വനത്തിനുള്ളിലൂടെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ കടുവകളുടെ തൊട്ടടുത്തുകൂടിയൊരു യാത്ര. അങ്ങനെയൊരു വിസ്മയിപ്പിക്കുന്ന യാത്രയ്ക്ക് അരങ്ങൊരുങ്ങുകയാണ് കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തിലെ പേരാമ്പ്ര എസ്റ്റേറ്റില്‍. നെയ്യാറിലെ ലയണ്‍ സഫാരി പാര്‍ക്ക്  മാതൃകയില്‍ ഒരുങ്ങുന്ന  പുതിയ കടുവാ സഫാരി പാര്‍ക്ക് മലബാറിന്റെ വിനോദയാത്രാ വികസനത്തിന് വലിയ നാഴികക്കല്ലാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനായി 120 ഹെക്ടര്‍(296.526 ഏക്കര്‍) സ്ഥലം വിട്ടുകൊടുക്കാന്‍ വനം വകുപ്പ് തീരുമാനമെടുത്തുകഴിഞ്ഞു.ഇനി സര്‍വേ നടപടികളാണ് നടക്കേണ്ടത്. വനം വകുപ്പ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന് പാട്ടത്തിന് നല്‍കിയ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട സ്ഥലത്താണ് പേരാമ്പ്ര എസ്റ്റേറ്റ് പ്രവര്‍ത്തിക്കുന്നത്. 1230.53 ഹെക്ടര്‍ സ്ഥലത്തിന്റെ പാട്ടക്കാലാവധി അടുത്തിടെ അവസാനിച്ചിരുന്നു. ഇതില്‍ പെട്ട 120 ഹെക്ടര്‍ സ്ഥലമാണ് പാര്‍ക്കിനായി അനുവദിച്ചിരിക്കുന്നത്.

To advertise here,

ഭൂമിശാസ്ത്രപരമായ കിടപ്പും ജലലഭ്യതയും ചുറ്റും മനുഷ്യവാസമില്ലെന്നതുമെല്ലാം പരിഗണിച്ചാണ് ഇവിടം സഫാരി പാര്‍ക്കിന് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സെപ്തംബര്‍ 20 ന് വനംമന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമായിരുന്നു കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ടൈഗര്‍ സഫാരി പാര്‍ക്കിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ തീരുമാനിച്ചത്. ഇതിനായി പ്രത്യേക സമിതി നടത്തിയ പഠനത്തിനൊടുവിലാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ആദ്യ പടിയെന്നോണം സര്‍വേ  എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഡി.പി.ആര്‍ തയ്യാറാക്കി സ്ഥലം പദ്ധതിക്ക് വിട്ടുനല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് കഴിഞ്ഞ ദിവസം വനംമന്ത്രി എ.കെ ശശീന്ദ്രനും കൃഷി മന്ത്രി പി.പ്രസാദും അറിയിച്ചിരിക്കുന്നത്. ഈ ഡി.പി.ആര്‍ നാഷണല്‍ ടൈഗര്‍ റിസര്‍വേഷന്‍ അതോറിറ്റി പ്രതിനിധികള്‍ക്ക് സമര്‍പ്പിച്ച് അവര്‍ കൂടിയെത്തി പരിശോധന പൂര്‍ത്തിയാക്കുന്ന മുറയ്ക്കാണ് അന്തിമാനുമതി നല്‍കുക. ഇത് ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. നേരത്തെ വനം വകുപ്പ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്  പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ നിന്നാണ് കടുവാ സഫാരി പാര്‍ക്കിനുള്ള സ്ഥലം കണ്ടെത്തുന്നത് എന്നതിനാല്‍ നിലവിലുള്ളതില്‍ വനത്തിന് ഒരു ദോഷവും സംഭവിക്കില്ലെന്നും ജനവാസ മേഖലയല്ല എന്നത് അനുകൂലമായ ഘടകമാണെന്നും  ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

placeholder
ബെംഗളൂരു ബന്നാര്‍ ഘട്ടെ ബയോളജിക്കല്‍ പാര്‍ക്കിലെ കടുവ| ഫോട്ടോ: പി.ടി.ഐ

കുടുവകളുടെ പുനരധിവാസം ഒപ്പം ടൂറിസം

വയനാട്ടിലടക്കം മനുഷ്യ-വന്യമൃഗ സംഘര്‍ഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കടുവാശല്യം. കാടിറങ്ങുന്ന കടുവകള്‍ താമസ സ്ഥലങ്ങളിലെത്തി വളര്‍ത്തു മൃഗങ്ങളേയും മനുഷ്യനെ പോലും അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന വാര്‍ത്തകള്‍ വയനാട്ടില്‍ നിന്നും പുറത്തുവരുന്നത് സ്ഥിരം സംഭവമായി മാറിക്കഴിഞ്ഞു. കടുവാശല്യം മൂലം പല പ്രദേശങ്ങളും രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്. വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടാന്‍ തുടങ്ങിയതോടെ പലരുടേയും വരുമാനമാര്‍ഗവും നിലച്ചു. വനം വകുപ്പ് കൂടുവെച്ച് കടുവകളെ പിടുകൂടുന്നുണ്ടെങ്കിലും ഇവയുടെ പുനരധിവാസം വലിയ വെല്ലുവിളിയാണ്. സുല്‍ത്താന്‍ബത്തേരി പച്ചാടിയിലെ ഏക പുനരധിവാസ കേന്ദ്രമാണിപ്പോള്‍ പിടികൂടന്ന കടുവകളുടെ കേന്ദ്രം. ഇവിടേയുള്ള കൂടുകള്‍  ഇപ്പോള്‍ തന്നെ നിറഞ്ഞ അവസ്ഥയിലാണ്. മാത്രമല്ല ഇവയുടെ പരിപാലനവും വലിയ പ്രശ്‌നമാണ്. 

പേരാമ്പ്ര എസ്റ്റേറ്റില്‍ പുതിയ കടുവാ സഫാരി പാര്‍ക്ക് വരുന്നതോടെ ഈ കടുവകളെ ഇവിടേയ്ക്ക് എത്തിക്കാന്‍ കഴിയും സംരക്ഷണമൊരുക്കാനും കഴിയും. പ്രായാധിക്യം കൊണ്ട് വേട്ടയാടാന്‍ കഴിയാത്തതും പരിക്ക് പറ്റിയവയുമെല്ലാമാണ് ഇപ്പോള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി പ്രശ്നക്കാരാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. വയനാട്ടില്‍ മാത്രം പ്രായാധിക്യമെത്തിയ ഇരുപതോളം കടുവകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയെല്ലാം പുനരധിവസിപ്പിക്കാനുള്ള ശേഷി ഇപ്പോള്‍ വനം വകുപ്പിനില്ല. ഇത് കൂടി ലക്ഷ്യമിട്ടാവും പേരാമ്പ്രയിലെ സഫാരി പാര്‍ക്ക്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

പെരവണ്ണാമൂഴി കക്കയം ടൂറിസം സ്പോട്ടിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതാകും കടുവാ സഫാരി പാര്‍ക്കെന്നാണ് സര്‍ക്കാരും കണക്കുകൂട്ടുന്നത്. നെയ്യാറില്‍ ലയണ്‍ സഫാരി പാര്‍ക്ക് ആരംഭിച്ച കാലത്ത് സന്ദര്‍ശകരുടെ വലിയ ഒഴുക്കായിരുന്നു അന്നുണ്ടായത്.ഇത് വിനോദസഞ്ചാര മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടായിരുന്നു. ഇതിന് സമാനമായിരിക്കും ടൈഗര്‍ സഫാരി പാര്‍ക്കെന്നും സര്‍ക്കാരും വനം വകുപ്പും കണക്കുകൂട്ടുന്നു. നെയ്യാറിന് സമാനമായി വലിയ ചുറ്റുമതില്‍ കെട്ടി വേലികള്‍ കെട്ടി സംരക്ഷിച്ചായിരിക്കും പേരാമ്പ്ര എസ്റ്റേറ്റിലേയും സഫാരി പാര്‍ക്കുകള്‍. ഇതിനുള്ളിലൂടെ വനം വകുപ്പിന്റെ വാഹനങ്ങളില്‍ സഞ്ചരിച്ച് കാഴ്ചകള്‍ കാണാം. പദ്ധതി നടപ്പിലാക്കുന്നതില്‍ ബന്നാര്‍ഘട്ടയാണ് വനം വകുപ്പ് മാതൃകയായി ചൂണ്ടിക്കാട്ടുന്നത്.

placeholder
നെയ്യാര്‍ സിംഹ സഫാരിപാര്‍ക്കിലുണ്ടായിരുന്ന സിംഹങ്ങള്‍ | ഫോട്ടോ: മാതൃഭൂമി

സിംഹങ്ങളില്ലാതായിപ്പോയ നെയ്യാറിലെ സിംഹ സഫാരി പാര്‍ക്ക്

രാജ്യത്തെ ആദ്യ സിംഹ സഫാരി പാര്‍ക്കെന്ന ഖ്യാതിയിലാണ് നെയ്യാറില്‍ 1984- ല്‍ ലയണ്‍ സഫാരി പാര്‍ക്ക് സ്ഥാപിച്ചത്. തൃശ്ശൂര്‍ മൃഗശാലയില്‍ നിന്നും കൊണ്ടുവന്ന സങ്കരയിനത്തില്‍ പെട്ട ഒരാണും മൂന്ന് പെണ്‍സിംഹങ്ങളുമായിട്ടാണ് 1984-ല്‍ ഇത് ആരംഭിച്ചത്. മൂന്ന് വശങ്ങളും റിസര്‍വോയറിനാല്‍ ചുറ്റപ്പെട്ട നാല് ഹെക്ടര്‍ വിസ്തീര്‍ണമുള്ള ഈ പാര്‍ക്കിന് ചുറ്റും ആറ് മീറ്ററോളം ഉയരത്തില്‍ 1.3 കിലോമീറ്റര്‍ നീളത്തില്‍ ഇരുമ്പ് സംരക്ഷണ വേലിയും തീര്‍ത്തിരുന്നു. 1985 ല്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്ത പാര്‍ക്ക് തുടക്കത്തില്‍ ചില പ്രശ്നങ്ങളില്‍ പെട്ട് പൂട്ടിപ്പോയെങ്കിലും 1992-ല്‍ പുനഃരാരംഭിച്ചതോടെ വന്‍ വിജയമാവുകയും ചെയ്തിരുന്നു. 

ക്രമാതീതമായി എണ്ണം പെരുകിയതിനെ തുടര്‍ന്ന് മൃഗങ്ങളുടെ പ്രജനനം തിരഞ്ഞെടുത്ത കേന്ദ്രത്തില്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ നിര്‍ദേശാനുസരണം അന്ന് പാര്‍ക്കില്‍ ഉണ്ടായിരുന്ന മൂന്ന് ആണ്‍ സിംഹങ്ങളേയും വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇതോടെ സങ്കരയിനം സിംഹങ്ങള്‍ ഓരോന്നായി ചത്തു തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് 2019-ല്‍ ഗുജറാത്തിലെ ജൂനഗഡ് ജില്ലയിലെ സക്കര്‍ബര്‍ഗ് മൃഗശാലയില്‍ നിന്നും ഏഷ്യന്‍ ഇനത്തില്‍പെട്ട നാഗരാജിനെയും രാധയെയും മൃഗ കൈമാറ്റ പദ്ധതി പ്രകാരം ഇവിടെ എത്തിക്കുകയായിരുന്നു. ഇതില്‍ രാധയെ ആറ് മാസം പ്രായമായപ്പോള്‍ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃഗശാലയ്ക്ക് ലഭിച്ചതും നാഗരാജനെ പ്രശ്നക്കാരനായത് കൊണ്ട് കാട്ടില്‍ നിന്നും പിടിച്ചതുമായിരുന്നു. കൊണ്ട് വന്ന് നിരീക്ഷണത്തില്‍ കഴിയവേ തന്നെ രാധ തിരുവനന്തപുരം മൃഗശാലയില്‍ വച്ച് ഒരുമാസത്തിനകം ചത്തുപോയി. തുടര്‍ന്ന് നാഗരാജിനെ ലയണ്‍ സഫാരി പാര്‍ക്കിലേക്ക് കൊണ്ടുവന്നുവെങ്കിലും മെയ് 18-ന് അവനും അകാലത്തില്‍ യാത്രയാവുകയായിരുന്നു. 2021-ജൂണ്‍ രണ്ടിന് നെയ്യാറിലെ ലയണ്‍ സഫാരിയില്‍ തന്നെ  ജനിച്ചുവലര്‍ന്ന ബിന്ദു എന്ന സിംഹത്തിന്റെ മരണത്തോടെ സിംഹങ്ങളില്ലാത്ത സഫാരി പാര്‍ക്കായി നെയ്യാര്‍ മാറുകയും ചെയ്തു. ഇതോടെ പാര്‍ക്ക് അടച്ചുപൂട്ടുകയും പാര്‍ക്കിന്റെ ലൈസന്‍സ് റദ്ദാക്കപ്പെടുകയും ചെയ്തു.

പ്രീമിയം ആര്‍ട്ടിക്കിളുകള്‍ വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ

placeholder
നെയ്യാര്‍ സിംഹ സഫാരിപാര്‍ക്കിലുണ്ടായിരുന്ന സിംഹങ്ങള്‍| ഫോട്ടോ: മാതൃഭൂമി

17 സിംഹങ്ങള്‍ വരേയുണ്ടായ പ്രതാപ കാലമുണ്ടായിരുന്നു നെയ്യാറിന്. നാല് ഹെക്ടര്‍ വിസ്തൃതിയുള്ള പാര്‍ക്കിലെ കാട്ടിനുള്ളില്‍ ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തിയിരുന്നത്. ഇരുമ്പു ഗ്രില്ലുകള്‍ കൊണ്ട് മറച്ച ജനലുകള്‍ ഉള്ള ഒരു മിനി ബസില്‍ ആണ് സന്ദര്‍ശകരെ ഈ പാര്‍ക്കിലേക്ക് കൊണ്ടുപോയിരുന്നത്. പാര്‍ക്കിലേക്ക് പ്രവേശിക്കുന്നതിന് ഒരു സ്ഥലത്ത് തന്നെ രണ്ടു ഗേറ്റ് ഉണ്ടായിരുന്നു.  ആദ്യത്തെ ഗേറ്റ് തുറന്ന് വാഹനം അകത്തു കയറി ആ ഗേറ്റ് അടച്ചതിന് ശേഷമാണ് രണ്ടാമത്തെ ഗേറ്റ് തുറക്കുന്നത്. വണ്ടി രണ്ടാമത്തെ ഗേറ്റ് കടക്കുന്ന ഉടനെ രണ്ടാമത്തെ ഗേറ്റും അടയ്ക്കും. രണ്ടാമത്തെ ഗേറ്റിന് ഉള്ളിലാണ് സിംഹങ്ങള്‍ സ്വതന്ത്രമായി വിഹരിച്ചിരുന്നത്. ബസില്‍ അതിനകത്ത്കൂടെയുള്ള യാത്ര വളരെ രസകരമായിരുന്നു. പാറപ്പുറത്ത് ഭക്ഷണം കഴിച്ച് മയങ്ങി കിടക്കുന്ന സിംഹങ്ങളും, വണ്ടിക്കരികിലൂടെ വന്ന് കൗതുകത്തോടെ വണ്ടിയിലേക്ക് നോക്കുന്ന സിംഹങ്ങളുമെല്ലാം ഏറെ കൗതുകമുയര്‍ത്തി.

പക്ഷേ, 2005 ല്‍ നടപ്പിലാക്കിയ വന്ധ്യംകരണ പ്രക്രിയ വിജയിച്ചതോടെ നിയന്ത്രണം വിചാരിച്ചതിലും വേഗത്തില്‍ ആയിരുന്നു സംഭവിച്ചത്.ഇതിനെ തുടര്‍ന്നുണ്ടായ അണുബാധയും അസുഖങ്ങളുമാണ് പാര്‍ക്കിന്റെ നാശത്തിന് തുടക്കമിട്ടത്. ആ വര്‍ഷം തന്നെ മൂന്ന് സിംഹങ്ങള്‍ ചത്തുപോയി. പിന്നെ പതിയെ പതിയെ മറ്റു സിംഹങ്ങളുടെ അന്ത്യവും സംഭവിച്ചു. സിംഹങ്ങളില്ലാതെ പോയതോടെ പാര്‍ക്കില്‍ ചികിത്സയ്ക്കായി പുലികളെയും കടുവകളെയും എത്തിച്ചതോടെ സിംഹ സഫാരി പാര്‍ക്കിന്റെ അടച്ചുപൂട്ടലിന്റെ വേഗതയും കൂടി.

രോഗം ബാധിച്ച പുലിയുടെ കാഷ്ഠവും മൂത്രവും ഒഴുകിക്കിടക്കുന്നത് കാരണം രോഗം വായുവിലൂടെ പകരുമെന്നും ഇത് ആപത്താണെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലയണ്‍ സഫാരി പാര്‍ക്കില്‍ മറ്റ് മൃഗങ്ങളെ പാര്‍പ്പിക്കാന്‍ പാടില്ലെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് പുലിയെ ഇവിടെ പാര്‍പ്പിച്ചത്. പാര്‍ക്കിലേക്ക് പുതുതായി സിംഹങ്ങളെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കേന്ദ്ര വനം മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ സൂ അതോറിട്ടി അനുമതി നല്‍കിയില്ല. അതോറിട്ടിയുടെ നിബന്ധനപ്രകാരം വലിയ മാംസഭുക്കുകളുടെ സഫാരി നടത്തുന്നതിന് ഏറ്റവും കുറഞ്ഞ വിസ്തീര്‍ണ്ണം 20 ഹെക്ടര്‍ എങ്കിലും  വേണം. നെയ്യാറിലെ പാര്‍ക്കിന് നാല് ഹെക്ടര്‍ വിസ്തൃതിയേയുള്ളൂ. ഇതാണ് പാര്‍ക്കിന്റെ അംഗീകാരം നഷ്ടപെടാന്‍ പ്രധാന കാരണമായതെന്ന് ചൂണ്ടിക്കാട്ടുന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍.

placeholder
ചൈനയിലെ ഹ്യുലോങ്ചാങ്  കടുവാ സഫാരി പാര്‍ക്കിലെ ദൃശ്യം| ഫോട്ടോ: ഗെറ്റി ഇമേജസ്‌

വനം വകുപ്പ് കനിഞ്ഞാല്‍ കോഴിക്കോടിന്റെ മുഖം മാറും

കടുവാ സഫാരി പാര്‍ക്കിനായി 296.50 ഏക്കര്‍ ഭൂമിയാണ് വനം വകുപ്പ് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ടൂറിസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഇത്രയധികം ഭൂമി വിട്ടുകൊടുക്കുമ്പോള്‍ വനം വകുപ്പ് കനിയാത്തത് കൊണ്ട് മാത്രം നടക്കാതെ പോയെ നിരവധി വികസന പ്രവര്‍ത്തനങ്ങളുടെ കഥയുണ്ട് ഈ പ്രദേശത്തുകാര്‍ക്ക് പറയാന്‍. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പെരുവണ്ണാംമൂഴി ടൂറിസം സ്പോട്ടിനെ കക്കയവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാവുന്ന കൂപ്പ് റോഡും, ബാണുസുര ഡാം ടൂറിസത്തെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡും. 800 മീറ്റര്‍ വനത്തിലൂടെ കടന്നുപോവുന്നുവെന്നത് കൊണ്ടാണ് കൂപ്പ് റോഡിന് വനംവകുപ്പ് കാലങ്ങളായി തടസ്സം നില്‍ക്കുന്നത്. ഇതോടെ കക്കയത്തെത്തുന്നവര്‍ക്ക് പെരുവണ്ണാമൂഴിയും ജാനികിക്കാടുമെല്ലാം സന്ദര്‍ശിക്കുന്നതിന് 25 കിലോമീറ്ററോളം ചുറ്റി വളഞ്ഞ് വരേണ്ട അവസ്ഥയാണ്. സമാനകാരണം പറഞ്ഞാണ് 13 കിലോമീറ്റര്‍ വനത്തിലൂടെ കടന്നുപോവുന്നുവെന്ന് പറഞ്ഞ് പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിനും വനംവകുപ്പ് എതിര് നിന്നത്. ഈ രണ്ട് റോഡും യാഥാര്‍ഥ്യമായാല്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട ബാണാസുര-പെരവണ്ണാംമൂഴി-കക്കയം ടൂറിസം കോറിഡോര്‍ തന്നെയാണ് യാഥാര്‍ഥ്യമാവുക. മാത്രമല്ല വയനാട്ടിലേക്കുള്ള ചുരമില്ലാ പാതയും യാഥാര്‍ഥ്യമാവും. ഇത്  സഫാരി പാര്‍ക്കിന് മുതല്‍ക്കൂട്ടാവുകയും ചെയ്യും. സഫാരി പാര്‍ക്കിനായി 296.50 ഏക്കര്‍ ഭൂമി വിട്ടുകൊടുത്ത വനം വകുപ്പ് എന്തുകൊണ്ടാണ് ഈ പദ്ധതികള്‍ക്ക് എതിര് നില്‍ക്കുന്നതെന്ന ചോദ്യവും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്. സഫാരി പാര്‍ക്കിനൊപ്പം ഈ റോഡുകള്‍ കൂടി യാഥാര്‍ഥ്യമായാല്‍ കോഴിക്കോട് വയനാട് ടൂറിസത്തിന് പുതിയ മുഖം തന്നെയാവും തെളിഞ്ഞു വരിക. 52 വര്‍ഷം മുമ്പ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് ഈ റോഡും സഫാരി പാര്‍ക്ക് വരുന്നതിനൊപ്പം തടസ്സങ്ങള്‍ നീങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

മനുഷ്യ-വന്യമൃഗ സംഘര്‍ഷം വര്‍ധിപ്പിക്കുമോ?

കാട്ടാനകളുടെ വിഹാര കേന്ദ്രമാണ് കടുവ സഫാരി പാര്‍ക്ക് വരാനിരിക്കുന്ന പേരാമ്പ്ര എസ്റ്റേറ്റും പരിസരവും. ഇപ്പോള്‍ തന്നെ കാട്ടാനകള്‍ കൃഷിയിടത്തിലേക്കിറങ്ങുന്നതും അക്രമകാരികളാവുന്നതും ഇവിടത്തെ പതിവ് കാഴ്ചയാണ്. സ്ഥലത്ത് ഏകദേശം 13 ഓളം ആനത്താരകളുണ്ടെന്നാണ് നാട്ടുകാരും കര്‍ഷക സംഘടനകളും ചൂണ്ടിക്കാട്ടുന്നത്. ഈ ആനകളെല്ലാം കുടിവെള്ളത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് പെരുവണ്ണാംമൂഴി അണക്കെട്ടിന് സമീപത്തെ
റിസര്‍വോയറിലാണ്. മാത്രമല്ല മറ്റ് മൃഗങ്ങളുടേയും സഞ്ചാരകേന്ദ്രമാണ്. കടുവാ സഫാരി പാര്‍ക്ക് വരികയും സന്ദര്‍ശകര്‍ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ ആ ആനത്താരകളടക്കം ഇല്ലാതായിപ്പോവുകയും വന്യമൃഗങ്ങള്‍ റിസര്‍വോയറിലേക്ക് മറ്റ് വഴിതേടി ജനവാസ കേന്ദ്രത്തിലൂടെ ഇറങ്ങാനുള്ള സാധ്യതയും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല സമീപ ജനവാസ കേന്ദ്രങ്ങളിലടക്കം സഞ്ചാര നിയന്ത്രണങ്ങളടക്കമുണ്ടാവുമോയെന്ന് ആശങ്കയും ജനങ്ങള്‍ പങ്കുവഹിക്കുന്നു.

വന്യമൃഗശല്യം കുറയും-എ.കെ ശശീന്ദ്രന്‍ 

placeholder
എ.കെ ശശീന്ദ്രന്‍|  ഫോട്ടോ: പി.പി ബിനോജ്‌ /മാതൃഭൂമി
നിലവില്‍ വലിയ രീതിയില്‍ വന്യജീവി ആക്രമണം നടക്കുന്ന പ്രദേശമാണിത്. വന്യമൃഗങ്ങള്‍ കാട്ടിലേക്കിറങ്ങുന്നതും കര്‍ഷകര്‍ക്ക് വലിയ നാശനഷ്ടമുണ്ടാക്കുന്നതും ഈ ഭാഗങ്ങളിലെ പതിവ് വാര്‍ത്തയാണ്. ഇതിനൊരു പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ്‌ ഇവിടം സഫാരി പാര്‍ക്കിനായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു. ടൈഗര്‍ സഫാരി പാര്‍ക്ക് വരുന്നതോടെ ചുറ്റും വേലികെട്ടുന്നതിനാല്‍ വന്യമൃഗങ്ങള്‍ പുറത്തേക്കിറങ്ങി ആക്രമണം നടത്തുന്നത് ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ ഇപ്പോള്‍ തന്നെ കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പെരുവണ്ണാംമൂഴി ഡാം, കക്കയം, ജാനകിക്കാട് എന്നിവിടങ്ങളിലൊക്കെയുള്ള  സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കും. ഇത് വിനോദ സഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുകയും ചെയ്യും. പാട്ടക്കാലാവധി കഴിഞ്ഞ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കയ്യിലുള്ള ഭൂമി വനം വകുപ്പിന് വിട്ടുകൊടുക്കന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതി സംബന്ധിച്ച് സ്ഥലം കണ്ടെത്തുകയെന്നത് മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇനി നടക്കേണ്ടത് സര്‍വേയും വിശദമായ ഡി.പി.ആര്‍ തയ്യാറാക്കലുമാണ്. ഇതിനായി സ്‌പെഷ്യല്‍ ഓഫീസറായി കോഴിക്കോട് ഡി.എഫ്.ഒ യെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ മാതൃഭൂമി ഡോട്‌കോമിനോട് പ്രതികരിച്ചു. ഇത് പൂര്‍ത്തിയാകുന്നതോടെ ഡി.പി.ആര്‍ തയ്യാറാക്കും. മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയെന്ന നിലയ്ക്ക് പ്രത്യേക പ്രയോറിറ്റി നല്‍കി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.