തൊടുപുഴ: അരിക്കൊമ്പൻ മേഞ്ഞ് നടന്നിരുന്ന ചിന്നക്കനാലിലെ 364.89 ഹെക്ടർ റവന്യൂഭൂമി സംരക്ഷിതവനമായി (റിസർവ് ഫോറസ്റ്റ്) പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു. ഉടുമ്പൻചോല താലൂക്കിലെ ചിന്നക്കനാൽ വില്ലേജിലെ ഏഴ്, എട്ട് ബ്ലോക്കുകളിൽ ഉൾപ്പെടുന്ന ഭൂമിയാണ് ചിന്നക്കനാൽ റിസർവ് എന്ന പേരിൽ വനമാക്കി മാറ്റുന്നത്.
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനിക്ക് യൂക്കാലിപ്റ്റസ് കൃഷിക്കായി പാട്ടത്തിന് നൽകിയിരുന്ന ഭൂമിയാണിത്. 2001-ൽ പാട്ട കാലാവധി അവസാനിച്ചിരുന്നു.
അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയ വേസ്റ്റുകുഴി, കുങ്കിയാനകളെ പാർപ്പിച്ചിരുന്ന സിമന്റുപാലം എന്നീ സ്ഥലങ്ങളെല്ലാം ഇനി വനമായി മാറും. ഇതോടെപ്പം ഭൂമി കൈയേറ്റങ്ങൾ വ്യാപകമായ പാപ്പാത്തിച്ചോല, സൂര്യനെല്ലി എന്നീ മേഖലകളും വനമാകും. സൂര്യനെല്ലിയിലെ കൊളുക്കുമല ഉൾപ്പെടുന്ന പ്രദേശം നേരത്തേ വനഭൂമിയായി പ്രഖ്യാപിച്ചിരുന്നു.
റിസർവ് വനമായി പ്രഖ്യാപിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് നടപടികൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ചൊവ്വാഴ്ച ജില്ലാ കളക്ടർക്ക് കത്ത് നൽകിയിരുന്നു. അന്തിമ വിജ്ഞാപനം ഇറക്കുന്നതിനുള്ള ആക്ഷൻ പ്ലാനും കത്തിനൊപ്പമുണ്ട്. ഇതോടെയാണ് ചിന്നക്കനാൽ റിസർവ് യാഥാർഥ്യമാവുന്ന വിവരം പുറത്തായത്.നടപടികൾ പൂർത്തിയാക്കുവാനുള്ള സെറ്റിൽമെന്റ് ഓഫീസറായി ദേവികുളം സബ് കളക്ടറെയും ചുമതലപ്പെടുത്തി.
സിങ്കുകണ്ടത്തെ ജനവാസ മേഖലകളും ആദിവാസികളെ കുടിയിരുത്തിയ 301 കോളനിയിലെ പട്ടയ ഭൂമിയും ഒഴിവാക്കിയാണ് റിസർവ് വനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ 1961-ലെ വനനിയമം ഈ പ്രദേശത്ത് പ്രാബല്യത്തിൽ വന്നു. ചിന്നക്കനാലിലെ റവന്യൂ ഭൂമി റിസർവ് വനമാക്കി മാറ്റുന്നതിന് വനനിയമത്തിലെ സെക്‌ഷൻ നാലു പ്രകാരം സെപ്റ്റംബർ 20-ന് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. മൂന്നാർ വനംവകുപ്പ് ഡിവിഷനിലെ ദേവികുളം റേഞ്ചിന് കീഴിലാണ് പുതിയ റിസർവ് വനം നിലവിൽ വരുന്നത്. അന്തിമ വിജ്ഞാപനം ഇറക്കുന്നതിനുള്ള ആക്ഷൻ പ്ലാനിൽ 16 ഘട്ടങ്ങളാണുള്ളത്. ഇവയെല്ലാം പൂർത്തിയാക്കിയാലേ അന്തിമ വിജ്ഞാപനം ഇറങ്ങൂ. മൂന്ന് മാസത്തിലൊരിക്കൽ ആക്ഷൻ പ്ലാനിന്റെ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് നൽകുമാനും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നിർദേശിച്ചിട്ടുണ്ട്.പുതിയ റിസർവ് വനത്തിന് ചുറ്റും റവന്യൂ ഭൂമിയും സ്വകാര്യ പട്ടയ ഭൂമിയും ഉണ്ട്. ഇതിനാൽ ബഫർ സോൺ അടക്കമുള്ള വിഷയങ്ങൾ ഭാവിയിൽ തങ്ങളെ ബാധിക്കുമോയെന്ന ആശങ്ക ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തിലെ ജനങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
Content Highlights: revenue land in chinnakanal to be reserve forest
Published: 02 Dec 2023, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented