ഇന്ത്യയുടെ തീരപ്രദേശങ്ങളില്‍ കൃത്രിമ പാരുകള്‍ (artificial reef) ഒരുങ്ങുകയാണ്. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയുടെ കീഴില്‍ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് (സി.എം.എഫ്.ആർ.ഐ.) ഇത്തരത്തില്‍ സമുദ്രജീവി വർഗങ്ങള്‍ക്കായി കൃത്രിമ ആവാസവ്യവസ്ഥകള്‍ നിര്‍മിക്കുന്നത്. പദ്ധതിപ്രകാരം രാജ്യത്തെ 3,477 കടലോര ഗ്രാമങ്ങളില്‍ കൃത്രിമ റീഫുകള്‍ സ്ഥാപിക്കും. കൃത്രിമ പാരുകളിലൂടെ മെച്ചപ്പെട്ട സമുദ്ര പരിസ്ഥിതി, മത്സ്യസമ്പത്ത് വര്‍ധനവ് എന്നിവയാണ് ലക്ഷ്യമിടുന്നത്. സ്ഥാപിച്ചയിടങ്ങളില്‍ മത്സ്യസമ്പത്തില്‍ 17 മുതല്‍ 30 ശതമാനം വരെ വര്‍ധനവ് ഇതുവരെ രേഖപ്പെടുത്തി. 

To advertise here,

പദ്ധതിയുടെ ചെലവിനുള്ള 60% തുക കേന്ദ്രവും 40% തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിലെ കടലോരമേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃത്രിമ പാരുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. സി.എം.എഫ്.ആർ.ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും വിശാഖപട്ടണം സെന്റർ തലവനുമായ ഡോ. ജോ കിഴക്കൂടന്റെ നേതൃത്വത്തിലാണ് രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നത്. പദ്ധതിയെ കുറിച്ചും അതിന്റെ  പ്രയോജനങ്ങളും മാതൃഭൂമി ഡോട്‌ കോമുമായി പങ്കുവെയ്ക്കുകയാണ് അദ്ദേഹം. 

എന്തിനാണ് കൃത്രിമ പാരുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്?

അനുയോജ്യമായ സമുദ്ര പരിസ്ഥിതിയില്‍ മാത്രമേ സമുദ്ര ജീവജാലങ്ങള്‍ക്ക് വളരാന്‍ സാധിക്കൂ. പല കാരണങ്ങള്‍ കൊണ്ടും ഇന്ന് സമുദ്ര പരിസ്ഥിതി നശിച്ചു കൊണ്ടിരിക്കുകയാണ്. ഖനനം, അമിതമായ മത്സ്യബന്ധനം എന്നിവയെല്ലാം അവയില്‍ ചിലത് മാത്രമാണ്. കടലിന്റെ അടിത്തട്ടിലെ കാഴ്ചകള്‍ പോലും സങ്കടകരമാണ്. 2021 മുതല്‍ 2030 വരെ യു.എന്‍. ഡെക്കേഡ് ഓഫ് ഹാബിറ്റാറ്റ് റെസ്റ്റോറേഷറെന്ന വലിയ ലക്ഷ്യം കൂടി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുകയാണ്. മെച്ചപ്പെട്ട സമുദ്ര പരിസ്ഥിതി നിര്‍മിച്ചെടുക്കുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നഷ്ടപ്പെട്ട സമുദ്ര ജൈവൈവിധ്യം തിരികെ പിടിക്കാന്‍ കൃത്രിമ പാരുകള്‍ സഹായിക്കും. മത്സ്യസമ്പത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്നത് വഴി മത്സ്യബന്ധത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടും. 

എങ്ങനെയാണ് കൃത്രിമ പാരുകള്‍ തയ്യാറാക്കുന്നത്?

ഫെറോ സിമന്റ് കോണ്‍ക്രീറ്റ് നിര്‍മിതികളാണ് കൃത്രിമ പാരുകള്‍. ലോകത്തില്‍ തന്നെ കൃത്രിമ പാരുകള്‍ നിര്‍മിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇത് തന്നെയാണ്. അതിനാലാണ് സി.എം.എഫ്.ആർ.ഐയും പദ്ധതിക്കായി ഫെറോ സിമന്റ് മാതൃകകള്‍ തന്നെ തിരഞ്ഞെടുത്തത്. വളരെ ശക്തിയേറിയവയാണ് ഇത്തരത്തില്‍ നിര്‍മിക്കുന്ന കൃത്രിമ പാരുകള്‍. അതിനാല്‍ പെട്ടെന്നൊന്നും ഇവ നശിക്കില്ല. 

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

കൃത്രിമ പാരുകള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ തീരപ്രദേശങ്ങള്‍ ഏതൊക്കെയാണ്?

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഹുക്ക് ലൈന്‍ ഫിഷിങ് രീതി ഉപയോഗിക്കുന്ന മേഖലകളാണ് കൃത്രിമ പാരുകള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ പ്രദേശങ്ങള്‍. സ്ഥാപിക്കാനുള്ള പ്രദേശം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ അനുമതി തേടും. പിന്നീട് മാത്രമേ ഇവ സ്ഥാപിക്കുകയുള്ളൂ. ചെളി അധികമുള്ള കടല്‍പ്രദേശങ്ങളിലോ ലോലമായ കടല്‍ത്തിട്ടകളിലോ ഇവ സ്ഥാപിക്കാന്‍ കഴിയില്ല. പവിഴപ്പുറ്റുകളുള്ള മേഖലകളിലും ഇവ സ്ഥാപിക്കാന്‍ കഴിയില്ല. ഇത്തരം മേഖലകള്‍ ഒഴിവാക്കിയാണ് നിലവില്‍ പദ്ധതി നടപ്പിലാക്കുന്നത്. 

കൃത്രിമ പാരുകള്‍ കൊണ്ടുള്ള പ്രധാന പ്രയോജനങ്ങള്‍ എന്തൊക്കെ?

ജൈവ വൈവിധ്യമാണല്ലോ പ്രകൃതിയുടെ പ്രധാന അടിത്തട്ട്. ജൈവ വൈവിധ്യത്തില്‍ കാര്യമായ മാറ്റമുണ്ടാകും എന്നത് തന്നെയാണ് വലിയ ഗുണം. മുന്‍പ് എണ്ണം കുറഞ്ഞുവെന്ന് കരുതിയ പല മത്സ്യങ്ങളും ചിലപ്പോള്‍ ഞെട്ടിച്ച് കൊണ്ട് തിരിച്ചുവന്നേക്കാം. ഇത് മത്സ്യസമ്പത്തില്‍ കാര്യമായ വര്‍ധനവുണ്ടാകാന്‍ സഹായിക്കും. പല സമുദ്ര ജീവജാലങ്ങള്‍ക്കുമുള്ള പ്രധാന ആവാസവ്യവസ്ഥയാണ് പവിഴപ്പുറ്റുകള്‍. ഇവിടെയും സ്ഥിതി സമാനമാണ്. പല സമുദ്ര ജീവജാലങ്ങള്‍ക്കും ഇതിനകം കൃത്രിമ പാരുകള്‍ അഭയമായി കഴിഞ്ഞു. മീനുകള്‍ക്ക് ചൂട് കൂടുന്നത് പോലുള്ള പ്രതികൂല സാഹചര്യങ്ങളില്‍നിന്ന് രക്ഷപ്പെടാനും ഇവ സഹായകരമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

ഇവ സ്ഥാപിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷങ്ങളുണ്ടോ? 

സ്ഥാപിച്ചതു കൊണ്ട് യാതൊരുവിധ ദോഷങ്ങളുമില്ല. പക്ഷേ, നല്ലതു പോലെ പരിപാലിച്ചില്ലെങ്കില്‍ ഇവ നശിക്കാന്‍ സാധ്യതയുണ്ട്. ട്രാപ്പ് നെറ്റുകള്‍ പോലുള്ളവ ഒരുപാട് അധികം താഴേക്ക് മത്സ്യബന്ധന തൊഴിലാളികള്‍ കൊണ്ടുപോവുകയാണെങ്കില്‍ കൃത്രിമ പാരുകള്‍ പെട്ടെന്നു നശിച്ചു പോയേക്കാം. ഗോസ്റ്റ് നെറ്റുകള്‍ (ഗോസ്റ്റ് നെറ്റ് പോലുള്ളവയില്‍ കുടുങ്ങി സമുദ്ര ജീവജാലങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് പതിവാണ്) പൂര്‍ണമായി ഒഴിവാക്കണം. കൃത്രിമ പാരുകൾ കേന്ദ്രീകരിച്ച് അമിത മത്സ്യബന്ധനം നടക്കാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ മതിയായ ഇടവേളകള്‍ അനിവാര്യമാണ്. 

കൃത്രിമ പാരുകള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ കാലാവസ്ഥകള്‍ ഏതൊക്കെയാണ്?

പരമ്പരാഗത മത്സ്യബന്ധന പരിധിക്കുള്ളിലാകണം കൃത്രിമ പാരുകള്‍ സ്ഥാപിക്കേണ്ടത്. പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികളെ സഹായിക്കുക കൂടി പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. അതിനാല്‍ ഈ മേഖലകളെ കേന്ദ്രീകരിച്ച് കൃത്രിമ പാരുകള്‍ സ്ഥാപിക്കാനാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്. 

നിലവില്‍ എത്രയിടത്ത് കൃത്രിമ പാരുകള്‍ സ്ഥാപിച്ചു?

സി.എം.എഫ്.ആർ.ഐയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളുടെ കടലോര പ്രദേശങ്ങളില്‍ ഇതിനകം കൃത്രിമ പാരുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. 300 മേഖലകളിലാണ് കൃത്രിമ പാരുകളുള്ളത്. തമിഴ്‌നാട്ടില്‍ മാത്രം 200-ലധികം മേഖലകളില്‍ ഇവ സ്ഥാപിക്കാന്‍ കഴിഞ്ഞു. 

സ്ഥാപിച്ചയിടങ്ങളില്‍ സമുദ്രജീവജാലങ്ങള്‍ വാസമുറപ്പിച്ചോ?

ദീര്‍ഘനാളായുള്ള പഠനത്തിന്റെ ഭാഗമായിട്ടാണണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനകം 300-ലധികം സമുദ്ര ജീവവർഗങ്ങൾ കൃത്രിമ പാരുകളില്‍ വാസമുറപ്പിച്ചുകഴിഞ്ഞു. സീ ബാസ്, റാബിറ്റ് ഫിഷ്, സിയർ ഫിഷ്, ക്വീന്‍ ഫിഷ് എന്നിവയില്‍ അവയില്‍ ചിലതാണ്. മത്സ്യസമ്പത്തിലാണ് പ്രകടമായ മാറ്റമുണ്ടായത്. സ്ഥാപിച്ചയിടങ്ങളില്‍ മത്സ്യസമ്പത്തില്‍ 17 മുതല്‍ 30 ശതമാനം വരെ വര്‍ധനവാണ് ഇതുവരെ രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടില്‍ തന്നെ കാര്യമായ മാറ്റങ്ങളുണ്ടായി. നിലവില്‍  പ്രാദേശിക മത്സ്യബന്ധന തൊഴിലാളികള്‍ പാര് സ്ഥാപിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വരുന്നുണ്ട്. 

കാര്യമായി ഉണ്ടായ മാറ്റങ്ങള്‍, ലഭിച്ച ഫലം എന്തെല്ലാം?

ഞാന്‍ നേരത്തെ പറഞ്ഞല്ലോ 300-ലധികം സമുദ്രജീവജാലങ്ങളുടെ അഭയകേന്ദ്രമായി ഇന്ന് കൃത്രിമ പാരുകള്‍ മാറിക്കഴിഞ്ഞു. മത്സ്യബന്ധനത്തിലൂടെ പിടികൂടുന്ന മീനുകളുടെ എണ്ണത്തില്‍ മാത്രം മൂന്നിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്. പാരുകള്‍ മാത്രം കേന്ദ്രീകരിച്ച് ഇന്ന് മത്സ്യബന്ധനം നടത്താന്‍ സാധിക്കും. കൃത്രിമ പാരുകളുടെ വരവോടെ ഗില്‍നെറ്റുകള്‍ ഉപയോഗം കുറഞ്ഞു. വാണിജ്യമൂല്യമുള്ള മത്സ്യങ്ങള്‍ പോലും മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നു. മത്സ്യസമ്പത്തില്‍ കാര്യമായ വര്‍ധനവുണ്ടായതോടെ  പരമ്പരാഗത മത്സ്യബന്ധനത്തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളും മെച്ചപ്പെട്ടു. 

ഭാവിയില്‍ എത്രയിടത്താകും കൃത്രിമ പാരുകള്‍ സ്ഥാപിക്കുക?

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ കടലോരപ്രദേശങ്ങളിലെ 3,500-ഓളം മേഖലകളില്‍ ഭാവിയില്‍ കൃത്രിമ പാരുകള്‍ സ്ഥാപിക്കും. 

placeholder
സി.എം.എഫ്ആര്‍.ഐയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച കൃത്രിമ പാര്, കടലിന്റെ അടിത്തട്ടില്‍ നിന്നുള്ള കാഴ്ച 

കൃത്രിമ പാരുകളുടെ പരിപാലന ചുമതല ആര്‍ക്കാണ്?

കൃത്രിമ പാരുകള്‍ സ്ഥാപിക്കുന്ന സമയം തൊട്ടെ മത്സ്യബന്ധന തൊഴിലാളികളും ഒപ്പമുണ്ടാകും. ഒരു പ്രദേശത്ത് സ്ഥാപിച്ചു കഴിഞ്ഞാല്‍ പിന്നെ പരിപാലന ചുമതല മത്സ്യബന്ധന തൊഴിലാളികള്‍ക്കാകും. പരിപാലനത്തിനും മറ്റുമായി മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സി.എം.എഫ്.ആർ.ഐയുടെ നേതൃത്വത്തില്‍ നിരവധി വെബിനാറുകളും പരിശീലനങ്ങളും നല്‍കിവരുന്നുണ്ട്.   

പവിഴപ്പുറ്റുകള്‍ ഇന്ന് നേരിടുന്ന പ്രധാന ഭീഷണികള്‍

പവിഴപ്പുറ്റുകള്‍ ഞങ്ങളുടെ പദ്ധതിയുടെ കീഴില്‍ വരുന്നില്ല. വനസംരക്ഷണ നിയമത്തിലാണ് പവിഴപ്പുറ്റുകള്‍ ഉള്‍പ്പെടുന്നത്. സമുദ്ര പരിസ്ഥിതി മെച്ചപ്പെടുത്തുക എന്ന പ്രധാന ലക്ഷ്യമാണ് കൃത്രിമ പാരുകളിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്.  ലോകമാകെ ഇന്ന് മാലിന്യങ്ങള്‍ കൊണ്ട് മൂടിയിരിക്കുകയാണ്. കരപ്രദേശങ്ങള്‍ മാത്രമല്ല, സമുദ്രപ്രദേശങ്ങള്‍ പോലും മാലിന്യത്തിന്റെ വക്കിലാണ്. മാലിന്യങ്ങള്‍ ഒരു പരിധി വരെ ഈ സമുദ്ര ആവാസവ്യവസ്ഥകള്‍ നശിക്കാന്‍ കാരണമാകുന്നുണ്ട്. ഇത് പവിഴപ്പുറ്റുകളെയും ബാധിക്കുന്നുണ്ട്. ഇതുമൂലം പവിഴപ്പുറ്റുകള്‍ സമുദ്രസമ്പത്തിന് വാസയോഗ്യമല്ലാതായി തീരുന്നു.  

സി.എം.എഫ്.ആർ.ഐ.

ഇന്ത്യന്‍ സര്‍ക്കാര്‍ 1947 ഫെബ്രുവരി മൂന്നിനാണ് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് രൂപം നല്‍കുന്നത്. മിനിസ്ട്രി ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫാര്‍മേഴ്‌സ് വെല്‍ഫെയറിന് കീഴിലാണ് സ്ഥാപനം രൂപീകരിച്ചതെങ്കിലും 1967-ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് (ICAR) കീഴിലേക്ക് സ്ഥാപനം മാറി. icar-cmfri യുടെ ഹെഡ്ക്വാര്‍ട്ടര്‍ കൊച്ചിയിലാണ്. നാല് റീജിയണല്‍ സെന്ററുകളും ഏഴ് റീജിയണല്‍ സ്റ്റേഷനുകളും നിലവില്‍ സ്ഥാപനത്തിന് കീഴിലായുണ്ട്. സമുദ്ര സമ്പത്തിനെ കുറിച്ചുള്ള ഗവേഷണ നിരീക്ഷണങ്ങളാണ് സ്ഥാപനം രൂപീകൃതമായതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ചുരുങ്ങിയകാലം കൊണ്ട് സമുദ്ര ഗവേഷണ രംഗത്ത് വന്‍മുന്നേറ്റം നടത്താന്‍ സ്ഥാപനത്തിന് സാധിച്ചു.