
ഇരുവഞ്ഞി പുഴപ്പെണ്ണേ കിളിപ്പെണ്ണേ മൊഞ്ചത്തിപ്പെണ്ണേ... എന്ന് റഫീഖ് അഹമ്മദ് വരികളെഴുതി എം ജയചന്ദ്രന്‍ ഈണം നല്‍കിയ ഗാനത്തിലൂടെ ഇരുവഞ്ഞിപ്പുഴ ഓരോ മലയാളിയുടെയും മനസ്സിലൂടെയാണ് ഒഴുകിയത്..എന്നാൽ, ഈ പാട്ടും മൂളി ഇരുവഞ്ഞിയിലിറങ്ങാന്‍ പുഴയെ സ്നേഹിക്കുന്നവര്‍ക്ക് ഭയമാണ്. എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ കാഞ്ചനമാലയുടേയും മൊയ്തീന്റേയും പ്രണയം പറഞ്ഞ ഇരുവഞ്ഞി നീര്‍നായകളുടെ സുഖവാസ കേന്ദ്രമാണിന്ന്. വെള്ളത്തിലിറങ്ങിയാല്‍ കടിയുറപ്പ്. ഇത് ഇരുവഞ്ഞിയിലെ മാത്രം അവസ്ഥയല്ല. കേരളത്തിന്റെ പല ഭാഗങ്ങളിലേയും കടവുകളും പുഴകളും ഇന്ന് നീര്‍നായകളുടെ വിഹാരകേന്ദ്രമാണ്. മനുഷ്യനൊപ്പം ഒരുകാലത്ത് ഏറെ ചേര്‍ന്ന് നിന്നിരുന്നവരാണിവര്‍. ഇന്ന് കഥമാറി. സ്മൂത്ത് കോട്ടട് ഒട്ടര്‍ എന്ന നീര്‍നായ വിഭാഗമാണ് പ്രധാനമായും ഇന്ത്യയില്‍ കാണുന്നത്. ഇതാണ് ഇരുവഞ്ഞി പ്രദേശത്തും നാട്ടുകാരുടെ സ്വൈര്യം കെടുത്തുന്നത്.
കഴിഞ്ഞ മൂന്ന് നാല് വര്‍ഷത്തോളമായി മനുഷ്യ-മൃഗ സംഘര്‍ഷത്തിന്റെ അത്ര ശ്രദ്ധിക്കപ്പെടാത്ത പുതിയ ഏടിനെ അനുഭവിച്ചറിയുകയാണ് കോഴിക്കോട് ജില്ലയിലെ ഇരുവഞ്ഞിയോടും ചാലിയാറിനോടും ചേര്‍ന്നുള്ള നാല് പഞ്ചായത്തുകളിലെ നാട്ടുകാർ. കടിയേല്‍ക്കുന്നവര്‍ ഏറെ, ഗുരുതരമായി മുറിവേല്‍ക്കുന്നര്‍ ഏറെ. പ്രശ്‌നം നിയമസഭ വരെയെത്തി. പണ്ട് വലിയ അപകടകാരികളല്ലാതിരുന്ന നീര്‍നായകള്‍ എന്തുകൊണ്ട് ഇവിടങ്ങളില്‍ അക്രമകാരികളാവുന്നുവെന്നത് സംബന്ധിച്ച് ശാസ്ത്രീയമായി പഠനം നടത്തുമെന്ന് നിയമസഭയില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ മറുപടി നല്‍കി. കടിയേല്‍ക്കുന്നവരുടെ എണ്ണവും നീര്‍നായകളുടെ എണ്ണവും പെരുകുന്ന ആശങ്കാജനകമായ സംഭവങ്ങള്‍ക്കാണ് ഇരുവഞ്ഞി സാക്ഷിയാകുന്നത്.
കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരമടക്കം നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അനുവദിച്ച് കിട്ടിയത്. ആളുകള്‍ വലിയ ദുരിതത്തിലുമായി. ഇതോടെ ഇരകളുടെ കൂട്ടായ്മയൊരുക്കി ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ വേറിട്ട പ്രതിഷേധങ്ങള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍. മാലിന്യമില്ലാത്ത പ്ലാസ്റ്റിക്കില്ലാത്ത ഇരുവഞ്ഞിയുടെ അതിജീവനത്തിനായി ഉയര്‍ന്നുവന്ന എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മയാണ് ഇന്ന് നീര്‍നായകള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ ഇരകളുടെ സംഗമമൊരുക്കുന്നത്. ഇതിനൊപ്പം കാലാവസ്ഥാ മാറ്റം, പുഴകളുടെ സ്വാഭാവികത നഷ്ടപ്പെടല്‍ തുടങ്ങി നിരവധി ചോദ്യങ്ങളും ഉയര്‍ന്ന് കേള്‍ക്കുന്നു.

- കടിയേറ്റാല്‍ ഇരുപതോളം ഇഞ്ചക്ഷന്‍; കുഞ്ഞനല്ലിവന്‍ ഭീകരന്‍
കഴിഞ്ഞ 24-ാം തീയതിയാണ് പുത്രശ്ശേരി വിനോദ് കാരശ്ശേരിയിലെ വീടിനോട് അടുത്തുളള ഇരുവഞ്ഞിയുടെ കടവില്‍ കുളിക്കാനെത്തിയത്. പുഴയിലേക്കിറങ്ങി മുങ്ങിനിവര്‍ന്നതേയുള്ളൂ, കാല്‍പാദത്തില്‍ അതികഠിനമായ വേദനയറിഞ്ഞാണ് കാല്‍ വലിച്ചത്. പാദത്തില്‍ ആഴത്തില്‍ കടിച്ച് വലിച്ച് കൊണ്ടുപോവാൻ ശ്രമിക്കുന്ന നീര്‍നായയെ കണ്ട് കാല്‍ വലിച്ചെങ്കിലും അപ്പോഴേക്കും നല്ല മുറിവായി. ഒരുവിധത്തില്‍ കരയ്ക്കെത്തി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
ചികിത്സ തേടി. മുറിവിലും അതിന് ചുറ്റുമായി ആദ്യം 16 ഇഞ്ചക്ഷനാണ് എടുത്തതെന്ന് പറയുന്നു വിനോദ്. ഇനി നാലെണ്ണം കൂടി എടുക്കാന്‍ ബാക്കിയുണ്ട്. നീര്‍നായയുടെ കടിയേറ്റതിനേക്കാല്‍ അതികഠിനമായ വേദന. ഒപ്പം നീര് വെച്ച് വീര്‍ത്ത കാലുമായുള്ള വിശ്രമവും.
കാലങ്ങളായി പുഴയെ ആശ്രയിച്ചു കഴിയുന്ന പ്രദേശത്തെ കുടുംബങ്ങളിലൊരാളായ വിനോദിന്റെ മാത്രം അനുഭവമല്ലിത്. ഇരുന്നൂറിലധികം പേര്‍ക്കാണ് ഇതുവരെ കടിയേറ്റത്. ഇതോടെ പുഴയിലേക്കിറങ്ങാനോ മറ്റോ സാധിക്കാത്ത അവസ്ഥയുമാണ്. ഒരുപാട് കുടുംബങ്ങളാണ് ഈ തദ്ദേശ സ്ഥാപനങ്ങളില്‍ ഇരുവഞ്ഞി, ചാലിയാര്‍ പുഴയെ മാത്രം ആശ്രയിച്ച് ജലസേചന സൗകര്യങ്ങള്‍ പ്രയോജയപ്പെടുത്തുന്നത്. നീര്‍നായ ശല്യം രൂക്ഷമായതോടെ ഇത് സാധിക്കാത്ത അവസ്ഥയിലാണ്. കൂടുവെച്ചും മറ്റും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിന്റെ അക്രമത്തെ തടയാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കൂട്ടില്‍ കയറാതെ വന്നതോടെ ആ ശ്രമവും പരാജയപ്പെട്ടു. ലോഹനെറ്റുകള്‍ സ്ഥാപിച്ച് പരിഹാരം കാണുമെന്നറിയിച്ചിരുന്നുവെങ്കിലും ഇതും സാധ്യമാവാതെ വന്നതോടെ വലിയ ഭീഷണിയിലാണ് ഇവിടെയുള്ളവര്‍.
ചേന്ദമംഗലൂരില്‍ പുഴയുടെ അതിര്‍ത്തിപങ്കിടുന്ന വീട്ടില്‍ താമസിക്കുന്ന മുസ്തഫയ്ക്കും നീര്‍നായയുടെ കടിയേറ്റ അനുഭവം പറയാനുണ്ട്. കുഞ്ഞുന്നാള്‍ മുതലേ ഇരുവഞ്ഞി പുഴ ഇവരുടെ ജീവിതത്തിന്റെ ഭാഗം കൂടിയായിരുന്നു. അന്നും ഇടയ്ക്ക് നീര്‍നായകളെ കാണാറുണ്ടായിരുന്നുവെങ്കിലും അക്രമകാരികളായിരുന്നില്ലെന്ന് പറയുന്നു മുസ്തഫ. കഴിഞ്ഞയാഴ്ച കുളിക്കാനിറങ്ങിയപ്പോഴാണ് ഒന്നു രണ്ടെണ്ണമെത്തി കടി തുടങ്ങിയത്. അരയോളം വെള്ളത്തിലിറങ്ങി കുളി കഴിഞ്ഞ് കരയ്ക്ക് കയറാന്‍ ശ്രമിക്കുമ്പോഴേക്കും കടി കിട്ടി. ഉടന്‍ കരയിലിട്ട മുണ്ട് കീറി മുറിവ് കെട്ടി ആശുപത്രിയിലേക്ക് പോവുകയായിരുന്നു. മുറിവിന് ചുറ്റുമെടുത്തത് 16 ഇഞ്ചക്ഷന്‍. അതികഠിനമായ വേദന. ഇടവേള വിട്ട് നാലെണ്ണം വീണ്ടുമെടുക്കാനുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി ഇവിടെ വലിയ രീതിയില്‍ നീര്‍നായകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന് പറയുന്നു മുസ്തഫ. അതിന്റെ യഥാര്‍ഥ കാരണം ശാസ്ത്രീയമായി കണ്ടെത്താന്‍ കഴിയുന്നുമില്ല.

- കരയില്‍ കൂടുണ്ടാക്കും മീന്‍പിടിത്ത വിദഗ്ധര്‍
സസ്തനി വിഭാഗങ്ങളിലൊന്നായ മസ്റ്റെലൈഡിലെ ഉപകുടുംബമാണ് നീര്‍നായ ( ലുട്രിനേ, ഓട്ടര്‍) മാംസഭോജികളായ ഇവ ജലത്തില്‍ ജീവിക്കുവാന്‍ അനുകൂല സാഹചര്യം നേടിയവയാണ്. ജലത്തില്‍ നിഷ്പ്രയാസം സഞ്ചരിക്കുന്ന നീര്‍നായ്കള്‍ കരയിലും സഞ്ചരിക്കും. ഒഴുക്കുവെള്ളം കൂടുതല്‍ ഇഷ്ടപ്പെടുന്ന നീര്‍നായകള്‍ക്ക് മണത്തറിയാനുള്ള ശേഷിയും കൂടുതലാണ്. ജലാശയത്തിനടുത്തുള്ള പൊന്തകളോ കണ്ടല്‍ക്കാടുകളോ ആണ് നീര്‍നായകളുടെ പാര്‍പ്പിടം. നദികളിലും വയലുകളിലും കായലുകളിലുമൊക്കെ ഇര തേടുന്ന നീര്‍നായകളെ കാണാം. ചില വര്‍ഗങ്ങള്‍ പേരു സൂചിപ്പിക്കുന്നതുപോലെ കടല്‍ജലത്തിലും ജീവിക്കുന്നു. മത്സ്യം, തവള, ഇഴജന്തുക്കള്‍, ഞണ്ട് തുടങ്ങിയവയാണ് മുഖ്യാഹാരം. എന്നാല്‍ പേര് സൂചിപ്പിക്കുന്നത്‌പോലെ നായയുമായി ഒരു ബന്ധവുമില്ലതാനും.
കറുപ്പോ ഇരുണ്ട ചുവപ്പ് രാശിയുള്ള ബ്രൗണ്‍ നിറമോ ഉള്ളതാണിവരുടെ പുറംഭാഗം. അടിഭാഗം അത്ര കടുപ്പം ഇല്ലാത്ത ഇളം ബ്രൗണ്‍ നിറമോ ചാരനിറമോ ഉള്ളതുമുണ്ടാവും. ഉരുണ്ട തലയും രോമമില്ലാത്ത മൂക്കും, ചതഞ്ഞ ഡയമണ്ട് ആകൃതിയുള്ള നഗ്നമായ മൂക്കറ്റവും ഒക്കെയാണിവര്‍ക്കുള്ളത്. വാലിന്റെ തുടക്കഭാഗം തടിച്ചും മസിലോടു കൂടിയതും അഗ്രത്തിലേക്ക് വരുമ്പോള്‍ നേര്‍ത്ത് കൂര്‍ത്തുമാണുണ്ടാകുക. കരുത്തന്‍ കാലുകളില്‍ കൂര്‍ത്ത നഖങ്ങളുള്ള, പാടകള്‍ കൊണ്ടു ബന്ധിച്ച വിരലുകളുണ്ട്. പൊതുവെ ഏഴു മുതല്‍ പതിനാല് കിലോ വരെ ഭാരമുണ്ടാകും. വാലൊഴികെ തന്നെ ദേഹത്തിന് അറുപത് സെന്റീ മീറ്ററിനടുത്ത് നീളമുണ്ടാകും. വാല്‍ മാത്രം നാല്‍പ്പത് സെന്റീമീറ്ററിനടുത്തു കാണും.

മീന്‍ തന്നെയാണ് ഏറ്റവും പ്രധാന ഭക്ഷണം. ഞണ്ട്, ചെമ്മീന്‍, തവള, പക്ഷികള്‍, എലികള്‍, പ്രാണികള്‍ എന്നിവയും ഇഷ്ടഭക്ഷണമാണ്. മീന്‍ ചെറുതാണെങ്കില്‍ അങ്ങനെതന്നെ വിഴുങ്ങുകയാണ് ചെയ്യുക. കിട്ടിയ മീനിനെ കടിച്ച് പിടിച്ച് വെള്ളത്തിനു മുകളില്‍ വന്ന് മുകളിലേക്കൊന്നെറിഞ്ഞ് മീനിന്റെ തലഭാഗം ആദ്യം വരും വിധമാക്കി നേരെ വിഴുങ്ങും. വലിയ വലിപ്പമുള്ളവയെ കരയില്‍ കൊണ്ടുപോയി കഷണമാക്കി അകത്താക്കും. കരയില്‍ മാളമുണ്ടാക്കി കൂടു പണിതാണ് കഴിയുക. ഇര തേടി മാത്രമാണ് വെള്ളത്തില്‍ ഇറങ്ങുക. ഇണയും കുഞ്ഞുങ്ങളുമായുള്ള കുടുംബമായി കഴിയുകയും ചെയ്യും.
- ഉപദ്രവിച്ചാല്‍ അകത്താകും
വംശനാശഭീഷണിയില്‍ പെടുന്നവയായതിനാല്‍ സംരക്ഷണ പട്ടികയില്‍ പെട്ടതാണ് നീര്‍നായകള്‍. അതുകൊണ്ടു തന്നെ ഇവയെ ഉപദ്രവിക്കുന്നതും കൊന്നൊടുക്കുന്നതും കുറ്റകൃത്യമാണ്. ദിവസവും പല തവണ കുളിച്ച്, ശരീരം വൃത്തിയായി സൂക്ഷിക്കുന്നവരാണിവര്‍. കുളികഴിഞ്ഞ് ശരീരത്തെ പൊതിഞ്ഞ രോമം ഏറെ നേരം മിനുക്കും. മലിനജലത്തില്‍ നീര്‍നായ ഇറങ്ങില്ല. നീര്‍നായ സാന്നിധ്യം മാലിന്യമുക്തമായ ജലാശയത്തിന്റെ സൂചനയാണ്. വേട്ട, ആവാസ വ്യവസ്ഥാശോഷണം, മത്സ്യ ലഭ്യതക്കുറവ് തുടങ്ങിയവ ഇവയുടെ നിലനില്‍പ്പിന് ഭീഷണിയായതോടെയാണ് സംരക്ഷിത പട്ടികയില്‍ ഇടംപിടിച്ചത്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ നീര്‍നായ്ക്കളെ മനുഷ്യന്‍ തോലിനും മാംസത്തിനുമായി വേട്ടയാടിയിരുന്നു. കോട്ടും ബെല്‍റ്റുമൊക്കെ നിര്‍മിക്കുന്നതിനാണ് നീര്‍നായയുടെ തോല്‍ ഉപയോഗിച്ചിരുന്നത്. നിരോധനത്തിനിടയിലും രഹസ്യമായി നീര്‍നായവേട്ട നിര്‍ബാധം തുടരുന്നുമുണ്ട്. വിഷമില്ലെങ്കിലും അതികഠിനമായ വേദനയാണ് നീര്‍നായ കടിച്ചാല്‍ അനുഭവപ്പെടുക. അതിന് പുറമെയാണ് മുറിവുകളില്‍ ഇരുപതോളം ഇഞ്ചക്ഷനെടുക്കേണ്ട അവസ്ഥ. ഇരുവഞ്ഞിപ്പുഴയ്ക്ക് പുറമെ കേരളത്തിലെ മറ്റ് ചില പുഴകളില്‍നിന്നും നീര്‍നായ ശല്യത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെങ്കിലും നിസ്സഹായരാണ് വനപാലകരടക്കമുള്ളവര്‍. എന്തുകൊണ്ട് ജനവാസ സാന്നിധ്യമുള്ള പുഴകളില്‍ നീര്‍നായ ശല്യം കാണപ്പെടുന്നുവെന്നത് സംബന്ധിച്ച് പഠനം നടത്തുമെന്ന് അറിയിച്ചുണ്ടെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടാവാത്തതാണ് പ്രശ്‌നം.

എണ്ണം കൂടിയതും കാലാവസ്ഥയിലുണ്ടായ മാറ്റവുമാണ് അടുത്ത കാലത്തായി ഇവ മനുഷ്യവാസ കേന്ദ്രങ്ങളില്‍ കൂടുതല്‍ കാണപ്പെടാന്‍ കാരണമെന്ന് പറയുന്നു കോഴിക്കോട്ടെ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചര്‍ കെ.ഷാജി. ഇതിന് പുറമെ കടവുകളിലേയും പുഴകളിലേയും മാലിന്യങ്ങളും ഇവയെ കൂട്ടത്തോടെ ചെറിയ സ്ഥലങ്ങളില്‍ കാണപ്പെടാന്‍ കാരണമാകുന്നുണ്ട്. ശുദ്ധജലത്തില്‍ ജീവിക്കുന്നവയെന്നതിനാലും വൃത്തിയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധയുള്ള മൃഗങ്ങളുമാണ് എന്നതിനാല്‍ ഇവ ശുദ്ധജലവും ഭക്ഷണവും തേടിപ്പോവുകയാണ്. പിടിച്ചെടുത്ത് മറ്റൊരിടത്തേക്ക് മാറ്റുകയെന്നത് മാത്രമാണ് ഏക പോംവഴി. ഇരുവഞ്ഞിയുടെ കാര്യത്തില്‍ പലയിടത്തും കൂടുകള്‍ വെച്ചിരുന്നുവെങ്കിലും ഇവ കയറുന്നില്ല-എന്നതാണ് പ്രശ്‌നം. വംശ നാശഭീഷണി നേരിടുന്ന ഷെഡ്യൂള്‍ഡ് വണ്‍ വിഭാഗത്തില്‍ പെടുന്നവയായതിനാല്‍ ഇവയെ മനഃപൂര്‍വം അക്രമിക്കുന്നതോ ഉപദ്രവിക്കുന്നതോ കുറ്റകരമായ കാര്യമാണ്. മൂന്ന് മാസം വരെ തടവും 2500 മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടുന്ന ശിക്ഷയും ലഭിക്കും.
- ഒരുങ്ങുന്നു ഇരകളുടെ സംഗമം
നീര്‍നായ ശല്യത്തിനെതിരേ ഇരകളുടെ സംഗമം നടത്തുകയാണ് ഇരുവഞ്ഞിക്കാര്‍. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് വൈകുന്നേരമാണ് കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ തെയ്യത്തുംകടവില്‍ നീര്‍നായകളുടെ ആക്രമണത്തിനിരയായവരുടെ സംഗമം നടക്കുന്നത്. മുക്കം നഗരസഭയിലും കാരശ്ശേരി, കൊടിയത്തൂര്‍, ചാത്തമംഗലം ഗ്രാമ പഞ്ചായത്തുകളിലുമുള്ള ഇത്രയും കാലത്തിനിടയില്‍ കടിയേറ്റവരും അവരുടെ ബന്ധുക്കളും പരിപാടിയില്‍ പങ്കെടുക്കും. കൂടാതെ ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരും ജനപ്രതിധികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കും. പ്രശ്‌നപരിഹാരം സംബന്ധിച്ച് കൂട്ടായ ചര്‍ച്ചയും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കലും സംഗമത്തില്‍ നടക്കും. കുളിക്കടവുകളില്‍ ഇരുമ്പുവല സ്ഥാപിച്ച് നിര്‍ഭയമായി ജനങ്ങള്‍ക്ക് പുഴയില്‍ ഇറങ്ങി കുളിക്കാനും മറ്റും സൗകര്യം ഉണ്ടാക്കുന്നത് ഉള്‍പ്പെടെ നടപ്പാക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. തുടര്‍ പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രീമിയം ആര്‍ട്ടിക്കിളുകള്‍ വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ
- സ്വഭാവത്തില്‍ മാറ്റം വന്നോ എന്നത് സംബന്ധിച്ച് പഠനം നടത്തേണ്ടതുണ്ട്- പി.ഒ നമീര്‍
കേരളത്തിലൂടെ നീളമുള്ള പുഴകളില്‍ കടവുകളിലും കാലങ്ങള്‍ക്ക് മുന്നെ കാണപ്പെടുന്നവയാണ് നീര്‍നായകള്‍. പ്രധാനമായും മൂന്ന് തരത്തിലുള്ളവയാണ് ഇവിടെ കാണുന്നത്. മനുഷ്യവാസ പ്രദേശത്ത് കാണുന്നതാണ് സ്മൂത്ത് കോട്ടട് ഓട്ടര്‍ എന്ന് പൊതുവായി പറയുന്നവ. മറ്റ് രണ്ടും വനമേഖലയില്‍ കാണുന്നതാണ്. ഇത് സംബന്ധിച്ച് കേരളത്തിലുടനീളം കേരള കാര്‍ഷിക സര്‍വകലാശ ഒരു പഠനം നടത്തിയിട്ടുണ്ടായിരുന്നു. ഒരു കാലത്ത് എന്നും മനുഷ്യനോട് ചേര്‍ന്ന് നിന്നിരുന്ന ഇത് അപകടകാരികളായിരുന്നില്ല. എന്നാല്‍, ഭക്ഷണ ശീലത്തിലടക്കമുണ്ടായ മാറ്റമാകാം അക്രമാരികളാവുന്നതിന് കാരണമായതെന്ന നിഗമനത്തിലാണ് തങ്ങളെന്ന് പറയുന്നു ഇത് സംബന്ധിച്ച് പഠനം നടത്തിയ കേരള കാര്‍ഷിക സര്‍വകലാശാല വന്യജീവി വിഭാഗം മേധാവി പി.ഒ നമീര്‍.

പ്രധാനമായും മത്സ്യങ്ങളേയും മറ്റ് ജലജീവികളേയും ഭക്ഷണമാക്കി കഴിഞ്ഞിരന്നവരാണ് ഇവര്‍. എന്നാല്‍, നമ്മുടെ പല പുഴകളിലും കടവുകളിലും ഇന്ന് അറവ് മാലിന്യങ്ങളുടെ വലിയ സ്വാധീനമുണ്ട്. ഇതില്‍ നിന്നുള്ള മാംസാവശിഷ്ടങ്ങള്‍ കഴിച്ച് ഭക്ഷണരൂചി മാറിയത് ആക്രമത്തിന് ഒരു കാരണമാവാം. മനുഷ്യര്‍ ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ പുഴകളേയും തോടുകളേയും ആശ്രയിച്ച് കഴിഞ്ഞവരായിരുന്നു. അന്നൊന്നും ആരേയും അത് കടിച്ചതായി വിവരമില്ല. അപ്പോള്‍ നമുക്ക് വ്യക്തമാവുന്നത് ഇതിന്റെ സ്വാഭവത്തിലും ഭക്ഷണരീതിയിലും മാറ്റം വന്നിട്ടുണ്ട് എന്നാണ്. ഇതിന് പുറമെ എണ്ണം കൂടുന്നുവെന്നത് സംബന്ധിച്ച് കേരള കാര്‍ഷിക സര്‍വകലാശാല മറ്റൊരു പഠനത്തിന് ഒരങ്ങുന്നുണ്ട്. ഇതിന് ശേഷമേ ഇവയുടെ എണ്ണം സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയുകയള്ളൂ.
Content Highlights: Smooth-coated otter Attack In Kozhikode
Published: 30 Sept 2023, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented