
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നെങ്കിൽ ചവറയിൽമാത്രമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ചവറയുമായുള്ളത് പിതാവിന്റെ കാലംമുതലുള്ള വൈകാരികമായ ബന്ധമാണ്. കൊല്ലം, ചവറ നിയമസഭാ സീറ്റുകൾ വെച്ചുമാറുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം സീറ്റിനുവേണ്ടി ആർഎസ്പി യുഡിഎഫിൽ സമ്മർദം ചെലുത്തുന്നുണ്ട്. ഇപ്പോൾ അഞ്ച് സീറ്റുകളിലാണ് ആർഎസ്പി മത്സരിക്കുന്നത്. കൊല്ലം ജില്ലയിലെ ചവറ, കുന്നത്തൂർ, ഇരവിപുരം എന്നിവിടങ്ങളിലും ആറ്റിങ്ങൽ, മട്ടന്നൂർ എന്നിവിടങ്ങളിലുമാണ് കഴിഞ്ഞതവണ ജനവിധി തേടിയത്.
ആറ്റിങ്ങലും മട്ടന്നൂരും ആർഎസ്പിക്ക് വേണ്ടെന്നും ജില്ലയ്ക്കുപുറത്തെ രണ്ട് മണ്ഡലങ്ങൾ മാറ്റിനൽകണമെന്ന് യുഡിഎഫിൽ ആവശ്യപ്പെടുമെന്നും ഷിബു ബേബിജോൺ പറഞ്ഞു. 1977 മുതൽ ആറുതവണ ബേബിജോൺ വിജയിച്ച ചവറയിൽ 2001-ൽ ഷിബു ബേബിജോൺ വിജയിച്ചു. 12,481 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
2006-ൽ തോറ്റ ഷിബു 2011-ൽ പകരംവീട്ടി വീണ്ടും ജയിച്ചുകയറി. എന്നാൽ, 2016-ൽ എൻ. വിജയൻപിള്ളയോടും പിന്നീട് സുജിത് വിജയൻപിള്ളയോടും പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് മണ്ഡലം വെച്ചുമാറൽ ചർച്ച യുഡിഎഫിൽ സജീവമായത്. കുന്നത്തൂരിൽ ഉല്ലാസ് കോവൂർതന്നെ സ്ഥാനാർഥിയാകുമെന്ന് ഉറപ്പാണ്. ഇരവിപുരത്തെ സ്ഥാനാർഥിയെ സംബന്ധിച്ച് ആർഎസ്പിയിലും യുഡിഎഫിലും ചർച്ച പുരോഗമിക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിനുപിന്നാലെ ഇരവിപുരം നിയമസഭാ സീറ്റ് വേണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് രംഗത്തെത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരവിപുരം നിയോജകമണ്ഡലത്തിൽ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെച്ചതോടെയാണ് പഴയ സീറ്റ് തിരിച്ചുചോദിക്കണമെന്ന ആവശ്യം ലീഗിനുള്ളിൽ ഉയർന്നത്. യുഡിഎഫിലെത്തിയ ആർഎസ്പി ഒരിക്കൽപ്പോലും ഇരവിപുരത്ത് ജയിച്ചിട്ടില്ലെന്നും തങ്ങൾക്ക് നൽകിയാൽ ജയിക്കാനാകുമെന്നുമാണ് ലീഗിന്റെ വാദം. എന്നാൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നാണ് ആർഎസ്പിയുടെ നിലപാട്.
ഇതിനിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർഎസ്പിക്കുമേൽ അടിച്ചേൽപ്പിച്ച സീറ്റാണ് മട്ടന്നൂരെന്ന് ആർഎസ്പി മട്ടന്നൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ആർഎസ്പി ആവശ്യപ്പെട്ട സീറ്റല്ല മട്ടന്നൂർ. മുന്നണിയെ നയിക്കുന്ന പാർട്ടിക്കുള്ള അംഗബലം ആർഎസ്പിക്ക് ഇല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് യുഡിഎഫ് സീറ്റ് ആർഎസ്പിക്ക് നൽകിയത്. മുന്നണിയെ നയിക്കുന്ന കക്ഷികളുടെ നേതാക്കൾ കുറച്ചുകൂടി പക്വതയോടെ പ്രസ്താവനകൾ നടത്തണം. യുഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചാൽ മട്ടന്നൂരിൽ വീണ്ടും മത്സരിക്കുമെന്നും ആർഎസ്പി അറിയിച്ചു.
Content Highlights: RSP leader Shibu Baby John states he will contest only from Chavara, dismissing rumors of seat-sharing. Explains emotional ties to the constituency and future seat strategies.
Published: 04 Jan 2026, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented