പട്‌ന: ബിഹാറിലെ വാത്മീകി കടുവാ സങ്കേതത്തില്‍ ചത്തനിലയില്‍ കടുവയെ കണ്ടെത്തി. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റാകാം കടുവ ചത്തതെന്ന് വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ചത്ത കടുവയുമായി ഏറ്റുമുട്ടിയ കടുവയ്ക്കും പരിക്കേറ്റിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ കടുവയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഡിഇഎഫ്‌സിസി (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റ്, ഫോറസ്റ്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച്) ഉദ്യോഗസ്ഥര്‍. പരിക്കേറ്റ കടുവയ്ക്ക് ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വാത്മീകി കടുവ സങ്കേതത്തില്‍ മറ്റൊരു കടുവയെയും ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ചയുള്ള പതിവ് പട്രോളിങ്ങിനിടെയാണ് കടുവയുടെ ജഡം അധികൃതര്‍ കണ്ടെത്തിയത്. കടുവ വേട്ടയ്ക്കിരയാകാനുള്ള ലക്ഷണങ്ങളൊന്നും അധികൃതര്‍ക്ക് ലഭിച്ചിരുന്നില്ല.
കടുവയുടെ മുഖത്തും കഴുത്തിലുമായി മുറിവേറ്റ പാടുകളുമുണ്ട്. ഇതാണ് മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാകാം കടുവ ചത്തതെന്ന് നിഗമനത്തിലേക്ക് അധികൃതര്‍ എത്തിയത്. ചത്ത കടുവയുടെ പഗ് മാര്‍ക്കുകള്‍ (കാല്‍പ്പാടുകള്‍) കൂടാതെ മറ്റൊരു കടുവയുടെ പഗ് മാര്‍ക്കുകളും പ്രദേശത്തുനിന്ന് അധികൃതര്‍ക്ക് ലഭിച്ചു. ചത്ത കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് വനംവകുപ്പ് അധികൃതര്‍.
അതേസമയം, കടുവകളുടെ എണ്ണം വര്‍ധിക്കുന്നത് അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും 2023 ജൂലൈ 29-ന് പുറത്തുവിട്ട ' സ്റ്റാറ്റസ് ഓഫ് ടൈഗേഴ്‌സ്: കോ-പ്രിഡേറ്റേഴ്‌സ് ആന്‍ഡ് പ്രേ ഇന്‍ ഇന്ത്യ 2022' റിപ്പോര്‍ട്ട് പ്രകാരം വാത്മീകി കടുവ സങ്കേതത്തില്‍ കടുവകളുടെ എണ്ണത്തില്‍ 75 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2018-ല്‍ 31 കടുവകളുണ്ടായിരുന്നത് 2022-ല്‍ 54 കടുവകളായി ഉയര്‍ന്നു.
Content Highlights: tiger killed another injured in territorial fight in Valmiki tiger reserve
Published: 30 May 2025, 09:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented