
ആർ.എസ്.എസ്. ആസ്ഥാനവും അംബേദ്കറുടെ ദീക്ഷാഭൂമിയും ഗാന്ധിജിയുടെ വാർധ ആശ്രമവും വിദർഭയിലായതിനാൽ മഹാരാഷ്ട്രയുടെ തലച്ചോറാണ് ഇവിടം. അതേസമയം, കർഷക ആത്മഹത്യകളുടെ കേന്ദ്രമെന്ന കുപ്രസിദ്ധിയുമുണ്ട്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് (നാഗ്പുർ സൗത്ത് വെസ്റ്റ്), പ്രതിപക്ഷനേതാവ് കോൺഗ്രസിലെ വിജയ് വട്ടേറ്റിവർ (ബ്രഹ്മപുരി), ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ(കാംതി), കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് നാനാ പട്ടോളെ (സകോലി) എന്നിവരെല്ലാം മത്സരിക്കുന്നത് വിദർഭ മേഖലയിലാകയാൽ താരപ്പകിട്ടുമേറെ. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 2014-ൽ 44 സീറ്റ് നേടിയ ബി.ജെ.പി.ക്ക് 2019-ൽ 29 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. പക്ഷേ, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തിൽ രണ്ടുസീറ്റിൽ ബി.ജെ.പി. ഒതുങ്ങിപ്പോയി. ശിവസേനയുടെ ഒരു സീറ്റുകൂടി കൂട്ടിയാൽ മൂന്നാണ് മഹായുതിയുടെ സമ്പാദ്യം. കോൺഗ്രസിന്റെ അഞ്ച് സീറ്റടക്കം ഏഴ് സീറ്റുകളുമായി എം.വി.എ. മുന്നേറി.
മറാത്താ സംവരണ വിവാദവും ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രചാരണത്തിലൂടെ ദളിത് വോട്ടുകൾ കേന്ദ്രീകരിച്ചതും മുഖ്യകാരണമായി. കാർഷികപ്രശ്നങ്ങൾ പരിഹരിക്കാഞ്ഞതും ഭരണമുന്നണിക്ക് തിരിച്ചടിയായി.
ആർ.എസ്.എസ്. കളത്തിൽ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാര്യാലയത്തിലിരുന്ന് കളി കണ്ട ആർ.എസ്.എസ്. ഇക്കുറി കളം നിറഞ്ഞിറങ്ങിയിരിക്കുന്നു എന്നതാണ് പ്രകടമായ വ്യത്യാസം. ഫഡ്‌നവിസ് ഉൾപ്പെടെ, സംഘത്തിന്റെ ഈ ഇറങ്ങിക്കളിയെ സ്വാഗതംചെയ്തിട്ടുണ്ട്. നാഗ്പുർ നഗരത്തിൽ ദിവസവും രാവിലെയും വൈകീട്ടും ആർ.എസ്. എസിന്റെ ചെറു സംഘങ്ങൾ ഭവന സന്ദർശനം നടത്തുകയാണെന്ന് മലയാളിപ്രവർത്തകൻ രാജൻനമ്പ്യാർ പറഞ്ഞു.
ഹിന്ദുമേഖലകളിൽനിന്ന് പരമാവധി വോട്ടുചെയ്യാൻ പ്രേരിപ്പിക്കുകയാണ് മുഖ്യ ലക്ഷ്യം. വിദർഭ ലോകജാഗരൺ മഞ്ചിന്റെ പേരിൽ ഇവർ വിതരണം ചെയ്യുന്ന ലഘുലേഖകളിൽ ബി.ജെ.പി.ക്ക് വോട്ടു ചെയ്യാൻ പറയുന്നില്ല. ഛത്രപതി ശിവജിയുടെ ചിത്രമല്ലാതെ നേതാക്കളുടെ പടവുമില്ല. എന്നാൽ, ഹിന്ദുത്വ ശക്തികളെ അധികാരത്തിലെത്തിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ധുലെ ലോക്‌സഭാ മണ്ഡലത്തിലെ 2024-ലെ ഫലം വോട്ട് ജിഹാദിന് ഉദാഹരണമായി ഉയർത്തിക്കാട്ടുന്നുണ്ട്. മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി. സ്ഥാനാർഥിക്ക് ലഭിച്ച ലീഡിനെ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ മാലേഗാവ് സെൻട്രലിലെമാത്രം ലീഡ് കൊണ്ട് കോൺഗ്രസ് സ്ഥാനാർഥി മറികടന്നു. സൂക്ഷിച്ചില്ലെങ്കിൽ ഇത് പലയിടത്തും ആവർത്തിക്കുമെന്നാണ് സംഘത്തിന്റെ മുന്നറിയിപ്പ്. വിദർഭയിൽമാത്രം 14,000 സംഘങ്ങൾ ഇങ്ങനെ ഭവനസന്ദർശനം നടത്തിക്കൊണ്ടിരിക്കുന്നു.
മറാത്താ വോട്ടുകൾ കൈവിട്ടാൽ ഒ.ബി.സി. വോട്ടുകൾ തിരിച്ചുപിടിക്കുക , പട്ടികജാതിയിൽ മഹറിതര വിഭാഗങ്ങളുടെ പിന്തുണ നേടുക എന്നതാണ് ബി.ജെ.പി.യുടെ മറ്റൊരു തന്ത്രം. മറാത്തകൾക്ക് ഒ.ബി.സി. വിഭാഗമായ കുൻബികളുടെ സർട്ടിഫിക്കറ്റ് അനുവദിക്കാനുള്ള സർക്കാർ തീരുമാനം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുൻബി വോട്ടുകൾ നഷ്ടപ്പെടുത്തിയിരുന്നു. 38ശതമാനം വരുന്ന ഒ.ബി.സി.കൾ വിദർഭയിലെ 36 സീറ്റുകളിൽ നിർണായകമാണ്. മാലി, ധംഗർ ,വഞ്ചാര തുടങ്ങിയ ഉപവിഭാഗങ്ങളുടെ പിന്തുണയ്ക്കും ബി.ജെ.പി. ശ്രമിക്കുന്നു. വിദർഭ മേഖലയിൽ നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളിൽ ഒ.ബി.സി. ഐക്യം ആവർത്തിക്കുന്ന വിഷയമാണ്. കൂടുതൽ വിഭാഗങ്ങളെക്കൂടി ഒ.ബി.സി. യിൽപ്പെടുത്തിയതും ക്രീമിലെയർ പരിധി എട്ടുലക്ഷം രൂപയിൽനിന്ന് 15 ലക്ഷമാക്കി ഉയർത്തിയതും ഭരണപക്ഷത്തിന്റെ ശ്രദ്ധേയമായ നീക്കങ്ങളാണ്.
മഹാരാഷ്ട്രയിൽ 12 ശതമാനം വരുന്ന പട്ടികജാതി വിഭാഗങ്ങളിൽ 40 ശതമാനം വരുന്ന മഹറുകൾ അംബേദ്കറിസ്റ്റുകളാണ്. ഇവർ പൊതുവേ സംഘ പരിവാർവിരുദ്ധരാണ്. മതംഗുകൾ തുടങ്ങിയ ഇതരവിഭാഗങ്ങൾ മഹറുകളുടെയത്രയും സാമൂഹികശ്രേണിയിൽ ഉയർന്നിട്ടില്ല. ഇവരുടെ പിന്തുണ ബി.ജെ.പി. ലക്ഷ്യമിടുന്നു. പട്ടികജാതി സംവരണം പുനഃക്രമീകരിക്കുന്നതിന് മഹായുതി സർക്കാർ അടുത്തിടെ കമ്മിഷനെ വെച്ചതും ഇതേദിശയിലുള്ള നീക്കമാണ്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് 2014
ആകെ സീറ്റുകൾ 288
വിദർഭ 62
കോൺഗ്രസിന്റെ നീക്കങ്ങൾ
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയ തന്ത്രങ്ങൾ അരക്കിട്ടുറപ്പിക്കുകയാണ് കോൺഗ്രസ്. രാഹുൽഗാന്ധി കഴിഞ്ഞദിവസം ദീക്ഷാ ഭൂമി സന്ദർശിച്ചശേഷം ഭരണഘടനാ സംരക്ഷണ സമ്മേളനത്തിൽ പങ്കെടുത്തു. ജാതി സെൻസസ്, 50 ശതമാനം എന്ന സംവരണ മതിലിനെ തകർക്കൽ എന്നിവയ്ക്കായി വാദിച്ചു. വിദർഭ മേഖലയിൽ ശക്തരായ ഒ.ബി.സി. നേതാക്കൾ കോൺഗ്രസിനുള്ളതിനാൽ വോട്ടുചോർച്ച ഉണ്ടാകില്ലെന്നും കണക്കു കൂട്ടുന്നു.
വിദർഭയിലേക്കുവരേണ്ട രണ്ട് വൻ വികസന പദ്ധതികൾ ബി.ജെ.പി. ഗുജറാത്തിലേക്ക് കടത്തിയെന്ന ആരോപണം നാഗ്പുരിലെത്തിയ മല്ലികാർജുൻ ഖാർഗെ ഉയർത്തിയിരുന്നു. കർഷക ആത്മഹത്യകൾക്ക് അറുതിയില്ലാത്തതും രൂക്ഷമാകുന്ന വിലക്കയറ്റവും ഭരണകക്ഷിക്കെതിരേ കോൺഗ്രസിന്റെ ആയുധങ്ങളാണ്. ഹിന്ദുത്വപ്രചാരണം ശക്തമാക്കുന്നതിനൊപ്പം ജാതിവിഭാഗങ്ങളുടെ എതിർ ധ്രുവീകരണവും ദുർബല ജനങ്ങൾക്കുള്ള വമ്പൻ ക്ഷേമ പദ്ധതികളും ഹരിയാണ മോഡൽ ആവർത്തിക്കാൻ ഇടയാക്കുമെന്നാണ് ബി.ജെ.പി. കണക്കു കൂട്ടൽ.
പ്രകാശ് അംബേദ്കറുടെ വി.ബി.എ. ഇത്തവണയും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. പട്ടികജാതി സംവരണം പുനഃക്രമീകരിക്കുന്നതിൽ സംഘടനയ്ക്ക് ശക്തമായ എതിർപ്പുണ്ട്. തെലങ്കാനയിലും കർണാടകത്തിലും കോൺഗ്രസ് ഇതിനായി കമ്മിറ്റികൾ രൂപവത്‌കരിച്ചത് ഇവർ പ്രചാരണ വിഷയമാക്കുന്നു. 2019-ൽ വി.ബി.എ. കോൺഗ്രസിന്റെ വോട്ടുകൾ ചോർത്തി. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രകടനം ദുർബലമായിരുന്നു.
Content Highlights: Vidarbha: RSS Hub, Ambedkar`s Legacy, & 2024 Elections
Published: 15 Nov 2024, 03:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented