അഹമ്മദാബാദ്: പുലിശല്യംകൊണ്ട് പൊറുതിമുട്ടിയ ഗുജറാത്തിലെ ഒരു ഗ്രാമം സ്വയം രക്ഷയ്ക്ക് ഇരുമ്പുകൂട് പണിത് അതിനുള്ളിൽ ഉറങ്ങേണ്ട ഗതികേടിലാണിപ്പോള്‍. പുലിശല്യം രൂക്ഷമായിട്ടും പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിയാതെവന്നതോടെ സ്വന്തം കുട്ടികളെ രക്ഷിക്കാന്‍ ഇരുമ്പുകൂട് പണിത് കുട്ടികളെ സുരക്ഷിതരാക്കിയ ഒരു കര്‍ഷകന്റെ വാര്‍ത്തയാണിപ്പോള്‍ വൈറലാവുന്നത്. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ജപോദര്‍ ഗ്രാമത്തിലെ കര്‍ഷകനായ ഭരത് ബരിയയാണ് പുതിയ ആശയം നടപ്പാക്കിയത്. തന്റെ ആറു മക്കളെയുമായി രാത്രിയില്‍ ഈ കൂട്ടിലാണ് ബരിയയുടെ ഉറക്കം.
ഭാര്യ മരിച്ചതിനാല്‍ അഞ്ചുപെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ ബരിയയുടെ ചുമലിലാണ്. പകല്‍ ബന്ധുക്കളാരെങ്കിലും ഉണ്ടാകുമെങ്കിലും അടച്ചുറപ്പില്ലാത്ത വീട്ടില്‍നിന്ന് രാത്രി കുട്ടികളെ പുലി പിടിച്ചേക്കുമെന്നാണ് ഭയം. ഇളയ ആണ്‍കുട്ടിക്ക് മൂന്നുമാസമേ പ്രായമുള്ളൂ. പാട്ടത്തിനെടുത്ത ഭൂമിയില്‍ താമസിച്ച് കൃഷിചെയ്യുന്നയാളാണ് ബരിയ. പുലിശല്യം രൂക്ഷമായ പ്രദേശമാണിത്. 2023-ലെ കണക്കുപ്രകാരം അമ്രേലി ജില്ലയില്‍ 126 പുലികളുണ്ട്. ബരിയയുടെ പട്ടികളെ തുടര്‍ച്ചയായി പുലി ശാപ്പിട്ടതോടെയാണ് കുട്ടികളുടെ സുരക്ഷയില്‍ ആശങ്കകയറിയത്.
പുലികള്‍ നിശ്ശബ്ദരായി എത്തുന്നതും ദുര്‍ബലരായ ഇരകളെ ലക്ഷ്യമിടുന്നതും വെല്ലുവിളിയാണ്. എട്ടടി നീളവും ആറടി ഉയരവുമുള്ള ഇരുമ്പുകൂടാണ് രാജുലയിലെ ഒരു പണിക്കാരന്‍ ബരിയക്ക് ഉണ്ടാക്കിനല്‍കിയത്. രാത്രിയില്‍ മക്കളുമായി ഇദ്ദേഹം കൂട്ടില്‍ക്കയറും. കൂടിനടുത്തുവരെ പുലി വന്നിട്ടുണ്ടെന്ന് ബരിയ പറയുന്നു. കൃഷിഭൂമിയിലെ താത്കാലിക വീടുകളില്‍ ജോലിക്കായി കഴിയുന്നവരാണ് ഇദ്ദേഹവും ബന്ധുക്കളും. ഈ മാസം 12-ന് ഇതേ ജില്ലയിലെ ചിത്രസാര്‍ ഗ്രാമത്തില്‍ ഏഴു വയസ്സുകാരിയെ പുലി കൊന്നിരുന്നു. അച്ഛനമ്മമാര്‍ ജോലിചെയ്യുന്ന പാടത്തുവെച്ചാണ് സംഭവം.
കഴിഞ്ഞവര്‍ഷം ഗുജറാത്തില്‍ 71 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2020-ല്‍ അമ്രേലിയിലെ ഭട്‌കോട്ട ഗ്രാമത്തില്‍ ഒരു കര്‍ഷകന്‍ സ്വയം കൂട്ടിലടച്ച് പ്രതിഷേധിച്ചിരുന്നു. എന്നാല്‍, ആ ആശയം ഇപ്പോൾ നിത്യജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഭരത് ബരിയ.
Content Highlights: A Gujarati farmer builds an iron cage to protect his children from frequent leopard attacks
Published: 22 Jan 2025, 05:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented