
തിരുവനന്തപുരം: കടല്‍, കായല്‍ തീരപ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണ പരിധിയില്‍ ഇളവുകള്‍ ലഭിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച തീരദേശ പരിപാലന പ്ലാനിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുണ്ടായിരുന്ന 66 പഞ്ചായത്തുകളിലാണ് ഇളവ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പത്തുലക്ഷത്തോളംപേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
2011 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ നഗരസ്വഭാവമുണ്ടെന്ന് കണ്ടെത്തിയ 66 തീരദേശ പഞ്ചായത്തുകളെ 2019-ലെ തീരദേശ പരിപാലന വിജ്ഞാപന പ്രകാരം കടുത്ത നിയന്ത്രണമുണ്ടായിരുന്ന സോണ്‍ മൂന്നില്‍നിന്ന് സോണ്‍ രണ്ടിലേക്കു മാറ്റിയിട്ടുണ്ട്.
ഉള്‍നാടന്‍ ജലാശയങ്ങളുടെ വേലിയേറ്റ രേഖയില്‍നിന്നുള്ള ദൂരപരിധി 100 മീറ്ററില്‍നിന്ന് 50 മീറ്റര്‍ വരെയായി കുറയ്ക്കുകയും 50 മീറ്റര്‍വരെയോ ജലാശയത്തിന്റെ വീതിയോ ഏതാണോ കുറവ് അതുമാത്രം വികസന നിഷിദ്ധ മേഖലയായി മാറ്റുകയും ചെയ്തിട്ടുണ്ട്. തുറമുഖത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ വികസനരഹിത മേഖല ബാധകമല്ല.
കേന്ദ്രസര്‍ക്കാരിന്റെ ഇതുസംബന്ധിച്ച വിജ്ഞാപനം പൂര്‍ണമായും പ്രാബല്യത്തില്‍ വരുന്നതോടെ 300 ചതുരശ്രമീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് നേരിട്ട് നിര്‍മാണാനുമതി നേടാനാകും. സി.ആര്‍.സെഡ്. രണ്ടുമേഖലയില്‍ 1991-നുമുന്‍പ് നിലവിലുണ്ടായിരുന്ന ഫ്‌ളോര്‍ സ്പെയ്സ് ഇന്‍ഡക്‌സ് ആയിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്നത്. പുതിയ പ്ലാന്‍ നിലവില്‍ വരുന്നതോടെ ഇപ്പോള്‍ നിലനില്‍ക്കുന്ന ഫ്‌ലോര്‍ സ്പെയ്സ് ഇന്‍ഡക്‌സ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.
പൊക്കാളി, കൈപ്പാട് കൃഷിപ്പാടങ്ങളില്‍ 1991-ന് മുന്‍പുള്ള ബണ്ട് വേലിയേറ്റ രേഖയായി കണക്കാക്കി തീരദേശ നിയമ നിയന്ത്രണങ്ങള്‍ വേലിയേറ്റ രേഖവരെയാക്കി ചുരുക്കിയിട്ടുണ്ട്. സ്വകാര്യഭൂമിയിലെ കണ്ടല്‍ക്കാടുകള്‍ക്ക് ബഫര്‍ സോണ്‍ പൂര്‍ണമായും ഒഴിവാക്കി. സി.ആര്‍.സെഡ്. മൂന്ന് എയിലെ വികസന നിഷിദ്ധ മേഖല നിലവിലുള്ള 200 മീറ്ററില്‍നിന്ന് 50 മീറ്ററായി കുറച്ചു.
31 പഞ്ചായത്തുകളെ സി.ആര്‍.സെഡ്. മൂന്ന് എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും 20 പഞ്ചായത്തുകള്‍ സി.ആര്‍.സെഡ്. രണ്ട് കാറ്റഗറിയിലേക്ക് മാറിയിട്ടുണ്ട്. നിലവില്‍ 11 പഞ്ചായത്തുകളാണ് സി.ആര്‍.സെഡ്. മൂന്ന് എ കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നഗരസ്വഭാവമുള്ള 109 പഞ്ചായത്തുകള്‍ക്കുകൂടി ഇളവ് അനുവദിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു ചതുരശ്ര കിലോമീറ്ററില്‍ 2161 പേരോ അതില്‍ കൂടുതലോ ജന സാന്ദ്രതയുള്ള പഞ്ചായത്തുകളെ, പുതുതായി 2019-ലെ തീരദേശ പരിപാലന പ്ലാനില്‍ ഉള്‍പ്പെടുത്തിയ സി.ആര്‍.സെഡ്. മൂന്ന് എ എന്ന വിഭാഗത്തിലും അതില്‍ കുറഞ്ഞ ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ സി.ആര്‍.സെഡ്. മൂന്ന് ബി വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: kerala coastal protection centre gov accepts keralas project plan
Published: 17 Oct 2024, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented