തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ വനത്തിനുള്ളിൽ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും കുളങ്ങൾ കുഴിച്ചു ജലലഭ്യത ഉറപ്പാക്കാനുമായി ജർമൻ ബാങ്കിൽനിന്ന് വായ്പയെടുക്കും. വന്യമൃഗങ്ങൾ തീറ്റതേടി നാട്ടിലിറങ്ങുന്നതു തടയാൻ, ആവശ്യമായ ഭക്ഷണവും വെള്ളവും കാട്ടിൽത്തന്നെ ഉറപ്പാക്കുകയാണ് ലക്ഷ്യം.

To advertise here,

ജർമൻസംരംഭമായ കെ.എഫ്.ഡബ്ല്യു. വികസന ബാങ്കിൽനിന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയംവഴി കടമെടുക്കുന്നതിന് മന്ത്രിസഭ അനുമതി നൽകി. 511.5 കോടിയുടെ പദ്ധതിയിൽ 409.2 കോടിയാണ് വായ്പ. 102.3 കോടി സംസ്ഥാനം വഹിക്കും.

നബാർഡ് വായ്പയ്ക്ക് നാലുശതമാനം പലിശയുള്ളപ്പോൾ ജർമൻ ബാങ്ക് വായ്പയ്ക്ക് 2.5 ശതമാനമേ പലിശയുള്ളൂ. ഏഴുവർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കും. 12 വർഷത്തിനുശേഷം തിരിച്ചടവു തുടങ്ങിയാൽമതി. ആദിവാസി വിഭാഗങ്ങളുടെ സേവനംകൂടി ലഭ്യമാക്കി പങ്കാളിത്ത വനപരിപാലന മാതൃകയിലാകും പദ്ധതി. സൗരോർജവേലി നിർമാണവും ഭാഗമാക്കും.

സിവിൽ സർവീസ് കോർപ്പറേഷന്റെ കടമെടുപ്പ് പരിധി 2500 കോടി രൂപയിൽനിന്ന് 3500 കോടിയായി ഉയർത്താനും മന്ത്രിസഭ അനുമതി നൽകി.