
ഇന്ന് ലോക അങ്ങാടിക്കുരുവി ദിനം. ആവാസ വ്യവസ്ഥയില്‍ അങ്ങാടിക്കുരുവികളുടെ പ്രാധാന്യം മനസിലാക്കുന്നതിന് വേണ്ടി 2010 മാര്‍ച്ച് 20 ലാണ് ആദ്യമായി ലോക അങ്ങാടിക്കുരുവി ദിനം ആചരിക്കപ്പെട്ടത്. നാച്ചുര്‍ ഫോര്‍എവര്‍ സൊസൈറ്റി ഓഫ് ഇന്ത്യ, എക്കോ-സിസ് ആക്ഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഫ്രാന്‍സ് എന്നീ സംഘടനകളുടെ ആശയമാണ് ഇതിന് പിന്നില്‍. 'ലൗ സ്‌പോരോസ്' എന്ന സന്ദേശവുമായാണ് ഈ വര്‍ഷത്തെ ലോക അങ്ങാടിക്കുരുവി ദിനം കടന്നു പോകുന്നത്.
ഒരു ടെന്നീസ് ബോളിന്റെ അത്ര മാത്രം വലുപ്പമുള്ളവയാണ് അങ്ങാടിക്കുരുവികൾ. നഗരപ്രദേശങ്ങളിലും കെട്ടിടങ്ങളുള്ള ഇടങ്ങളിലുമാണ് ഇവ കൂടുതലായും കാണപ്പെടാറുള്ളത്. ചിപ്പ് ചിപ്പ് ശബ്ദം ഉണ്ടാക്കി നഗരങ്ങളിലും മറ്റും നിത്യമെത്തുന്ന ഇവ ജനവാസ മേഖലയിലെ സജീവ സാന്നിധ്യമാണ്. എന്നാൽ നഗരവത്കരണത്തിന്റെ ഭാഗമായി പലയിടങ്ങളിൽ നിന്നും ഇവ അപ്രത്യക്ഷമാകുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് അങ്ങാടിക്കുരുവികൾക്കായി ഒരു ദിനം നാം നീക്കി വെക്കുന്നത്.
16 സെന്റിമീറ്റര്‍ വരെ നീളവും 40 ഗ്രാം വരെ ഭാരവുമുള്ള ഇവ ഐയുസിഎന്‍ പട്ടിക പ്രകാരം ലീസ്റ്റ് കണ്‍സേണ്‍ വിഭാഗത്തിലാണ് ഉൾപ്പെടുന്നതെങ്കിലും ക്രമാതീതമായ എണ്ണക്കുറവ് ആശങ്കയുണ്ടാക്കുന്നുണ്ട്.

ആണും പെണ്ണും ഒന്നല്ല
മറ്റ് പക്ഷി വിഭാഗങ്ങളുടെ സ്വഭാവ സവിശേഷതയല്ല ഇവയ്ക്ക്. മറ്റ് പക്ഷികളില്‍ ആണ്‍ പെണ്‍ വിഭാഗങ്ങളെ വലുപ്പ വ്യത്യാസം നോക്കി തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ അങ്ങാടിക്കുരുവികളുടെ കാര്യത്തില്‍ ഇത് സാധ്യമല്ല. ആണിനും പെണ്ണിനും ഒരേ വലുപ്പമാണുള്ളത്. നിറത്തിലെ വ്യത്യാസം നോക്കിയാണ് ആണിനെയും പെണ്ണിനെയും സാധാരണയായി തിരിച്ചറിയുക. ആണിന് ചാരനിറത്തിലുള്ള നെഞ്ചും വെളുത്ത കവിളുകളുമാണ്. പെണ്‍ വിഭാഗക്കാര്‍ക്ക് ഇളം തവിട്ടുനിറം ശരീരം മുഴുവനുണ്ട്. വെളുത്ത കവിളുകളില്ല.
കൂടെവിടെ
നഗര പ്രദേശങ്ങളോടാണ് കൂടുതല്‍ ആഭിമുഖ്യം. കെട്ടിടങ്ങളിലും വീടുകളിലുമാണ് കൂടൊരുക്കുന്നത്. പഴങ്ങളുടെയും മറ്റും കുരുകളാണ് ഭക്ഷണമാക്കുന്നതെങ്കിലും പ്രത്യുത്പാദന വേളയില്‍ കുഞ്ഞുങ്ങള്‍ക്ക് പ്രാണികളെയാണ് ആഹാരമായി നല്‍കുക. കൂടൊരുക്കാന്‍ മരങ്ങളെ സാധാരണയായി ആശ്രയിക്കാറില്ലെങ്കിലും ചുരുക്കം ചിലവ മരപ്പൊത്തുകളെ കൂടൊരുക്കാന്‍ ആശ്രയിക്കാറുണ്ട്.
മണ്ണില്‍ കുളിച്ചെത്തുന്ന നിത്യസന്ദര്‍ശകര്‍
കാട്ടാനകളെ പോലെ മണ്ണില്‍ കുളിക്കാനിഷ്ടപ്പെടുന്നവരാണ്. ദേഹത്ത് മണ്ണും ചെളിയും മറ്റും തെറിപ്പിച്ചുള്ള കുളിയോട് പ്രിയമുള്ളവരാണിവർ.. ഉള്‍വലിഞ്ഞ പ്രകൃതക്കാരല്ല. സമൂഹമായാണ് ഇവ ജീവിക്കുന്നത്. എട്ട് മുതല്‍ പത്ത് വരെയുള്ള കൂട്ടങ്ങളായും കാണപ്പെടാറുണ്ട്. ശബ്ദമുണ്ടാക്കിയും മറ്റുമാണ് മറ്റുള്ള കൂട്ടരുമായി സന്ദേശകൈമാറ്റം നടത്തുന്നത്.

കൂട് കയ്യേറ്റം സാധാരണം
കൂടിന് ഭീഷണിയായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഇവ ആക്രമണകാരികളാകും. ഇത്തരത്തില്‍ കൂടാക്രമിക്കാനെത്തിയ മറ്റ് പക്ഷികളെ കൂട്ടം ചേര്‍ന്ന് ആക്രമിച്ച കഥയും ഉണ്ടായിട്ടുണ്ട്. ചിലപ്പോള്‍ മറ്റ് പക്ഷികളുടെ കൂടും കൈയ്യേറാറുണ്ട്. ഈസ്റ്റേണ്‍ ബ്ലൂബേര്‍ഡ്‌സ്, പര്‍പ്പിള്‍ മാര്‍ട്ടിന്‍സ്, ട്രീ സ്വാളോസ് എന്നിവയുടെ കൂടാണ് സാധാരണയായി കൈയ്യേറാറുള്ളത്. കൂടുകളില്‍ നിന്നുമിവയെ പുറത്താക്കിയാണിത്.
ഗവേഷകരുടെ പഠന സാമഗ്രി
ധാരാളമായി കാണപ്പെടുന്നതിനാലും മനുഷ്യരോട് ഭയമില്ലത്തതിനാലും പക്ഷികളെ ഉപയോഗിച്ചുള്ള പഠനങ്ങള്‍ക്ക് അങ്ങാടിക്കുരുവികളെയാണ് ഗവേഷകര്‍ ആശ്രയിക്കുന്നത്. ഇവയെ പരിപാലിക്കുന്നതും എളുപ്പമാണ്. നിലവില്‍ അയ്യായിരത്തോളം പഠനങ്ങളാണ് ഇവയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ളത്.
വംശനാശഭീഷണിയില്‍?
നിലവില്‍ വംശനാശ ഭീഷണി ഇല്ലെങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിരന്തരം മാറി കൊണ്ടിരിക്കുന്ന നഗര പ്രദേശങ്ങള്‍ ഇവയ്ക്ക് ജീവിക്കാനുള്ള ചുറ്റുപാടുകള്‍ ഇല്ലാതാക്കുന്നതാണ് ഇതിന് കാരണം. പുതിയ കെട്ടിടങ്ങള്‍ പലതിലും ഇത്തരത്തില്‍ കൂടൊരുക്കാനുള്ള ഇടങ്ങള്‍ ഒഴിവാക്കി നിര്‍മിക്കപ്പെടുന്നതും കീടനാശിനികള്‍ മൂലമുള്ള മലിനീകരണവും മറ്റ് പ്രധാന കാരണങ്ങളാണ്.

മൂന്ന് വര്‍ഷമാണ് അങ്ങാടിക്കുരുവികളുടെ ശരാശരി ആയുസ്സ്. ടെക്‌സാസില്‍ 2004 വരെ ജീവിച്ച ഒരു അങ്ങാടിക്കുരുവിയാണ് ഏറ്റവും കൂടുതല്‍ കാലം ജീവിച്ചതായി രേഖപ്പെടുത്തിയത്. 15 വര്‍ഷവും ഒന്‍പത് മാസവുമാണിത്. പ്രതികൂല ഘടകങ്ങള്‍ മൂലം വംശമറ്റ് പോകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം നടപ്പാക്കുന്നുണ്ട്. ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യ ഘടകം അങ്ങാടിക്കുരുവികള്‍ക്കായി മനുഷ്യനിര്‍മിത കൂടുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തിരുന്നു.
അവലംബം
Content Highlights: about the unique features of sparrows;world sparrow day 2022
Published: 21 Mar 2022, 11:55 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented