പത്തനംതിട്ട: കാട്ടാനകളുടെ സംരക്ഷണത്തിനായി കര്‍ശനനടപടികള്‍ സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പരമ്പരാഗത ആനത്താരകള്‍ കണ്ടെത്തി വിജ്ഞാപനം ചെയ്യാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നീക്കം തുടങ്ങി. വിജ്ഞാപനം ഇറക്കുന്നതിന് മുന്‍പ് ആനത്താരകളുടെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കും. കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് നിയന്ത്രിക്കുന്നതിനും അനധികൃത നിര്‍മാണങ്ങള്‍ തടയുന്നതിനും വിജ്ഞാപനം സഹായിക്കുമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. 

To advertise here,

കേന്ദ്ര മന്ത്രാലത്തിന്റെ രേഖകള്‍ പ്രകാരം സംസ്ഥാനത്ത് 12 ആനത്താരകളാണുള്ളത്. ഇതില്‍ ഭൂരിഭാഗവും സുരക്ഷിതമാണെന്ന് വനംവകുപ്പ് പറയുന്നുണ്ട്. സ്വകാര്യഭൂമികളിലെ ആനത്താരകളില്‍ പ്രാധാന്യമുള്ളത് നഷ്ടപരിഹാരം നല്‍കി വനംവകുപ്പ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴും ചില ആനത്താരകള്‍ സ്വകാര്യ ഭൂമിയിലുണ്ട്.

ഈ സാഹചര്യത്തില്‍, ഇവിടങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ വന്നേക്കും. ആനകളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്താത്ത നിര്‍മാണങ്ങള്‍ക്ക് മാത്രമേ അനുമതികിട്ടാന്‍ സാധ്യതയുള്ളൂ.

മനുഷ്യനിര്‍മിത തടസ്സങ്ങള്‍മൂലം 2010-നുശേഷം പത്തിലധികം പരമ്പരാഗതപാതകള്‍ ആനകള്‍ ഉപേക്ഷിച്ചതായി കേന്ദ്ര മന്ത്രാലയവും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഹൈവേ വികസനം, കെട്ടിടനിര്‍മാണം തുടങ്ങിയവയാണ് ആനത്താരകള്‍ക്ക് ഭീഷണിയാകുന്നത്. കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ആനത്താരകളില്‍ വ്യാപക കൈയേറ്റമുണ്ട്. പ്രശ്നത്തില്‍ കോടതി ഇടപെട്ടിരുന്നു. തമിഴ്നാട്ടിലെ നീലഗിരിയില്‍ ആനത്താരകള്‍ക്ക് ഭീഷണിയായ റിസോര്‍ട്ടുകള്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് പൂട്ടുകയും ചെയ്തു.