കൊച്ചി : ദേശീയപാത 66-ലെ ഇടപ്പള്ളി-വൈറ്റില-അരൂർ നിർദിഷ്ട എലിവേറ്റഡ് ഹൈവേയുടെ നിർത്തിവെച്ച വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) പഠനം അടിയന്തരമായി പുനരാരംഭിക്കാൻ തീരുമാനം.

To advertise here,

ഹൈബി ഈഡൻ എം.പി. ഡൽഹിയിലെ കേന്ദ്രകാര്യാലയത്തിൽ നേരിട്ടെത്തി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.) ചെയർമാൻ സന്തോഷ് കുമാർ യാദവുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം.

ഇതിന്റെ ഭാഗമായി എൻ.എച്ച്.എ.ഐ.യുടെ ഉന്നത ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്‌ധരും നവംബർ പകുതിയോടെ സ്ഥലം സന്ദർശിച്ച് വികസന റിപ്പോർട്ട് തയ്യാറാക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക.

വടക്ക് ഇടപ്പള്ളി-കൊടുങ്ങല്ലൂർ ഭാഗത്ത് ആറുവരിപ്പാത വികസനവും തെക്ക് അരൂർ-തുറവൂർ ഭാഗത്ത് ആറുവരി എലിവേറ്റഡ് എക്സ്‌പ്രസ് വേ നിർമാണവും പുരോഗമിക്കുകയാണ്. എന്നാൽ, നടുവിലുള്ള ഇടപ്പള്ളി-വൈറ്റില-അരൂർ പാത പഴയ നാലുവരിപ്പാതയായി തുടരുന്നത് വലിയ ഗതാഗതക്കുരുക്കിന് (കുപ്പിക്കഴുത്ത്) ഇടയാക്കുമെന്ന് എം.പി. ചൂണ്ടിക്കാട്ടി.

ഇരുവശത്തും കൂറ്റൻ കെട്ടിടങ്ങൾ ഉള്ളതിനാൽ ഭൂമി ഏറ്റെടുത്ത് വീതികൂട്ടൽ പ്രായോഗികമല്ല. കൊച്ചി ഔട്ടർ റിങ് റോഡ് വരുന്നത് ചൂണ്ടിക്കാട്ടി ഈ ഭാഗത്ത് എലിവേറ്റഡ് പാത ഒഴിവാക്കാനുള്ള മുൻ നിഗമനം പുനഃപരിശോധിക്കണമെന്നും കൊച്ചിയിലെ പ്രധാന ജങ്ഷനുകളെ ഒഴിവാക്കിയുള്ള വികസനം അർഥശൂന്യമാണെന്നും എം.പി. ചെയർമാനെ ധരിപ്പിച്ചു.

സംസ്ഥാന സഹകരണത്തോടെ പദ്ധതിക്ക് മുൻഗണന നൽകാൻ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാത 66-ലെ കൊടുങ്ങല്ലൂർ-ഇടപ്പള്ളി റീച്ചിലെ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കുന്നതിന് രണ്ടാം ഘട്ടത്തിൽ 7,45,38,700 രൂപയുടെ അധിക ഡ്രെയിനേജ് പദ്ധതിക്ക് എൻ.എച്ച്.എ.ഐ. അംഗീകാരം നൽകി. മഴവെള്ളം സ്വാഭാവിക ജലാശയങ്ങളിലേക്ക് ഒഴുക്കിവിടാൻ തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിച്ച എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചത്. ഇതോടെ െഡ്രയിനേജ് നിർമാണത്തിന് ആകെ അനുവദിച്ച തുക 28.89 കോടി രൂപയായി ഉയർന്നു. മുൻപ് 22.43 കോടി രൂപ അനുവദിച്ചിരുന്നു.