ഗ്രീന്‍ലന്‍ഡില്‍ ഹിമക്കരടികള്‍ മഞ്ഞുപാളികളുടെ അഭാവത്തിലും ഇര തേടല്‍ നടത്തുന്നതായി പഠനങ്ങള്‍. യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍ ആഗോള താപനത്തിന്റെ ഫലമായി ആര്‍ട്ടിക്ക് പോലെയുള്ള ഹിമപ്രദേശങ്ങളില്‍ മഞ്ഞുപാളികളില്‍ മഞ്ഞുരുകല്‍ നിത്യസംഭവമായി തീര്‍ന്നിരിക്കുകയാണ്. തെക്കുകിഴക്കന്‍ ഗ്രീന്‍ലന്‍ഡിലെ നൂറ് കണക്കിന് വരുന്ന ഹിമക്കരടികളാണ് കാലാവസ്ഥാ വ്യതിയാനങ്ങളോട് പൊരുത്തപ്പെടുന്നതായി കണ്ടെത്തിയത്. പ്രധാന ആഹാരമായ കടല്‍നായകള്‍ (seal) ശ്വാസമെടുക്കാനായി മഞ്ഞുപാളികള്‍ക്ക് മുകളിലെത്തുമ്പോള്‍ ഇവയുടെ മറ പറ്റിയാണ് ഹിമക്കരടികള്‍ വേട്ട നടത്തുന്നത്. മഞ്ഞുപാളികളുടെ അസാന്നിധ്യം ഭക്ഷ്യദൗര്‍ലഭ്യത്തിലേക്കും ഇവയുടെ വംശനാശത്തിനും കാരണമാകുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. 

To advertise here,

ആര്‍ട്ടിക്കിന്റെ വിദൂര പ്രദേശങ്ങളിലേക്ക് ഹെലികോപ്റ്റർ മാര്‍ഗം സഞ്ചരിച്ച ഗവേഷകര്‍ ഹിമക്കരടികളില്‍ സാറ്റ്‌ലൈറ്റ് ട്രാക്കിംഗ് ഉപകരണങ്ങളും മറ്റും ഘടിപ്പിച്ചാണ് പഠനങ്ങള്‍ നടത്തിയത്. ഇവയുടെ ജനതിക സാംപിളുകളും പരിശോധനയ്ക്കായി ശേഖരിക്കപ്പെട്ടു. എന്നാല്‍ പ്രതികൂല കാലാവസ്ഥയിലും ഇവ അതിജീവനം നടത്തുന്നതിന് പിന്നില്‍ ജനിതകമായ കാരണങ്ങളാണോ എന്നതില്‍ വ്യക്തതയില്ലെന്നാണ് വിദ്ഗധര്‍ പറയുന്നത്. മാറുന്ന കാലാവസ്ഥയോട് പൊരുത്തപ്പെടാനുള്ള ഇവയുടെ കഴിവ് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. 

ലോകത്താകെ 26,000-ഓളം ഹിമക്കരടികളാണ് ശേഷിക്കുന്നത്. ആഗോള താപനത്തിന്റെ വേഗത കുറയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അനേകം അനന്തര ഫലങ്ങളിലൊന്നായി ഇവയുടെ വംശനാശവും സംഭവിച്ചേക്കാം. ഈ ജീവിവിഭാഗത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുകയാണെങ്കില്‍ മാത്രമേ ഇവയുടെ വംശം അടുത്ത 50-100 വര്‍ഷത്തേക്ക് എങ്കിലും നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നും ഗവേഷകര്‍ പറയുന്നു. സയന്‍സ് ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.