അംഗസംഖ്യ നിയന്ത്രണത്തിനായി ചെന്നായ്ക്കളെ കൊന്നൊടുക്കാനുള്ള  ഉദ്യമത്തില്‍ സ്വീഡനോട് പങ്കുചേര്‍ന്ന് നോര്‍വേയും ഫിന്‍ലാന്‍ഡും. ഈ ക്രൂര കൃത്യത്തിനെതിരേ നടപടി സ്വീകരിക്കണമെന്ന്‌ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് പരിസ്ഥിതി സ്‌നേഹികള്‍. നോര്‍വേ അവരുടെ 60 ശതമാനം വരുന്ന ചെന്നായ്ക്കളെയും ഇതിനോടകം കൊന്നൊടുക്കി കഴിഞ്ഞു.  രാജ്യത്തെ പ്രത്യുത്പാദന ജോഡികളെ പരമാവധി മൂന്നായി ചുരുക്കിയപ്പോള്‍ സ്വീഡനിലും ഫിന്‍ലാന്‍ഡിലും ഇത് ആറ് ജോഡികളായി ചുരുക്കപ്പെട്ടു. ജീവിവര്‍ഗങ്ങളെ സംരക്ഷിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ക്ക് എതിരാണ് നടപടിയെന്നും വിമര്‍ശനമുണ്ട്.

To advertise here,

ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നില്ല എന്ന ഒറ്റക്കാരണത്താലാണ് ചെന്നായ്ക്കള്‍ വേട്ടയാടപ്പെടുന്നതെന്ന് മൃഗസ്‌നേഹികള്‍ പറയുന്നു. "നോര്‍വേയിലെ മൃഗ പരിപാലന സംവിധാനങ്ങള്‍ ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. ചില ആളുകള്‍ക്ക് ഇഷ്ടമില്ലാത്തതിനാല്‍  അവര്‍ ചെന്നായ്ക്കളെ വേട്ടയാടുകയാണ്. വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവി വര്‍ഗത്തിന്റെ എണ്ണത്തെ പരിമിതപ്പെടുത്തുന്നത് തീര്‍ത്തും നീതിനിഷേധമാണ്", മൃഗ സംരക്ഷണ സംഘടനയിലെ അംഗമായ സിരി മാര്‍ട്ടിന്‍സെന്‍ പ്രതികരിച്ചു. 

നോര്‍വേയുടെ അഞ്ച് ശതമാനം വരുന്ന പ്രദേശം ചെന്നായ്‌ സംരക്ഷണ മേഖലയാണ്. ഇവിടങ്ങളിലുള്ള ചെന്നായ്ക്കളുടെ സംരക്ഷണത്തിനാണ് പ്രഥമ പരിഗണനയെങ്കിലും  ഇതേ പ്രദേശത്താണ് 25 ചെന്നായ്ക്കളെ കൊന്നൊടുക്കപ്പെട്ടത്. പലപ്പോഴും സംരക്ഷിത കേന്ദ്രത്തിന് പുറത്തുള്ള ചെന്നായ്ക്കളെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭീഷണിയെന്ന് കണ്ടെത്തി കൊല്ലുകയാണ്. 

ഇവിടങ്ങളില്‍ കാണപ്പെടുന്ന ചെന്നായ്ക്കളെ പ്രത്യുത്പാദനത്തിനായി പരിഗണിക്കാറില്ല. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമുള്ള രാജ്യമല്ല നോര്‍വെ എങ്കിലും ചെന്നായ്ക്കളെ കൊല്ലുന്നത് യൂറോപ്യന്‍ വന്യജീവികളുടെയും പ്രകൃതിദത്ത ആവാസവ്യവസ്ഥ സംരക്ഷണത്തെ കുറിച്ചുമുള്ള ബേണ്‍ കണ്‍സര്‍വേഷന്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. 

placeholder
Photo-Gettyimages

നായാട്ടിനായി പരിശീലനം സിദ്ധിച്ച നായകള്‍ ഈ രാജ്യങ്ങളില്‍ കൂടുതലാണ്. പലപ്പോഴും ഇത്തരത്തിലുള്ള നായകളെ ചെന്നായ്ക്കള്‍ ആക്രമിക്കുന്നതും വേട്ടക്കാരുടെ ഇടയില്‍ ഇവയ്ക്ക് പ്രീതി കുറയാന്‍ കാരണമായി. സ്വീഡനില്‍ കഴിഞ്ഞ വര്‍ഷം 395 ആയിരുന്ന ചെന്നായ്ക്കളുടെ എണ്ണത്തില്‍ ശൈത്യക്കാലത്തിനൊടുവില്‍ ഗണ്യമായ കുറഞ്ഞു. ഫിന്‍ലാന്‍ഡിലും സ്ഥിതി സമാനമാണ്. ഫിന്‍ലാന്‍ഡിലെ 300 ചെന്നായ്ക്കള്‍ എന്ന കണക്ക് ഒരു നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്നതാണ്. പലപ്പോഴും ആരോഗ്യകരമായ ആവാസവ്യവസ്ഥയില്‍ മുഖ്യ പങ്ക് വഹിക്കുന്ന ചെന്നായ്ക്കളെ വില്ലന്‍മാരായിട്ടാണ്  ചിത്രീകരിക്കുന്നത്‌. ഒരിടത്ത് മൃഗ സംരക്ഷണമെന്ന് മേനി നടിക്കുകയും മറുവശത്ത് മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ഇവയെ കൊന്നൊടുക്കുകയും ചെയ്യുകയാണീ യൂറോപ്യന്‍ രാജ്യങ്ങള്‍.

Content Highlights: finland, sweden and norway to cull wolf's to control their population