
ജൈവ വൈവിധ്യ വിസ്മയങ്ങൾകൊണ്ട് ലോകത്തിന്റെ അത്ഭുതപ്പട്ടികയിൽ ഇടംപിടിച്ച ദ്വീപ സമൂഹമാണ് ഇക്വഡറിലെ ഗാലപ്പഗോസ് ദേശീയോദ്യാനം. ഭീമൻ ആമകൾ, ഇഗ്വാനകൾ, മോക്കിങ് പക്ഷികൾ, വലിയ താടിയുള്ള ഫ്രിഗേറ്റ് പക്ഷികൾ, വിചിത്ര സസ്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ഗാലപ്പഗോസിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഒരു ശുഭവാർത്ത പുറത്തുവന്നു. 200 വർഷങ്ങൾക്ക് മുമ്പ് ദ്വീപിൽനിന്നു കാണാമറയത്തായ ഗാലപ്പഗോസ് റെയിൽ എന്നും ഗാലപ്പഗോസ് ക്രേക്ക് എന്നും വിളിപ്പേരുള്ള പക്ഷിവർഗങ്ങൾ തിരിച്ചെത്തിയിരിക്കുന്നു. അനധികൃതമായ മനുഷ്യ ഇടപെടൽ കൊണ്ടും അധിനിവേശ ജീവി വർഗങ്ങളുടെ സാന്നിധ്യം കൊണ്ടും നൂറ്റാണ്ടുകൾക്ക് മുമ്പ് കാണാമറയത്തായ ഗാലപ്പഗോസ് റെയിലിന്റെ തിരിച്ചുവരവിന് പിന്നിൽ വലിയൊരു പുനരുദ്ധാരണ പദ്ധതിയുടെ കഥ പറയാനുണ്ട്. ഗ്രേറ്റ് ഗാലപ്പഗോസ്‌റെയിൽ റിട്ടേണിന് വഴിവെച്ച കഥ.
- ഫ്ലോറിയാനയിൽനിന്നു മിസ്സിംഗ്
ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് 1835-ൽ ചാൾസ് ഡാർവിനാണ് ഗാലപ്പഗോസ് റെയിലിനെ അവസാനമായി ഗാലപ്പഗോസിലെ ഫ്ലോറിയാന ദ്വീപിൽ കണ്ടെത്തിയതായി രേഖപ്പെടുത്തിയത്. പരിണാമ സിദ്ധാന്തത്തിന് വഴിവെച്ച ഗാലപ്പഗോസ് സന്ദർശനത്തിനിടെയായിരുന്നു ഈ കണ്ടെത്തൽ. ഇതിന് ശേഷം ദ്വീപിൽ മനുഷ്യ ഇടപെടൽ സജീവമായതോടെ ഫ്ലോറിയാന ദ്വീപ് നാശത്തിന്റെ വക്കിലുമെത്തി. എലികൾ, കാട്ടുപൂച്ചകൾ, പന്നികൾ, ആടുകൾ മറ്റ് അധിനിവേശ സസ്യങ്ങൾ എന്നിവയെല്ലാം ദ്വീപിലേക്കെത്തുന്നതിന് മനുഷ്യ ഇടപെടൽ കാരണമാവുകയും ഇവിടത്തെ സ്വാഭാവിക ജീവി വർഗങ്ങളുടെ നാശത്തിന് വഴിവെക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഫ്ലോറിയാന ഇക്കോളജിക്കൽ റിസ്‌റ്റോറഷൻ പ്രോജക്ട് (എഫ്ഇആർപി)-ന് ബന്ധപ്പെട്ടവർ തുടക്കമിട്ടത്. അധിനിവേശ ജീവിവർഗങ്ങളെ നശിപ്പിച്ച് ഫ്ലോറിയാനയുടെ സ്വാഭാവികത വീണ്ടെടുക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യമെങ്കിലും ഇതിന് പിന്നിൽ അസാധാരണമായ ദൗത്യമായിരുന്നു ഉണ്ടായിരുന്നത്. പ്രദേശിക പക്ഷികളെ, സസ്യങ്ങളെ, ജീവിവർഗങ്ങളെ എന്നിവയെ തിരിച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതി ഇന്ന് പുനരുദ്ധാരണ പ്രവർത്തനത്തിന്റെ വേറിട്ട ലോക മാതൃകയുമായി.
ദ്വീപിലേക്കെത്തിയ എലികൾ നിലത്ത് കൂടുകൂട്ടി ജീവിച്ചിരുന്ന ഈ പക്ഷികളുടെ മുട്ടകൾ അപ്പാടെ തിന്നു നശിപ്പിക്കാൻ തുടങ്ങിയതോടെ ഇത്തരം പക്ഷികൾ അതിവേഗമാണ് ഇവിടെനിന്നും അപ്രത്യക്ഷമായത്. ഒപ്പം കാട്ടുപൂച്ചയുടെ വർഗത്തിൽ പെടുന്ന പൂച്ചകൾ പക്ഷികളെ കൊന്ന് തിന്നാനും തുടങ്ങി. സമാനമായി ആടുകളും പന്നികളും ദ്വീപിലെ സസ്യവർഗങ്ങളെ അപ്പാടെ നശിപ്പിച്ചു കളഞ്ഞു. ഫ്ലോറിയാന മോക്കിംഗ് പക്ഷികൾ, ഫ്ലോറിയാന റെയിൽ, ഇവിടങ്ങളിൽ മാത്രം കാണുന്ന ഭീമൻ ആമകൾ എന്നിവയെല്ലാം ഇത്തരം ജീവികളുടെ ആക്രമണത്തിന് ഇരയായി വിസ്മൃതിയിലായി. ഇതോടെ 2018 മുതൽ 2023 വരെയുള്ള കാലയളവിലാണ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമിട്ടത്. ഇത് ഫലം കാണുകയും ചെയ്തു.
- ഹെലികോപ്റ്ററിലെ വേട്ട
എലികൾ കൂടുതലായുള്ള സ്ഥലം കണ്ടെത്തി ആകാശത്ത് നിന്ന് ഇരകളെ നിക്ഷേപിച്ച് വേട്ടയാടുന്ന പദ്ധതിയായിരുന്നു ഇതിലെ ഏറ്റവും നിർണായകം. ഇതിനായി പ്രത്യേകം ആളുകളെ നിയോഗിച്ച് അവരെ പദ്ധതിയുടെ ഭാഗമാക്കി. ഇതിലൂടെ എലികളെ പൂർണമായും ദ്വീപിൽനിന്ന് തുരത്താനായി. സമാനമായ രീതിയിൽ കെണികൾ വെച്ചും വേട്ടയാടിയും പൂച്ചകളെയും ദ്വീപിൽനിന്ന് പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞു. ഗ്രൗണ്ട് ഓപ്പറേഷനായിരുന്നു പന്നികൾക്കെതിരേ പ്രയോഗിച്ചത്. വേട്ടയാടി പിടികൂടുന്നവയെ ഭക്ഷണത്തിനായും മറ്റും ഉപയോഗിച്ചു. ഒരു സംഘം ഹെലികോപ്റ്ററുകളിൽ നിന്ന് ഇരകളെ മുൻകൂട്ടി നിശ്ചയിച്ച ഇടങ്ങളിൽ ഇട്ടുകൊടുക്കുകയും മറ്റൊരു സംഘം ഭൂമിയിൽ കാത്തിരുന്ന് ഇരയെ തേടിയെത്തുന്നവയെ നശിപ്പിക്കുകയും ചെയ്തു.
ജിപിഎസ് മാപ്പിങ് ഉപയോഗിച്ച് ശത്രുവിൽ ഒന്നിനെ പോലും വിട്ടുപോകാതെയായിരുന്നു പ്രവർത്തനം. പ്രത്യേകം മോഷൻക്യാമറകളും മറ്റും പദ്ധതിയുടെ ഭാഗമാവുകയും ചെയ്തു. രണ്ട് വർഷത്തോളമാണ് ശാസ്ത്രജ്ഞർ പദ്ധതി സൂക്ഷ്മമായി വീക്ഷിച്ചത്. ഇതിന് ശേഷം ദ്വീപിൽ എലികളും പൂച്ചകളും പന്നികളും പൂർണമായും ഇല്ലാതായെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ക്ഷുദ്രജീവികൾ സ്ഥലംവിട്ടതോടെ സ്വാഭാവിക സസ്യങ്ങൾ തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചു തുടങ്ങിയിരുന്നു. സസ്യങ്ങൾ വളരാൻ തുടങ്ങിയതോടെ ഇതിനെ ആശ്രയിച്ചുകഴിഞ്ഞു പോന്നിരുന്ന പക്ഷികളും മറ്റും പ്രത്യക്ഷപ്പെടാനും തുടങ്ങി. ഇതിൽ ആദ്യത്തേതാണ് ഗാലപ്പഗോസ് റെയിൽ. ഒപ്പം ഇവിടെനിന്നും അപ്രത്യക്ഷമായ മറ്റ് 12 ജീവി വർഗങ്ങളും തിരിച്ചുവന്നു.
ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ശുദ്ധജല സ്രോതസ്സുള്ള ചുരുക്കം ചില ദ്വീപുകളിൽ ഒന്നാണ് ഫ്‌ലോറിയാന. ഇവിടുത്തെ സമൃദ്ധമായ വിഭവങ്ങൾ കാരണം മനുഷ്യൻ ആദ്യമായി കുടിയേറിയ ദ്വീപുകളിൽ ഒന്നായി ഇത് മാറി. കടൽകൊള്ളക്കാർ, തിമിംഗല വേട്ടക്കാർ, മറ്റ് കടൽ സഞ്ചാരികൾ എന്നിവരെയെല്ലാം ദ്വീപ് ആകർഷിക്കുകയും സാധനങ്ങൾ നിറയ്ക്കാൻ സൗകര്യപ്രദമായ ഒരിടമായി ഇതിനെ ഉപയോഗിക്കുകയും ചെയ്തു.
കന്നുകാലികൾ, ആട്, കഴുത, എലി തുടങ്ങിയ ആക്രമണകാരി ജീവികളെ ഇവിടെ കൊണ്ടുവരികയും അനിയന്ത്രിതമായി പെരുകാൻ അനുവദിക്കുകയും ചെയ്ത ആദ്യകാല മനുഷ്യ സമ്പർക്കമാണ് ഇവിടെ വലിയ പാരിസ്ഥിതിക നാശത്തിന് കാരണമായത്. ദീർഘകാല യാത്രകളിൽ മാസങ്ങളോളം കപ്പലുകളിൽ അതിജീവിക്കാൻ ശേഷിയുള്ള ദ്വീപിലെ തദ്ദേശീയ ആമകൾ യാത്രക്കാർക്ക് ഇറച്ചിക്കായുള്ള മികച്ച ഉറവിടമായി മാറി. കാലക്രമേണ ഈ ജീവികൾ തദ്ദേശീയ വന്യജീവികളെ സ്ഥാനഭ്രഷ്ടരാക്കുകയും നിർണായക ആവാസവ്യവസ്ഥകളെ ഗുരുതരമായി നശിപ്പിക്കുകയും ചെയ്തതോടെയാണ് ഫ്‌ലോറിയാന ഗാലപ്പഗോസിലെ ഏറ്റവും പാരിസ്ഥിതികമായി തകർന്ന ദ്വീപുകളിൽ ഒന്നായി മാറിയത്.
കഴിഞ്ഞവർഷംവരെ അപൂർവങ്ങളിൽ അപൂർവമെന്ന് കരുതിയിരുന്ന റെയിലുകളെ ഇന്ന് വെറുതെ നടക്കാനിറങ്ങുമ്പോൾ പോലും കാണുന്നുവെന്നാണ് പറയുന്നത്. പദ്ധതിയുടെ ഗുണംലഭിച്ചത് റെയിലുകൾക്ക് മാത്രമല്ലെന്നും ദ്വീപിലെ മറ്റ് പല പക്ഷികളും വംശനാശത്തിന്റെ വക്കിൽനിന്ന് തിരിച്ചുവരവിന്റെ പാതയിലാണെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നുണ്ട് .
ഗാലപ്പഗോസ് നാഷണൽ പാർക്ക് ഡയറക്ടറേറ്റ് ചാൾസ് ഡാർവിൻ ഫൗണ്ടേഷൻ, ഐലന്റ് കൺസർവേഷൻ, ഇക്വഡർ സർക്കാർ, ഫ്ലോറിയാന ഐലന്റ് റസിഡന്റ്സ് എന്നിവരുടേയെല്ലാം സഹകരണത്തോടെയായിരുന്നു പദ്ധതി. പ്രാദേശികമായ സഹകരണവും നിർണായകമായി. സാന്റിയാഗോ ദ്വീപിലെ ആടുകളെ തുരുത്തി അവിടെയുള്ള ജൈവ വൈവിധ്യം സംരക്ഷിച്ചതും പ്രിന്റ ദ്വീപിലെ ആടുകളെ തുരുത്തുകയും ഇവിടത്തെ സ്വാഭാവിക ആമ വർഗങ്ങളെ തിരിച്ചുകൊണ്ടുവന്നതും പ്രിൻസോൺ ദ്വീപിലെ എലികളെ തുരുത്തുകയും ചെയ്ത വിജയ മാതൃകയും ഇവർക്ക് മുന്നിലുണ്ടായിരുന്നു. ഇതും ഗുണകരമായി.
- ചാൾസ് ഡാർവിനും ഗാലപ്പഗോസും
പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാൾസ് ഡാർവിന്റെ സന്ദർശനത്തോടെയാണ് ഗാലപ്പഗോസ് ഏറെ പ്രശസ്തമാവുന്നത്. ഒറ്റപ്പെട്ട ദ്വീപ സമൂഹമെന്ന നിലയിൽ ഇവിടേയുള്ള ജീവിവർഗങ്ങളും സസ്യങ്ങളുമെല്ലാം വിചിത്രമായിരുന്നു. ഇതായിരുന്നു ചാൾസ് ഡാർവിനെ ഗാലപ്പഗോസിലേക്ക് ആകർഷിച്ചത്. 1831 മുതൽ അഞ്ചുവർഷത്തോളമാണ് ചാൾസ് ഡാർവിൻ തന്റെ ഗവേഷണത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കപ്പൽ യാത്ര നടത്തിയത്. ഈ യാത്രയ്ക്കിടെയാണ് ഗാലപ്പഗോസ് ദ്വീപിലുമെത്തുന്നത്. ഇവിടെ അഞ്ചാഴ്ചയോളമാണ് ഡാർവിൻ ചെലവഴിച്ചത്. പിന്നീട് പരിണാമ സിദ്ധാന്ത രൂപവത്കരണത്തിൽ ഗാലപ്പഗോസിലെ വിസ്മയകരമായ ജൈവാവസ്ഥയെക്കുറിച്ചുള്ള പഠനം ഡാർവിന് ഏറെ നിർണായകമാവുകയും ചെയ്തു. ഒറ്റപ്പെട്ട ദ്വീപ സമൂഹമായതുകൊണ്ടു തന്നെ വിവിധങ്ങളായ സസ്യ ജന്തുജാലങ്ങളുടെ കലവറയായിരുന്നു ഗാലപ്പഗോസ്. ഇവിടെയുള്ള ഭീമൻ ആമകൾ, കടൽ ഇഗ്വാനകൾ, മോക്കിങ് പക്ഷികൾ, വലിയ താടിയുള്ള ഫ്രിഗേറ്റ് പക്ഷികൾ എന്നിവയുടേയെല്ലാം സ്വഭാവം, രൂപം, വളർച്ച എന്നിവയെക്കുറിച്ചെല്ലാം വിശദമായ പഠനം നടത്താൻ ഡാർവിന് കഴിഞ്ഞു. ഗാലപ്പഗോസിൽ ഡാർവിൻ കണ്ടെത്തിയ പതിനാലു തരം ഫിഞ്ച് പക്ഷികൾക്ക് അദ്ദേഹത്തിന്റെ സ്മരണാർഥം പിന്നീട് ഡാർവിന്റെ ഫിഞ്ചുകൾ എന്ന വിളിപ്പേര് പോലുമുണ്ടായി.
1831-ഡിസംബർ 27 മുതൽ 1836-ഒക്ടോബർ രണ്ടുവരെയുള്ള തന്റെ സമുദ്രപര്യടനത്തിൽ എച്ച്.എം.എസ്. ബീഗിൾ എന്ന ബ്രിട്ടീഷ് കപ്പലിൽ ചാൾസ് ഡാർവിൻ 1835 സെപ്റ്റംബർ 15-നാണ് ഗാലപ്പഗോസിൽ എത്തിയത്. അവിടെ കണ്ട ഭീമൻ ആമകളും മറ്റെങ്ങും ഇതുവരെ കാണാത്ത പക്ഷികളും ഗാലപ്പഗോസിനെ വ്യത്യസ്ത ഭൂവിടമായി പരിഗണിക്കാൻ ഡാർവിനെ പ്രേരിപ്പിച്ചു. ഇത് പരിണാമ സിദ്ധാന്തത്തെ വലിയരീതിയിൽ സ്വാധീനിക്കുകയും ചെയ്തു.
1978-ൽ യുനെസ്‌കോ ഗാലപ്പഗോസ് ദ്വീപുകളെ ലോക പൈതൃകസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. ദ്വീപുകൾക്ക് ചുറ്റുമുള്ള കടലിൽ ജീവിക്കുന്ന ഇരുപത് ശതമാനം ജീവികളെയും ലോകത്തിന്റെ മറ്റൊരു ഭാഗത്തും കാണാൻ കഴിയില്ല എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. കടലിൽ ജീവിക്കുന്ന ഒരേയൊരു ഇഗ്വാനയും ഇവിടെയാണുള്ളത്. ഭീമൻ ആമകൾക്കും കടൽ ഇഗ്വാനയ്ക്കും പുറമേ കൗതുകമുണർത്തുന്ന മറ്റൊരു ജീവി ഗാലപ്പഗോസ് പെൻഗ്വിനാണ്.
ഈ ദ്വീപുകളിൽ മാത്രം കാണാൻ കഴിയുന്ന പ്രത്യേക ആവാസ വ്യവസ്ഥയും ജൈവ സാന്നിധ്യവുമായിരുന്നു 'ഓൺ ദ ഒറിജിൻ ഓഫ് ദ സ്പിഷീസ് എന്ന പുസ്തകം എഴുതാൻ ഡാർവിനെ പ്രേരിപ്പിച്ച സംഗതി. പല ജീവിവർഗങ്ങളും ഭൂമിയിലെ ഇതര ഭാഗങ്ങളിലെ ജീവികളോട് ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടതായിരുന്നുവെങ്കിലും ഗാലപ്പഗോസിൽ അവ വളരെ വ്യത്യസ്ത രൂപത്തിലും വിചിത്ര സ്വാഭാവത്തിലും കാണപ്പെടുന്നുവെന്ന് ഡാർവിൻ വിലയിരുത്തി. മനുഷ്യരെ പേടിയില്ലാത്ത പക്ഷികൾ, വലിയ ആമകൾ, വ്യത്യസ്തമായ ചുണ്ടുകളോടുള്ള ഫിഞ്ച് കുരുവികൾ അങ്ങനെ പല തരത്തിലുള്ളവായിരുന്നു അവ.
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇത്തരം വിചിത്ര ജീവിവർഗങ്ങൾ എങ്ങനെ രൂപപ്പെട്ടു എന്നായി ഡാർവിന്റെ ആലോചന. ആ ചിന്തയിൽ നിന്നാണ് അതിജീവനത്തിന്റെ ഭാഗമായി പുതിയ ജീവി വർഗങ്ങൾ തന്നെ ഭൂമിയിൽ ഉരുത്തിരിഞ്ഞുവന്നേക്കാം എന്ന ആശയം ഡാർവിൻ അവതരിപ്പിച്ചത്. ജീവലോകത്തെ കുറിച്ചുള്ള പഠനത്തിന് ദിശ നൽകിയ ഡാർവിന്റെ പ്രകൃതി നിർധാരണ സിദ്ധാന്തത്തിന്റെ ആരംഭത്തിനും ഈ ദ്വീപും അവിടുത്തെ ജീവജാലങ്ങളുമാണ് വഴിവെച്ചത്. ഡാർവിന്റെ സ്മരണാർഥം ചാൾസ് ഡാർവിൻ റിസേർച്ച് സ്റ്റേഷനും ഗാലപ്പഗോസിൽ പ്രവർത്തിക്കുന്നുണ്ട്.
- ഭീമൻ ആമകളുടെ വംശനാശ ഭീഷണിയും അതിജീവനവും
ഗാലപ്പഗോസിലെ ഏറ്റവും ആകർഷകമായ ജീവിവർഗമാണ് ഭീമൻ കരയാമകൾ നാനൂറ് കിലോയിലധികമാണ് ഇതിന്റെ ഭാരം കണക്കാക്കുന്നത്. മുപ്പത് ലക്ഷം വർഷം മുമ്പ് ഉരുത്തിരിഞ്ഞതാണ് ഈ ഭീമൻ കരയാമകളെന്നാണ് കണക്കാക്കുന്നത്. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിനോട് ഏറ്റവും അടുത്ത് കിടക്കുന്ന എസ്പാനോളയിലും സാൻ ക്രിസ്റ്റബാളിലും എത്തപ്പെട്ട ഇവ പിന്നീട് മറ്റ് ദ്വീപുകളിലേക്ക് വ്യാപിക്കുകയായിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ ഒരു വർഷം വരെ കഴിയാനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ പ്രത്യേകത മുതലെടുത്ത് നാവികർ യാത്രക്കിടയിൽ മാംസാഹരത്തിനായി ഇവയെ വൻതോതിൽ പിടിച്ചു കൊണ്ടുപോകാൻ തുടങ്ങിയതോടെ വംശനാശ ഭീഷണിയും നേരിട്ടു.
പെട്ടെന്നു ചത്തുപോവുന്നില്ല എന്ന കാരണം കൊണ്ട് കപ്പൽ യാത്രയ്ക്കിടയിൽ മാസങ്ങളോളം മാംസം കഴിക്കാമെന്നതായിരുന്നു ഇവ ആക്രമിക്കപ്പെടാൻ കാരണം. ബാറ്ററിയും മറ്റും ഇല്ലാത്ത കാലത്ത് കപ്പലിലെ വിളക്ക് കത്തിക്കാനുള്ള എണ്ണയ്ക്കായും ഇവയെ കൊന്നൊടുക്കി. ഏതാണ്ട് ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിൽ കരയാമകൾ ഇവിടെ നിന്നും നശിപ്പിക്കപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. മൂന്നിനങ്ങൾ ഭൂമുഖത്തു നിന്ന് പൂർണമായും അപ്രത്യക്ഷമായി. ഇതോടെയാണ് സംരക്ഷണ നടപടികൾക്ക് ഗാലപ്പഗോസ് ദേശീയോദ്യാന അധികൃതർ തുടക്കം കുറിച്ചത്.
ആമകളുടെ വംശവർധനവ്, സ്വാഭാവിക ആവാസ വ്യവസ്ഥയുടെ പുനരാവിഷ്‌കരണം എന്നിവയുമായെല്ലാം ബന്ധപ്പെട്ട് അന്താരാഷ്ട്ര സംഘടനകളുടെയടക്കം സഹായത്തോടെ നിരവധി പദ്ധതികളാണ് ഇവിടെ ബന്ധപ്പെട്ടവർ നടപ്പിലാക്കിയത്. ഇത് വംശവർധനയ്ക്ക് വലിയ രീതിയിൽ സഹായിക്കുകയും ചെയ്തു.ഭീമൻ ആമകളുടെ അതിജീവനത്തിലൂടെ ദ്വീപിലെ മൊത്തം ജൈവാവസ്ഥയാണ് മാറി മറിഞ്ഞത്. അധിനിവേശ സസ്യങ്ങളെ ഇവ ഭക്ഷണമാക്കിയതോടെ സ്ഥലത്തെ സ്വാഭാവികത വീണ്ടെടുക്കാനായി. പുല്ലുകൾ, കുറ്റിച്ചെടികൾ, കള്ളിമുൾച്ചെടുകൾ എന്നിവയെല്ലാം പ്രധാന ഭക്ഷണമാക്കുന്ന ഇവ വിത്ത് വിതരണത്തിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഭക്ഷണത്തിനായി ഏറെ ദൂരം പോവുന്ന ഇവയുടെ സഞ്ചാരവഴിയിലൂടെ നടക്കുന്ന വിത്ത് നിക്ഷേപം പ്രദേശത്തെ ഫലഭൂയിഷ്ഠമാക്കാനും സസ്യജാലങ്ങളുടെ സ്വാഭാവിക വളർച്ചയ്ക്കും നിർണായകമാകുന്നുണ്ട്. ഗാലപ്പഗോസിലെ പരിസ്ഥിതി എൻജിനിയർമാർ എന്നും ഇത്തരം ആമകൾ അറിയപ്പെടുന്നുണ്ട്. ഭക്ഷണത്തിനായുള്ള ഇവയുടെ സഞ്ചാരം സസ്യജാലങ്ങളുടെ ഘടനയെ തന്നെ നേരിട്ടോ അല്ലാതെയോ മാറ്റി മറിക്കുന്നുണ്ട്. വലിയ ഭാരമുള്ള ഇവ ഇഴഞ്ഞ് നീങ്ങുമ്പോൾ ചില സസ്യങ്ങൾ ഇല്ലാതായിപ്പോവുകയും അത് മറ്റുള്ളവയുടെ വളർച്ചയ്ക്ക് ഗുണകരമാവുകയും ചെയ്യുന്നു. ഒരു കാലത്ത് 250,000-ൽ അധികം ഭീമൻ ആമകൾ ഉണ്ടായിരുന്ന ഭൂമുഖത്ത് ഇന്ന് ചുരുങ്ങിയ എണ്ണം മാത്രമാണ് അവേശിക്കുന്നത്. ഇതിൽ പലതും ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി പോയിട്ടുമുണ്ട്.
Published: 30 Dec 2025, 04:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented