ന്യൂഡല്‍ഹി: വിവിധസംസ്ഥാനങ്ങളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കൂടുന്നതിനാല്‍ കടുവസങ്കേതങ്ങള്‍ക്ക് പുറത്തുപോകുന്ന കടുവകളെ നിരീക്ഷിച്ച് ആക്രമണങ്ങള്‍ തടയാന്‍ മുന്‍കരുതലുകളൊരുക്കും. ടൈഗര്‍ ഔട്ട്സൈഡ് ടൈഗര്‍ റിസര്‍വ് (ടിഒടിആര്‍) എന്നുപേരിട്ട പുതിയ പദ്ധതിപ്രകാരം സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിക്കും. കേരളത്തില്‍ കടുവാ ആക്രമണഭീതി ശക്തമായ വയനാട്ടിലും ആറളത്തും പദ്ധതി നടപ്പാക്കിയേക്കും.

To advertise here,

18 സംസ്ഥാനങ്ങളിലെ 200 ഇടങ്ങളിലാണ് പുറത്തേക്ക് കടുവകള്‍ സഞ്ചരിക്കുന്നതായി ദേശീയ കടുവസംരക്ഷണകേന്ദ്രത്തിന്റെ നിരീക്ഷണത്തില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ 10 സംസ്ഥാനങ്ങളിലെ 80 വനമേഖലകളില്‍ പദ്ധതി നടപ്പാക്കിയേക്കും. വയനാട്, മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍, ഉത്തര്‍പ്രദേശിലെ പിലിഭിത്ത് എന്നിവ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ അടിക്കടിയുണ്ടാകുന്ന കേന്ദ്രങ്ങളാണെന്നാണ് കേന്ദ്ര വനം-വന്യജീവി വകുപ്പിന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്ത് നിലവില്‍ 3682 കടുവകളുണ്ട്. ഇവയുടെ 30 ശതമാനവും കടുവസങ്കേതങ്ങളുടെ പരിധിക്കുപുറത്തേക്ക് സഞ്ചരിക്കുന്നവയാണെന്നാണ് കണ്ടെത്തല്‍.

അടുത്തിടെ ഗിര്‍ വനമേഖലയില്‍ ചേര്‍ന്ന ദേശീയ വന്യജീവി ബോര്‍ഡ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ടിഒടിആര്‍ പ്രഖ്യാപിച്ചത്. 2026-27 വരെ പദ്ധതിക്കായി 176.45 കോടി രൂപ വകയിരുത്തി. മറ്റ് വിശദാംശങ്ങളിലേക്ക് ചര്‍ച്ചകള്‍ കടന്നിട്ടില്ല.

പദ്ധതിയിങ്ങനെ

  • സന്നദ്ധസേവകരുടെ പങ്കാളിത്തമുണ്ടാകും
  • കടുവ സങ്കേതത്തിന് പുറത്തക്ക് എവിടയൊക്കെ സഞ്ചരിക്കുന്നുവെന്ന് നിരീക്ഷിക്കാന്‍ സിസിടിവി ക്യമറതകള്‍ സ്ഥാപിക്കും
  • ഡ്രോണ്‍ സേവനം പ്രയോജനപ്പെടുത്തും
  • കടുവ സഞ്ചാരം കണ്ടെത്തിയാലുടന്‍ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ പ്രദേശിക സന്നദ്ധസേവകരുള്‍പ്പെട്ട പ്രതിരോധസേനകള്‍ അറിയിക്കും