'ഇന്ന് മഴ പെയ്യുമോ? കാലാവസ്ഥാ മുന്നറിയിപ്പുണ്ടെങ്കിൽ പെയ്യില്ലെന്ന് ഉറപ്പ്.' മലയാളികൾ കഴിഞ്ഞ കുറേ കാലമായി പറഞ്ഞുശീലിച്ച വാക്കുകളാണിത്. പ്രവചനത്തിൽ കാലാവസ്ഥാ കേന്ദ്രം പോലെ പഴിയും പരിഹാസവും കേട്ടവർ വേറെ ഉണ്ടാവില്ല. മഴ മഹാദുരന്തങ്ങൾക്ക് കാരണമാകുന്ന കാലത്ത് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന് വിലപ്പെട്ട ജീവനുകളുടെ വിലയുണ്ട്. ചെറിയ പിഴവിന് വലിയ വില കൊടുക്കേണ്ട സാഹചര്യം. ഈ പഴിക്ക് അവർ അർഹരാണോ? എന്തുകൊണ്ട് പ്രവചനങ്ങൾ തെറ്റുന്നു?  എന്താണ് കാലാവസ്ഥാ കേന്ദ്രത്തിൽ സംഭവിക്കുന്നത്? എങ്ങനെയാണ് കാലാവസ്ഥ പ്രവചിക്കുക? അതിന്റെ വെല്ലുവിളികള്‍, പ്രവചനത്തിന്റെ കൃത്യതയെ സ്വാധീനിക്കുന്ന കാരണങ്ങള്‍.. ഉഷ്ണമേഖലാ രാജ്യമായ ഇന്ത്യയില്‍ കാലാവസ്ഥ പ്രവചനമെന്നത് വെല്ലുവിളി നിറഞ്ഞ പ്രവര്‍ത്തനമാണെന്ന് പറയുകയാണ് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ നീത കെ. ഗോപാല്‍. കാലാവസ്ഥയും മഴയും പ്രവചനവുമെന്താണെന്ന് മാതൃഭൂമി ഡോട്ട് കോമുമായി നടത്തിയ ദീര്‍ഘ സംഭാഷണം വായിക്കാം.

To advertise here,

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എന്നത് ഏതൊരു രാജ്യത്തിനും വളരെ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ്. നമ്മുടെ കാലാവസ്ഥ നിരീക്ഷണവും അതിന്റെ ചരിത്രവും എവിടെ നിന്ന് തുടങ്ങുന്നു?

ഇന്ത്യന്‍ മീറ്റീറോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് അഥവാ കാലാവസ്ഥാ പഠന കേന്ദ്രം എന്നത് 150 വര്‍ഷത്തെ പഴക്കമുള്ള സംവിധാനമാണ്. സ്വാതന്ത്ര്യത്തിന് മുന്നെ ബ്രിട്ടീഷുകാരുടെ കാലത്താണ് ഇത് സ്ഥാപിതമായത്. ഐ.എം.ഡി.യുടെ 150-ാമത് വര്‍ഷമാണ് ഇത്. ഇത്രയും കാലത്തിന് മുമ്പുതന്നെ വ്യവസ്ഥാപിതമായ രീതിയില്‍ കാലാവസ്ഥാ പഠനം ഇവിടെ നടന്നിരുന്നു. അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയില്‍ ചരക്ക് കപ്പലുകളുടെ നീക്കങ്ങള്‍ക്ക് വേണ്ടി മണ്‍സൂണ്‍ കാറ്റിന്റെ നിരീക്ഷണത്തിന് വേണ്ടിയാണ് കാലാവസ്ഥാ പഠന കേന്ദ്രം സ്ഥാപിക്കപ്പെട്ടത്. മണ്‍സൂണും ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാകുന്ന ചുഴലിക്കാറ്റുകളും ചരക്ക് നീക്കത്തെ സ്വാധീനിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാണ് കാലാവസ്ഥാ നിരീക്ഷണം അനിവാര്യമെന്ന് കണ്ട് ഐ.എം.ഡി. സ്ഥാപിതമായത്.

കൊല്‍ക്കത്തയിലെ ആലിപ്പൂരിലാണ് ആദ്യത്തെ കേന്ദ്രം സ്ഥാപിച്ചത്. ഇതിനുശേഷം ബോംബെ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലും നിരീക്ഷണ കേന്ദ്രം തുടങ്ങി. ലോകമഹായുദ്ധം നടന്നതിന് ശേഷമാണ് കാലാവസ്ഥാ നിരീക്ഷണത്തിന് വേണ്ടി റഡാറുകൾ ഉപയോഗിച്ച് കാലാവസ്ഥാ നിരീക്ഷണം തുടങ്ങിയത്. പിന്നീട് സാങ്കേതികവിദ്യകള്‍ വളര്‍ന്നതിനനുസരിച്ച് കൃത്രിമോപഗ്രഹങ്ങള്‍ ഉപയോഗിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നു. ഈ നിലയിലേക്ക് വളര്‍ന്നതോടെ ചുഴലിക്കാറ്റുകളുള്‍പ്പെടെ സമുദ്രത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുന്നത് എളുപ്പമായി. അന്തരീക്ഷത്തിന്റെ ഓരോ തട്ടിലുമുള്ള താപനിലയുടെ വ്യത്യാസം വരെ കണക്കിലാക്കാന്‍ സാധിച്ചു. ഇത് വലിയതോതിലുള്ള സഹായമാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ക്ക് ഉണ്ടാക്കിയത്.

ഒരുസ്ഥലത്ത് ഇന്ന കാലാവസ്ഥയായിരിക്കും എന്ന് എങ്ങനെയാണ് പ്രവചിക്കാന്‍ സാധിക്കുക? അതിനെടുക്കുന്ന പ്രയത്നങ്ങള്‍ എത്രത്തോളമുണ്ട്?

കാലാവസ്ഥ പ്രവചിക്കുന്നത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ അന്തരീക്ഷത്തിന്റെ നിലവിലെ അവസ്ഥ എങ്ങനെയാണ് എന്ന് മനസിലാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനാണ് നമുക്ക് ഒബ്സര്‍വേറ്ററികളുള്ളത്. ഇന്ത്യയില്‍ പലതരത്തിലുള്ള ഒബ്സര്‍വേറ്ററികളുണ്ട്. സര്‍ഫസ് ഒബ്സര്‍വേറ്ററികള്‍ ചെയ്യുന്നത് ഗ്രൗണ്ട് ലെവലിലുള്ള നിരീക്ഷണമാണ്. ഇതിനൊപ്പം നിരീക്ഷണ ഉപകരണങ്ങള്‍ ബലൂണില്‍ (weather balloon) കെട്ടി മുകളിലേക്ക് ഉയര്‍ത്തി അന്തരീക്ഷത്തിന്റെ പലതട്ടിലുള്ള നിരീക്ഷണം നടത്തും. ഇത് പോകുന്ന സ്ഥലത്തുനിന്നുള്ള മുഴുവന്‍ വിവരങ്ങളും ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയയ്ക്കും.

placeholder
neetha gopal
നീത ഗോപാല്‍, ഐ.എം.ഡി. ഡയറക്ടര്‍

ഇതിനൊപ്പം റഡാര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കും. സമുദ്രമേഖലകളില്‍ നിരീക്ഷണത്തിന് വേറെ കേന്ദ്രങ്ങളുണ്ട്. ഇതിനൊപ്പം ചരക്ക് കപ്പലുകളില്‍ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളില്‍ നിന്നുള്ള വിവരങ്ങളും ശേഖരിക്കും. ഇങ്ങനെ കിട്ടുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഒരു ചാര്‍ട്ട് തയ്യാറാക്കുന്നു. ഇത് ഉപയോഗിച്ചാണ് കാലാവസ്ഥ പ്രവചിച്ചിരുന്നത്. ഇത് കംപ്യൂട്ടറുകള്‍ വരുന്നതിന് മുമ്പ് ഉപയോഗിച്ചിരുന്ന രീതിയാണ്. അങ്ങനെ ചെയ്യുമ്പോള്‍ അഞ്ചോ ആറോ ദിവസങ്ങള്‍ വരെയുള്ള കാലാവസ്ഥ പ്രവചിക്കാന്‍ സാധിക്കും. ഇന്നിപ്പോള്‍ അത്യാധുനിക കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ വന്നതോടുകൂടി വിവിധ ഒബ്സര്‍വേറ്ററികളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കംപ്യൂട്ടര്‍ പ്രോഗ്രാമാണ് വിശകലനം ചെയ്യുന്നത്.

അങ്ങനെ ചെയ്യുമ്പോള്‍ പല സമയങ്ങളിലുമുള്ള കാലാവസ്ഥ പ്രവചിക്കാന്‍ സാധിക്കും. ഇപ്പോള്‍ കേരളത്തിലൊക്കെ ഏഴ് ദിവസത്തെ കാലാവസ്ഥാ പ്രവചനം നല്‍കാറുണ്ട്. ഇതിനെ ഷോര്‍ട്ട്  ടു മീഡിയം റേഞ്ച് എന്നാണ് പറയുക. ഇതിനൊപ്പം ഓരോ സീസണ്‍ അനുസരിച്ച് കാലാവസ്ഥ ഒരുമാസത്തേക്ക് ഒക്കെ പ്രവചിക്കാന്‍ സാധിക്കും. ഇതിനെ എക്സ്റ്റന്റഡ് റേഞ്ച് എന്നാണ് പറയുക. പിന്നെ മണ്‍സൂണ്‍ പോലെയുള്ള സാഹചര്യത്തില്‍ നല്‍കുന്ന ലോങ് റേഞ്ച് പ്രവചനങ്ങള്‍.. അങ്ങനെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ രീതി. ഇതിനൊക്കെ ഉപരിയായി മൂന്നുമണിക്കൂര്‍ നേരത്തേക്ക് മാത്രം നല്‍കുന്ന നൗകാസ്റ്റ് എന്നൊരു കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവുമുണ്ട്. ഇത്രയുമാണ് അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങള്‍.

കാലാവസ്ഥാ പ്രവചനം നടത്തുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍, അതെങ്ങനെയാണ് പ്രവചനങ്ങളെ ബാധിക്കുന്നത്?

ഒന്നാമത് നമ്മുടേത് ഉഷ്ണമേഖലാ രാജ്യമാണ്. അതുകൊണ്ടുതന്നെ ഈ മേഖലയിലുള്ള മറ്റ് രാജ്യങ്ങളിലേതുപോലെ തന്നെ കാലാവസ്ഥാ പ്രവചനത്തിന്റെ കൃത്യത എപ്പോഴും കുറവായിരിക്കും. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ ശീതകാലാവസ്ഥയാണ്. അതുകൊണ്ടുതന്നെ അവിടങ്ങളില്‍ കുറച്ചുകൂടി വ്യവസ്ഥാപിതമായ രീതിയിലാണ് കാലാവസ്ഥ മാറുന്നത്. അതുകൊണ്ടുതന്നെ പ്രവചനത്തിന്റെ കൃത്യത കൂടുതലുമാണ്. എന്നാല്‍, ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നത് വളരെ പെട്ടെന്നാണ്. ഇത് കാലാവസ്ഥാ പ്രവചനത്തെ ബാധിക്കും.

ശീതമേഖലയിലെ സാഹചര്യമല്ല ഉഷ്ണമേഖലയിലുള്ളത്. അതുകൊണ്ടുതന്നെ അവിടങ്ങളിലെ പ്രവചനങ്ങളെ നമ്മുടെ മേഖലയിലെ പ്രവചനങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. കാരണം രണ്ടിടത്തും കാലാവസ്ഥയെ മാറ്റുന്ന അടിസ്ഥാന കാരണങ്ങള്‍ വ്യത്യസ്തമാണ്. അതുകൊണ്ടാണ് നമ്മുടെ പ്രവചനത്തിന്റെ കൃത്യത കുറയുന്നത്. ഇത് മാത്രമല്ല മറ്റ് നിരവധി കാരണങ്ങള്‍ കാലാവസ്ഥാ പ്രവചനത്തിന്റെ കൃത്യതയെ ബാധിക്കും.

കംപ്യൂട്ടര്‍ വിശകലനം ചെയ്ത് തരുന്ന വിവരങ്ങളാണ് ഉപയോഗിക്കുന്നതെങ്കിലും അതിനായുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് വളരെ കുറഞ്ഞ അളവിലാണ്. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാല്‍ പോലും നമുക്ക് കിട്ടുന്ന നിരീക്ഷണ വിവരങ്ങള്‍ വളരെ പരിമിതമായിരിക്കും. അതാണ് നമ്മുടെ പ്രകൃതിയുടെ സ്വഭാവം. സമുദ്രവും അന്തരീക്ഷവും മാത്രമല്ല ഇവ തമ്മിലുള്ള ഇടപെടലുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രവചനത്തിന് വേണ്ടി ശേഖരിക്കും. ഭൂഗോളത്തിലെ പ്രകൃതിയെ അനുകരിക്കുക എന്നതാണ് ഈ പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ അതിനെ വിശകലനം ചെയ്തെടുക്കുന്നതിന് പരിമിതികള്‍ ഒരുപാടുണ്ട്.

ഇതിനുപുറമെ പര്‍വത പ്രദേശങ്ങള്‍ പോലെ ഒരുപ്രദേശത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഒരുപാട് ഘടകങ്ങള്‍ വേറെയുമുണ്ട്. ഇതിനെയെല്ലാം ഒരു പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ നമുക്ക് ഫലപ്രദമായി കാലാവസ്ഥ പ്രവചിക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ ആദ്യമേ ചില അനുമാനങ്ങള്‍ നമ്മള്‍ സ്വീകരിക്കും. കേരളത്തിന്റെ കാര്യമെടുക്കാം. കിഴക്ക് പശ്ചിമഘട്ട മലനിരയുണ്ട്, പടിഞ്ഞാറ് സമുദ്രത്തിന്റെ സാമീപ്യമുണ്ട്. ഇതിനൊക്കെ പുറമെ ചെറിയ ചില സാഹചര്യങ്ങള്‍ വേറെയുമുണ്ട്. ഇവയെല്ലാം ഒരു കംപ്യൂട്ടര്‍ പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ല. ഇത് തന്നെയാണ് രാജ്യത്തിന്റെ മുഴുവന്‍ കാര്യമെടുത്താലും സംഭവിക്കുന്നത്.

അപ്പോള്‍ തന്നെ വിശകലനത്തില്‍ പാളിച്ച സംഭവിച്ച് കഴിഞ്ഞു. ഇത് ഓരോ വിശകലനത്തിലൂടെ കടന്നുപോകുമ്പോഴും അത് വര്‍ധിച്ചുകൊണ്ടേയിരിക്കും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഏകദേശ അനുമാനം മാത്രമാണ് നമുക്ക് ലഭിക്കുന്നത്. എത്ര ശേഷിയുള്ള കംപ്യൂട്ടര്‍ സംവിധാനം ഉണ്ടെങ്കില്‍ പോലും പ്രകൃതിയിലെ മുഴുവന്‍ സാഹചര്യങ്ങളെയും അതിന്റെ ശരിയായ അര്‍ഥത്തില്‍ പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ 100 ശതമാനം കൃത്യമായ വിവരങ്ങളല്ല നമുക്ക് ലഭിക്കുക.

placeholder
Doplar radar station at Kochi constructed by Indian Meteorological Department | photo: mathrubhumi
കൊച്ചിയില്‍ കാലാവസ്ഥാവകുപ്പിന്റെ കീഴില്‍ സ്ഥാപിച്ചിട്ടുള്ള റഡാര്‍ | ചിത്രം: മാതൃഭൂമി

മാത്രമല്ല കാലാവസ്ഥാ ശാസ്ത്രം മറ്റ് ശാസ്ത്രമേഖലകളെ പോലെ കൃത്യമായ ഒന്നല്ല. ഞാനിത് എല്ലാവരോടും പറയുന്ന കാര്യമാണ്. ഗണിതത്തില്‍ നമുക്ക് ഒരു കൃത്യമായ ഉത്തരം ലഭിക്കും. രസതന്ത്രത്തിലോ ഭൗതിക ശാസ്ത്രത്തിലോ ഒക്കെ നമുക്ക് പല കാരണങ്ങള്‍ക്കും ഒരു ഉത്തരം ശാസ്ത്രീയമായി തന്നെ ലഭിക്കും. എന്നാല്‍ ഗണിതവും ഭൗതിക ശാസ്ത്രവും  ഭൂമിശാസ്ത്രവും ഒക്കെ ചേരുന്ന കാലാവസ്ഥാ ശാസ്ത്രത്തില്‍ അത് സാധ്യമല്ല. ഇന്നിങ്ങനെയാണ് സാഹചര്യമെങ്കില്‍ നാളെ ഇങ്ങനെയായിരിക്കും സംഭവിക്കുക എന്ന് നമുക്ക് കൃത്യമായി കണക്കുകൂട്ടിയെടുക്കാന്‍ സാധിക്കില്ല. കാലാവസ്ഥാ പ്രവചനത്തിന്റെ പാളിച്ച ആയിട്ടോ പ്രവചനം നടത്തുന്നവരുടെ നൈപുണ്യക്കുറവായിട്ടോ അതിനെ കാണരുത്.

നമ്മുടെ കാലാവസ്ഥയുടെ രീതി എങ്ങനെയാണ്?

വളരെ ദോഷകരമായി ബാധിക്കുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാകുന്ന രാജ്യമാണ് നമ്മുടേത്. സമുദ്രത്തെ ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. അതുകൊണ്ടുതന്നെ കടലില്‍ ഉണ്ടാകുന്ന ഏതൊരു വ്യത്യാസവും നമ്മളെ ഗൗരവമായി ബാധിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ട്രോപ്പിക്കല്‍ സൈക്ലോണുകള്‍ അഥവാ ചക്രവാതങ്ങള്‍. ബംഗാള്‍ ഉള്‍ക്കടലില്‍ മിക്കപ്പോഴും ഇത് സംഭവിക്കാറുണ്ട്. അതിനെ അപേക്ഷിച്ച് നോക്കിയാല്‍ അറബി കടലില്‍ ഇത്തരം സംഭവങ്ങള്‍ കുറവാണ്. നമ്മളെ ബാധിച്ച ഓഖി ചുഴലിക്കാറ്റ് അറബിക്കടലില്‍ സംഭവിച്ചതാണ്.

പിന്നെ മണ്‍സൂണ്‍ സമയത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാകുന്ന ന്യൂനമര്‍ദം. ഇത് തീവ്രത കുറഞ്ഞ കാലാവസ്ഥാ സംവിധാനം എന്നാണ് ഞങ്ങള്‍ പറയുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ മിക്ക മാസങ്ങളിലും ഏതെങ്കിലും തരത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. അറബിക്കടലില്‍ ഇങ്ങനെ സംഭവിക്കാറില്ല. പക്ഷേ, ഇന്ത്യയുടെ തെക്കേ അറ്റത്താണ് നമ്മള്‍. അതുകൊണ്ടുതന്നെ രണ്ട് കടലിന്റെയും സ്വാധീനം നമ്മുടെ തെക്ക് പ്രദേശത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്നു.

പ്രധാനപ്പെട്ട ഒരു കാലാവസ്ഥ എന്നത് മണ്‍സൂണ്‍. തെക്ക് കിഴക്കന്‍ കാലവര്‍ഷവും വടക്ക് കിഴക്കന്‍ കാലവര്‍ഷവും. കേരളത്തില്‍ ഇത് രണ്ടും കൂടുതലായി ലഭിക്കുന്ന സ്ഥലമാണ്. ഇടയ്ക്ക് രണ്ടുമാസത്തോളം വേനല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വര്‍ഷത്തില്‍ കൂടുതല്‍ തവണയും മഴലഭിക്കുന്ന പ്രദേശമാണ് നമ്മുടേത്.

മഴ പ്രവചിക്കുന്നതിനേക്കാള്‍ എളുപ്പം ചുഴലിക്കാറ്റിനെപ്പറ്റി പ്രവചിക്കാനാണോ? മഴയേപ്പറ്റി പറയുന്നതിനേക്കാള്‍ കൃത്യത അതിന്റെ കാര്യത്തില്‍ ഉണ്ടാകാറുണ്ട്?

വ്യവസ്ഥിതമായ സ്വഭാവം പ്രകടിപ്പിക്കുന്ന ഒന്നാണ് ചുഴലിക്കാറ്റുകള്‍. അതിനെ മഴപെയ്യുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചുകൂടി എളുപ്പമാണ് മനസിലാക്കാന്‍ എന്നേയുള്ളു. അല്ലാതെ ചുഴലിക്കാറ്റിന്റെ കാര്യത്തില്‍ വളരെ എളുപ്പം കണ്ടുപിടിക്കാനും പ്രവചിക്കാനും സാധിക്കും എന്നല്ല അതിനര്‍ഥം. ചക്രവാതങ്ങള്‍ക്ക് അതിന് മുമ്പുണ്ടായവയുമായി പലപ്പോഴും സാമ്യങ്ങള്‍ ഉണ്ടാകും. നേരത്തെ സംഭവിച്ച ചുഴലിക്കാറ്റുകളുടെ ചരിത്രം പരിശോധിച്ചാല്‍ അത് മനസിലാക്കാനാകും.

അതിനെ മാത്രം ഒരും കാലാവസ്ഥാ വ്യവസ്ഥയായിട്ടാണ് കണക്കാക്കുക. അതിന്റെ സഞ്ചാരപാത എങ്ങനെയായിരിക്കുമെന്നും എവിടെ എത്തിച്ചേരുമെന്നും കൃത്യമായി കണക്കാക്കാന്‍ സാധിക്കും. കുറഞ്ഞത് ഏഴ് ദിവസം മുമ്പേ സൂചനകളും മുന്നറിയിപ്പും നല്‍കാന്‍ സാധിക്കും. അഞ്ചുദിവസം മുമ്പെ എവിടെയാണ് കരതൊടുന്നതെന്ന് പ്രവചിക്കാനും സാധിക്കും. എന്നാല്‍ ചില ചുഴലിക്കാറ്റുകള്‍ വളഞ്ഞുപുളഞ്ഞ രീതിയിലാകും സഞ്ചരിക്കുക. ഇവയുടെ സഞ്ചാരപാത അന്തരീക്ഷത്തിലെ ഉയര്‍ന്ന തട്ടിലുള്ള കാറ്റിന്റെ ചലനം അനുസരിച്ച് വ്യത്യാസപ്പെടാം. ഇതുവെച്ച് അതിന്റെ കാര്യത്തില്‍ പ്രവചനം സാധ്യമാണ്. സമുദ്രത്തിന്റെ അവസ്ഥ നോക്കി ഇത്തരം ചുഴലികള്‍ കരയിലേക്ക് എത്തുമോ, ദുര്‍ബലമാകുമോ തുടങ്ങിയവയൊക്കെ മനസിലാക്കാന്‍ സാധിക്കും.

placeholder
weather forecast kerala | credit: @imd_trivandrum
കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ഓഗസ്റ്റ് 14 മുതല്‍ 18 വരെയുള്ള ജില്ലാ തല മഴ മുന്നറിയിപ്പ്

ചിലത് ലൂപ്പ് ഉണ്ടാക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുക. ഇവയെ ലൂപ്പിങ് സ്റ്റോം എന്നാണ് വിളിക്കുന്നത്. ഇവയെ നമ്മുടെ സംവിധാനങ്ങള്‍ക്ക് പ്രവചിക്കാന്‍ സാധിക്കില്ല. എങ്കിലും എല്ലാ തരം ചക്രവാതങ്ങളെയും നിരന്തരമായി നിരീക്ഷിക്കാറുണ്ട്.

കാലാവസ്ഥാ മാറ്റങ്ങള്‍ വളരെ പെട്ടെന്ന് സംഭവിക്കുന്നു, ഇതിന്റെ കാരണമെന്താണ് എന്നാണ് മനസിലാക്കുന്നത്?

എല്ലാത്തിനും ഒരു കാരണമായി പറയുന്നത് ആഗോള താപനമാണ്. അതായത് നമ്മുടെ ഭൂഗോളത്തിന് മൊത്തം സംഭവിച്ച മാറ്റമായാണ് അതിനെ കാണേണ്ടത്. ചൂട് കൂടുന്നതുകൊണ്ട് തന്നെ അന്തരീക്ഷത്തിന് ഈര്‍പ്പത്തിന്റെ സാന്നിധ്യം കൂടും. ഇതേകാരണംകൊണ്ട് തന്നെ മഴയുടെ അളവ് കൂടും. ചൂട് വീണ്ടും കൂടും. ഇതിന്റെ മറ്റൊരു പ്രതിസന്ധി കൂടുതല്‍ ജലം നീരാവിയാകുമ്പോള്‍ ആ സ്ഥലത്ത് ജലദൗര്‍ലഭ്യം അനുഭവപ്പെടും. ഇതുമൂലം വരള്‍ച്ചയുണ്ടാകും. ആഗോളതാപനം പലരീതിയിലാണ് നമ്മളെ ബാധിക്കുന്നത്. ചൂടുകൂടുന്നതാകാം, മഴ കൂടുതല്‍ പെയ്യുന്നതാകാം കാലാവസ്ഥ അതിതീവ്രമാകുന്നതാണ് ഇതിന്റെ പ്രത്യേകത. എല്ലാ കാലാവസ്ഥയിലും തീവ്രത കൂടുമെന്നാണ് കാണുന്നത്.

മഴ പ്രവചനത്തിന്റെ കാര്യത്തില്‍ പലപ്പോഴും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയാകാറുണ്ട്. ഇത്തരം കാര്യങ്ങളെ എങ്ങനെയാണ് നേരിടുക?

ആര്‍.കെ. ലക്ഷ്മണിന്റെ ഒരു കാര്‍ട്ടൂണ്‍ ഉണ്ട്, മഴ പെയ്യുമെന്ന് കരുതി ബാക്കിയുള്ളവരെല്ലാം കുടചൂടിക്കൊണ്ട് നില്‍ക്കുമ്പോള്‍ കാലാവസ്ഥാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ മാത്രം കുടയില്ലാതെ നില്‍ക്കുന്ന തരത്തിലുള്ളത്. ഇങ്ങനെ പരിഹാസങ്ങളൊക്കെ ഇതിന്റെ ഭാഗമാണ്. നമ്മളിപ്പോള്‍ കൊടുക്കുന്ന മുന്നറിയിപ്പുകള്‍ ജില്ലാ അടിസ്ഥാനത്തിലുള്ളതാണ്. ഒരു ജില്ലയില്‍ തന്നെ എല്ലായിടത്തും ഒരേപോലെ മഴ പെയ്യണമെന്നില്ല.

കേരളത്തിന്റെ സ്വഭാവം വെച്ച് നോക്കിയാല്‍ മൂന്ന് തരത്തിലുള്ള ഭൂമിശാസ്ത്ര പ്രത്യേകതകള്‍ ഉള്ള നാടാണ്. തീരദേശം, മലനാട്, ഇടനാട് എന്നിങ്ങനെ. മിക്കവാറും എല്ലാ ജില്ലകള്‍ക്കും ഈ മൂന്ന് ഘടകങ്ങളുമുണ്ടാകും. മലയോര പ്രദേശങ്ങളിലൊക്കെ കൂടുതലായി മഴയുണ്ടാകുമെന്നാണ് പൊതുവെ കണ്ടുവരുന്നത്. തിരുവനന്തപുരത്തിന്റെ കാര്യമെടുക്കാം. ഇവിടെ പൊന്‍മുടി, തെന്മല പോലെയുള്ള സ്ഥലങ്ങളില്‍ മഴ പെയ്യുന്നുണ്ടാകാം. പക്ഷെ സിറ്റിയിലേക്ക് വരുമ്പോള്‍ മഴയ്ക്ക് പകരം തെളിഞ്ഞ കാലാവസ്ഥയായിരിക്കും. പക്ഷെ ജില്ലയ്ക്ക് മുഴുവന്‍ യെല്ലോ അലര്‍ട്ട് കൊടുക്കേണ്ടതായി വരും.

Read more at:  ഈ മഴ പ്രളയത്തിലേക്കോ? ജൂലായ് അവസാനത്തോടെ അറിയാം ....

പക്ഷെ സിറ്റിയില്‍ നില്‍ക്കുന്ന ആളിനെ സംബന്ധിച്ചിടത്തോളം മഴ മുന്നറിയിപ്പ് പരിഹാസ്യമായി തോന്നും. അന്തരീക്ഷത്തിന്റെ അവസ്ഥകളും സാഹചര്യങ്ങളും ഒരു നിശ്ചിത സമയത്ത് സ്ഥിരമായി നില്‍ക്കുന്ന ഒന്നല്ല. ഓരോ നിമിഷത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്ന ഒന്നാണ്.

'ആദിത്യ ജായതെ വൃഷ്ടി' എന്നതാണ് ഐ.എം.ഡി.യുടെ ആപ്തവാക്യം. സൂര്യന്റെ ഊര്‍ജത്തില്‍ നിന്നാണ് മഴയുണ്ടാകുന്നത് എന്നാണ് അതിനര്‍ഥം. അത്രയും പുരാതന കാലം മുതലേ കാലാവസ്ഥയെ നിരീക്ഷിച്ചിരുന്ന ഒരു ജനതയാണ് നമ്മുടേത്. കാലാവസ്ഥയുടെ ഏറ്റവും അടിസ്ഥാനം സൂര്യന്റെ പ്രഭാവമാണ്. സൂര്യനില്‍ നിന്ന് ലഭിക്കുന്ന താപമാണ്. അതില്‍ എന്ത് വ്യത്യാസം വന്നാലും കാലാവസ്ഥയെ ബാധിക്കും.

എപ്പോള്‍, എവിടെ എന്ത് വ്യത്യാസം വന്നാലും പ്രദേശികമായ കാലാവസ്ഥയെ ബാധിക്കും. അപ്പോള്‍ അനുനിമിഷം മാറുന്ന ഒരു സംവിധാനത്തിനെയാണ് കാലാവസ്ഥാ മോഡലുകള്‍ ഉപയോഗിച്ച് പഠിക്കുന്നതും പ്രവചിക്കുന്നതും. പ്രവചനത്തിനായി ശേഖരിക്കുന്ന വിവരങ്ങള്‍ എടുത്ത സമയത്തെ സാഹചര്യമാകില്ല അതിന് ശേഷമുണ്ടാകുക. പലകാരണങ്ങള്‍ കൊണ്ട് അന്തരീക്ഷം മാറിയിട്ടുണ്ടാകും. കാറ്റിന്റെ ഗതി അനുസരിച്ച് മേഘങ്ങളുടെ ഗതിയും വേഗവും മാറിയിട്ടുണ്ടാകാം. ഒരുസ്ഥലത്തെ കാലാവസ്ഥ പലരീതിയില്‍ മാറാറുണ്ട്. ഇത്തരം കാരണങ്ങള്‍ ഉള്ളതുകൊണ്ടാണ് കാലാവസ്ഥാ പ്രവചനത്തിന്റെ കാര്യത്തില്‍ വ്യത്യാസങ്ങള്‍ വരുന്നത്. അത്രയും സൂഷ്മതലത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്ത് കാലാവസ്ഥ പ്രവചിക്കാന്‍ ലോകത്തെ ഒരു ഏജന്‍സിക്കും സാധിക്കാറില്ല.

പക്ഷെ പഴയകാലത്തെ അപേക്ഷിച്ച് നോക്കിയാല്‍ നമ്മള്‍ ഒത്തിരി മുന്നോട്ടുപോയിട്ടുണ്ട്. ശാസ്ത്ര- സാങ്കേതിക രംഗത്തെ മുന്നേറ്റം ഏറ്റവും ആദ്യം ഉള്‍ക്കൊള്ളുന്ന ഒന്നാണ് കാലാവസ്ഥാ വകുപ്പ്. ചക്രവാതങ്ങളുടെ കാര്യത്തില്‍ പ്രവചനത്തിന്റെ കൃത്യത ഏകദേശം പൂര്‍ണമാണ്. അത് ലോകത്തെ മിക്ക ഏജന്‍സികളും സമ്മതിച്ചുതരുന്നുമുണ്ട്. ഇതുമൂലം ജീവനഷ്ടം ഒരുപാട് കുറയ്ക്കാന്‍ പറ്റിയിട്ടുണ്ട്. ഭൗതിക നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കില്ല. പക്ഷെ ആളുകള്‍ മരണപ്പെടുന്നത് കുറയ്ക്കാന്‍ സാധിച്ചുവെന്നതാണ് അതിന്റെ നേട്ടം. 1999-ലെ ഒറീസ ചുഴലിക്കാറ്റ് ദുരന്തത്തില്‍ പതിനായിരത്തിന് മുകളില്‍ ആളുകളാണ് മരിച്ചത്. എന്നാല്‍ പിന്നീട് അവിടെ സംഭവിച്ച ചുഴലിക്കാറ്റില്‍ മരണം കുറയ്ക്കാനായി. ദുരന്തത്തിനായി മുന്നൊരുക്കം നടത്താനും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും സുരക്ഷിത കേന്ദ്രങ്ങള്‍ ഒരുക്കാനുമൊക്കെ പ്രവചനത്തിലൂടെ സാധിച്ചു.

ഒരുസ്ഥലത്ത് അതിതീവ്ര മഴ ഉണ്ടാകുമോ എന്ന് എങ്ങനെ പറയാന്‍ സാധിക്കും?

ഒരുസ്ഥലത്ത് അതിതീവ്ര മഴയുണ്ടാകുമോ ഇല്ലയോ എന്ന് പറയണമെങ്കില്‍ അന്നത്തെ നിലവിലെ കാലാവസ്ഥാ സാഹചര്യം അനുസരിച്ചിരിക്കും പ്രവചനം. പ്രത്യേകിച്ച് മണ്‍സൂണ്‍ കാലത്തെ മഴമേഘങ്ങള്‍ക്ക് പരക്കെ ശക്തമായ മഴനല്‍കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ വേനല്‍കാലത്ത് ഏതെങ്കിലും ഒരു ചെറിയ പ്രദേശത്ത് മാത്രമായിരിക്കും ശക്തമായ മഴപെയ്യുക. അതിന് സമീപത്തെങ്ങും മഴയുണ്ടാവുകയുമില്ല. മണ്‍സൂണ്‍ കാലത്തെ കാലാവസ്ഥ പ്രവചിക്കല്‍ മുമ്പൊക്കെ എളുപ്പമായിരുന്നു. പക്ഷെ മുമ്പ് സൂചിപ്പിച്ച കാരണങ്ങള്‍ ഉള്ളതുകൊണ്ട് ഒരു പ്രത്യേക ഏരിയ മാത്രം ലക്ഷ്യമിട്ടുള്ള പ്രവചനം നടത്തുക എന്നത് വലിയ വെല്ലുവിളിയാണ്.