഹനങ്ങൾക്ക് കഷ്ടി കടന്നുപോകാൻ മാത്രം വീതിയുള്ള ഈ റോഡിന്റെ പല ഭാഗത്തും സ്ഥലമില്ല. കാൽനടക്കാർക്ക് സഞ്ചരിക്കാൻപോലും പലയിടത്തും സ്ഥലമില്ല. എന്നാൽ റോഡിൽ വാഹനപ്പെരുപ്പം വൻതോതിൽ വർധിച്ചിട്ടുമുണ്ട്. ഇവിടെ സ്ഥിരം അപകടമേഖലയായി മാറിയതോടെ നാട്ടുകാർ ഭീതിയിലായി. കഴിഞ്ഞ ദിവസം മഞ്ചനാട് ട്രാൻസ്‌ഫോർമറിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മംഗലത്തുനട ചെരക്കാകുഴി സാബുവിനെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അല്ലപ്ര സ്വദേശി ഓടിച്ചിരുന്ന കാറുമായാണ് ബൈക്ക് കൂട്ടിമുട്ടിയത്. തൊട്ടടുത്ത ദിവസം തന്നെ മഞ്ചനാട് എം.എൽ.എ.റോഡിനുമുന്നിൽ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് രണ്ടു സ്‌കൂട്ടറിലെയും യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റ നെല്ലാട് നെല്ലിമറ്റത്തിൽ ഷൈജുവിന്റെ ഭാര്യ ഷെല്ലിയെയും മകളെയും കോലഞ്ചേരി മെഡിക്കൽ കോളേജിലും ആടുകച്ചവടം നടത്തുന്ന പേഴയ്ക്കാപ്പിള്ളി സ്വദേശിയെ പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിയിലും എത്തിച്ചു. അൻപതിലധികം അപകടങ്ങൾ നടന്നിട്ടുള്ള ഇവിടെ രണ്ടു മരണവും നിരവധി പേർക്ക് ഗുരുതര പരിക്കുകളും പറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതാധികൃതർക്ക് ഈ വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. റോഡരികിലെ വീട്ടുകാർ ഓരോ ദിവസവും അപകട ഭീതിയോടെയാണ് കഴിയുന്നതെന്ന് മഞ്ചനാട് റെസിഡെൻഷ്യൽ അസോസിയേഷൻ പ്രതിനിധി കെ.ആർ. പ്രദീപ് പറഞ്ഞു. അപകട മേഖലയിലെങ്കിലും അപകട പരമ്പരകൾക്ക് തടയിടാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലെ തിരുവാങ്കുളത്തെയും ആലുവ-മൂവാറ്റുപുഴ റോഡിൽ പെരുമ്പാവൂരിലെയും ഗതാഗതക്കുരുക്കിൽ നിന്നും രക്ഷപ്പെടാൻ യാത്രക്കാർ ഈ റോഡ് തിരഞ്ഞെടുത്തതോടെ റോഡിന് താങ്ങാവുന്നതിലേറെ തിരക്കാണ് രാവിലെയും വൈകീട്ടും അനുഭവപ്പെടുന്നത്.
Content Highlights: Residents in Manjanad live in fear as rising road accidents on the newly tarred Kizhakkambalam Nellad road spark urgent demands for safety interventions.
Published: 29 Nov 2026, 10:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented