ഇലഞ്ഞി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ സർവീസ് നടത്തുന്ന ഏജൻസിയുടെ വാഹനത്തിൽനിന്ന് നഷ്ടപ്പെട്ട വലിയ ബാഗേജ് ഏജൻസിക്ക് തിരിച്ചുനൽകി ഇലഞ്ഞി പഞ്ചായത്ത് മൂന്നാം വാർഡിലെ ഹരിതകർമ സേനാംഗങ്ങളായ മേരിയും മഞ്ജു ബാബുവും സാമൂഹികസേവനത്തിന് മാതൃകയായി. വീടുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക്, മുത്തോലപുരം വേളാശ്ശേരിത്താഴത്ത് തരംതിരിക്കുകയായിരുന്നു മേരി പത്രോസും, മഞ്ജു ബാബുവും. ഈ സമയം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട ഭാരമുള്ള ബാഗേജ് ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടു. സമീപവാസികളുടെ സഹായത്തോടെ എസ്.എൻ.ഡി.പി. യോഗം ഓഫീസ് വരാന്തയിൽ ബാഗേജ് എത്തിച്ചു. ബാഗേജിന്റെ ലേബലിൽ ഉണ്ടായിരുന്ന വിവിധ നമ്പറുകളിൽ വിളിച്ചപ്പോഴാണ് ഏജൻസിയുടെ ഓഫീസുമായി ബന്ധപ്പെടാൻ സാധിച്ചതെന്ന് ഹരിതകർമസേനാംഗങ്ങൾ പറഞ്ഞു. ബാഗേജ് കടുത്തുരുത്തിയിൽ ഡെലിവറി ചെയ്യേണ്ടതാണെന്ന് കണ്ടെത്തി. ഹരിതകർമസേനാംഗങ്ങൾ പഞ്ചായത്തിൽ അറിയിച്ചതിനെ തുടർന്ന് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.പി. ജോസഫും, ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ മോളി എബ്രഹാമും സ്ഥലത്തെത്തുകയും ഹരിതകർമസേനാംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ബാഗേജ് ബന്ധപ്പെട്ടവർക്ക് കൈമാറുകയും ചെയ്തു. ഹരിതകർമസേനാംഗങ്ങളായ മേരിയെയും മഞ്ജുവിനെയും പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് മെംബർ സിജി പീറ്റർ പറഞ്ഞു.

To advertise here,