വാഷിങ്ടണ്‍: ഈനാംപേച്ചികളുടെ ഏഴ് ഉപജാതികളെ പ്രത്യേക സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുത്താനൊരുങ്ങി അമേരിക്ക. എന്‍ഡാന്‍ജേഡ് സ്പീഷിസ് ആക്ട് പ്രകാരം ഇവയെ സംരക്ഷിക്കാനാണ് അമേരിക്കയുടെ പദ്ധതി. ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളില്‍ കാണപ്പെടുന്ന ഈനാംപേച്ചികളുടെ ഉപജാതികള്‍ക്കാകും സംരക്ഷണം ഒരുക്കുക. 

To advertise here,

ഏഷ്യയില്‍ കാണുന്ന ചൈനീസ്, ഇന്ത്യന്‍, സുണ്ട, ഫിലിപ്പീന്‍ ആഫ്രിക്കയില്‍ കാണപ്പെടുന്ന വൈറ്റ് ബെല്ലീഡ്, ബ്ലാക്ക് ബെല്ലീഡ്, ജയന്റ് തുടങ്ങിയ ഈനാംപേച്ചികളുടെ ഉപജാതികള്‍ക്കാണ് പ്രത്യേക നിയമം സംരക്ഷണം നല്‍കുക. സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഏഴ് ഉപജാതികളും വംശനാശഭീഷണി നേരിടുന്നവയാണ്. ഈനാംപേച്ചിയുടെ മറ്റൊരു ഉപജാതിയായ ടെമിന്‍ക്‌സ് ഗ്രൗണ്ടിനെ മുന്‍പുതന്നെ സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

ലോകത്തില്‍തന്നെ ഏറ്റവുമധികം വന്യജീവി കടത്തിന് ഇരയാകുന്ന സസ്തനികളിലൊന്ന് കൂടിയാണ് ഈനാംപേച്ചി. പരമ്പരാഗത മരുന്നിനും മാംസത്തിനുമായി ഇവ വന്‍തോതില്‍ വേട്ടയാടപ്പെടുന്നതായി വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആവാസവ്യവസ്ഥ നാശം ഇവയെ പ്രത്യേക സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുന്നതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും വിദഗ്ധര്‍ പറയുന്നു. 

ഈനാംപേച്ചികളുടെ പുറംഭാഗത്ത് ഇവയ്ക്ക് സംരക്ഷണത്തിനായി നല്‍കിയിരിക്കുന്ന കവച ശല്‍ക്കത്തിനായും ഇവ വന്‍തോതില്‍ വേട്ടയാടപ്പെടുന്നു. വേട്ടയാടല്‍ കാരണം ഇന്ന് ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി യു.എസ് ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് സര്‍വീസ് ചൂണ്ടിക്കാട്ടുന്നു. പ്രാണികളാണ് ഈനാംപേച്ചികളുടെ പ്രധാന ആഹാരം. ആപത്ത് മണത്താല്‍ ഇവ ശരീരം പന്ത് പോലെ ചുരുട്ടും. അമേരിക്കയിലുള്ളതും വിദേശത്തുള്ളതുമായ 2,000 സ്പീഷിസുകളെയാണ് എന്‍ഡാന്‍ജേഡ് സ്പീഷിസ് ആക്ടില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ച് പോരുന്നത്.