
കൊച്ചി: "ഇന്ത്യൻ മഹാസമുദ്രത്തിലെ മാറ്റങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. അത് കടലിൽ ഒതുങ്ങിനിൽക്കില്ല.ഇന്ത്യൻ മഹാസമുദ്രത്തിൽ ഏറ്റവുമേറെ കടൽത്തീരവും ജനസംഖ്യയുമുള്ള ഇൻഡ്യയെയാണ് അത് കൂടുതൽ ബാധിക്കുക", ഡോ. റോക്ക്സി മാത്യു കോൾ പറയുന്നു. പുണെ ഇൻഡ്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ട്രോപ്പിക്കൽ മീറ്റീറാലജിയിലെ (ഐഐടിഎം) ശാസ്ത്രജ്ഞനായ റോക്സി സമുദ്ര പഠന മേഖലയിലെ വിദഗ്ധനാണ്. ഇൻഡ്യൻ ഓഷ്യൻ റീജിയൻ പാനലിന്റെ അധ്യക്ഷനായിരുന്നു.
സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ച് ഡോ. റോക്ക്സി മാത്യു കോളിന്റെ നേതൃത്വത്തിലുള്ള ഏഴു ശാസ്ത്രജ്ഞരുടെ സംഘമാണ് പഠിച്ചത്. 2100 വരെയുള്ള കാലയളവിൽ സംഭവിക്കാവുന്ന കാലാവസ്ഥാ പരിണാമങ്ങളായിരുന്നു പഠനവിഷയം. കഴിഞ്ഞ മാസം അന്താരാഷ്ട്ര ജേണലായ എൽസ്വിയറിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.കോട്ടയം ഭരണങ്ങാനം സ്വദേശിയാണ് ഡോ. റോക്സി. മാറ്റങ്ങളെ കുറിച്ച് ഡോ.റോക്സി ‘മാതൃഭൂമി’ യോട് സംസാരിക്കുന്നു.
ചൂടു കൂടുന്ന സമുദ്രം
ഉഷ്ണതരംഗങ്ങൾ രൂപപ്പെടുമ്പോൾ ഇൻഡ്യൻ മഹാസമുദ്രത്തിൽ നാലു ഡിഗ്രി വരെ ചൂടു കൂടുന്നു. ഇപ്പോൾ വർഷത്തിൽ ശരാശരി 20 ദിവസമാണ് കടലിൽ ഉഷ്ണതരംഗങ്ങൾ ഉണ്ടാകുന്നത്.2050 തോടെ ഇത് 250 ദിവസം വരെയായി ഉയരും.ഏഴു ദശകങ്ങളായി ഇൻഡ്യൻ മഹാസമുദ്രത്തിൽ ചൂടു കൂടുന്നതിന് ശക്തി പ്രാപിക്കുന്നുണ്ട്.ഒരു നൂറ്റാണ്ടിൽ 1.2 ഡിഗ്രി സെലിഷ്യസ് എന്നതാണ് ഇപ്പോഴത്തെ തോത്.2020 മുതൽ 2100 വരെയുള്ള കാലയളവിൽ ഇത് 1.7 മതൽ 3.8 വരെയെത്തുമെന്നാണ് കണക്കാക്കുന്നത്.അറബിക്കടൽ ഉൾപ്പടെ വടക്കുപടിഞ്ഞാറൻ ഇൻഡ്യൻ മഹാസമുദ്രത്തിലാണ് ചൂടുകൂടുതൽ.
ആഗോളതാപനം കൂടിയാൽ ഇതും കൂടും. ചൂട് കൂടുന്നത് പവിഴപ്പുറ്റുകൾക്കും അതിനെ ആശ്രയിക്കുന്ന ജീവജാലങ്ങൾക്കും മത്സ്യസമ്പത്തിനും ഭീഷണിയാകും. അറബിക്കടലും ബംഗാൾ ഉൾക്കടലും ഉൾപ്പെടുന്ന മേഖലയാണ് ഇൻഡ്യൻ മഹാസമുദ്രം. അറബിക്കടലിലാണ് ചൂടുകൂടുന്ന പ്രവണതയ്ക്ക് കൂടുതൽ. ആഗോളതാപനവും ചെങ്കടലിൽ നിന്നുള്ള ജലപ്രവാഹവും അതിന് കാരണമാണ്. ലക്ഷക്കണക്കിന് ആളുകൾ മത്സ്യബന്ധനത്തിനെ ആശ്രയിച്ചിരിക്കുന്ന കേരളത്തിന് ഇത് ആശങ്ക ഉണർത്തുന്നതാണ്.

ചുഴലിക്കാറ്റ് ശക്തമാകാം
ഉഷ്ണതരംഗങ്ങൾ എവിടെ വേണമെങ്കിലും രൂപപ്പെടാം. ഇതുമൂലം ചുഴലിക്കാറ്റുകൾക്ക് ശക്തി കൂടാം.ബംഗാൾ ഉൾക്കടലിൽ ഉണ്ടായ 90 ശതമാനം ചുഴലിക്കാറ്റുകൾക്കും മുൻപായി ഉഷ്ണതരംഗങ്ങൾ സംഭവിച്ചിട്ടുണ്ട്. ചൂടും ഈർപ്പവും ചേർന്നാൽ ചുഴലിക്കാറ്റിന് കരുത്തു കൂടും. ചൂട് കൂടുതൽ ആഗീരണം ചെയ്യുന്നത് വെള്ളമാണ്. ആഗോളതാപനം 93 ശതമാനവും ബാധിക്കുന്നത് സമുദ്രങ്ങളെയാണ്.
കുടുംബം
അധ്യാപകരായിരുന്ന കൊല്ലംപറമ്പിൽ മാത്യുവിന്റെയും ലൈലയുടെയും മകനാണ് റോക്സി. ഭാര്യ ആർട്ടിസ്റ്റായ ജൂബി ഏലിയാസ് കോൾ. പ്രത്യഹാരയും പർജന്യയുമാണ് മക്കൾ. "യോഗശാസ്ത്രത്തിൽ പ്രത്യഹാരയ്ക്ക് ഇന്ദ്രിയ നിയന്ത്രണമെന്നാണ് അർത്ഥം. പർജന്യ എന്നാൽ മഴമേഘം, മഴ എന്നൊക്കെയും. നമ്മുടെ സംസ്കാരത്തിൻ്റെ സ്പർശമുള്ള പേരുകളാകണമെന്ന് എന്നു കരുതി. പിന്നെ,എന്റെ വിഷയം കാലാവസ്ഥയും മഴയും സമുദ്രവും ഒക്കെയാണല്ലോ", റോക്സി പറഞ്ഞു.
Content Highlights: Dr Roxy Mathew Koll describes alarming changes in the sea
Published: 27 May 2024, 05:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented