
ഒക്ടോബറിലാണ് കാലംതെറ്റി വന്ന മഴ പടിഞ്ഞാറൻ വിദർഭയിൽ നാശംവിതച്ചത്. നാലായിരം കർഷകരുടെ രണ്ടായിരം ഹെക്ടർ കൃഷി, കരകവിഞ്ഞ വയിഗംഗാനദി കവർന്നു. സർക്കാരുദ്യോഗസ്ഥർ കണക്കെടുപ്പ് തുടങ്ങിയപ്പോഴേക്കും തിരഞ്ഞെടുപ്പുബഹളത്തിൽ മറ്റെല്ലാം മുങ്ങി. ‘‘എന്തുതന്നിട്ടെന്താ? എല്ലാറ്റിനും വില കൂടുകയല്ലേ? തികയുന്നില്ല. കഴിഞ്ഞുകൂടുകയാ’’ -നട്ടുച്ചവെയിലിൽ പരുത്തി വിളവെടുക്കുന്ന സുനന്ദ ബെൻ എന്ന കർഷകത്തൊഴിലാളിസ്ത്രീ പറഞ്ഞു. നാഗ്പുർ- ഇന്ദോർ ഹൈവേയോടുചേർന്ന് സാവനേർ ഗ്രാമത്തിലാണ് സുനന്ദാ ഉൾപ്പെടെ ജോലിചെയ്യുന്നത്. ‘‘ഒരുകിലോ പരുത്തിപ്പൂവ് നുള്ളിയെടുത്താൽ പത്തുരൂപ കൂലികിട്ടും. മുൻപ് എട്ടുരൂപയായിരുന്നു. മുന്നൂറുരൂപയുടെ വക ദിവസം ഉണ്ടാക്കാം’’ -അവർ പറഞ്ഞു. സംസാരിച്ചുനിന്നാൽ വിളവെടുപ്പുകുറയും. കൂലിയും കുറയും. സുനന്ദയും സംഘവും ജോലിയിലേക്കുമടങ്ങി.
ദരിദ്രവനിതകൾക്ക് പ്രതിമാസം 1500 രൂപനൽകുന്ന മഹായുതി സർക്കാരിന്റെ 'ലാഡ് ലി ബഹൻ' പദ്ധതി മറ്റൊരുതരത്തിലും ഇവർക്ക് ഗുണമായി. അക്കൗണ്ടിൽ മാസംതോറും കാശ് വന്നതോടെ ചിലരെങ്കിലും പരുത്തിപ്പാടത്തെ കൈകഴയ്ക്കുന്ന പണി ഒഴിവാക്കി. അതോടെയാണ് കൂലിയും കൂടിയത്. പക്ഷേ, ഒരു വർധനയും വാഗ്ദാനവും വിദർഭയിലെ കർഷകർക്ക് താങ്ങാകുന്നില്ല.
‘‘ചെലവും കിട്ടുന്ന വിലയും തമ്മിൽ ഭേദമില്ല. ഒടുവിൽ പൂജ്യമാണ്. കീടനാശിനി കഴിച്ച് മരിക്കാനാ ഞങ്ങളുടെ വിധി’’ -തൊട്ടടുത്ത പാടത്തെ കൃഷിക്കാരനായ വിജയ് റൗട്ട് പറഞ്ഞു. രണ്ടേക്കർ പാടത്ത് സോയാബീൻ വിളവെടുത്ത് കഴിഞ്ഞതേയുള്ളൂ. ക്വിന്റലിന് 4892 രൂപയാണ് ഔദ്യോഗിക താങ്ങുവില. ‘‘നാലായിരം രൂപയേ കിട്ടിയുള്ളൂ. പരുത്തിക്ക് 7520 രൂപ താങ്ങുവിലയുണ്ട്. 6500-നു മേൽ ലഭിക്കുന്നില്ല. ഒരേക്കറിൽ കൃഷിയിറക്കാൻ 16000 രൂപ ചെലവുവരും. വിറ്റുകഴിഞ്ഞാൽ കൈയിലൊന്നുമില്ല’’ -റൗട്ട് പരാതിപ്പെട്ടു. മഹാരാഷ്ട്രയിൽ മാത്രമല്ല, രാജ്യം മുഴുവനെടുത്താലും കൂടുതൽ കർഷകർ ആത്മഹത്യചെയ്യുന്നയിടങ്ങളാണ് വിദർഭയിലെ 11 ജില്ലകൾ. 2023-ൽ 1439 പേരാണ് മരിച്ചത്. ഈ വർഷം ആദ്യത്തെ ആറുമാസത്തിനുള്ളിൽ 687 പേർ ആത്മഹത്യചെയ്തിട്ടുണ്ട്. വില കിട്ടാത്തതിനാലും വരൾച്ചയോ മഴയോ കാരണം നഷ്ടമുണ്ടാകുന്നതിനാലും കടക്കെണിയിൽ കുടുങ്ങിയാണ് ഈ മരണങ്ങൾ.താങ്ങുവിലയ്ക്കനുസരിച്ച് വിളവിന് വില കിട്ടുകയാണ് വേണ്ടതെന്ന് കർഷകർ പറയുന്നു. ആറുമാസംമുൻപ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തുമണ്ഡലങ്ങളുള്ള വിദർഭ മേഖലയിൽ മഹായുതിക്കേറ്റ കനത്ത തിരിച്ചടിക്ക് ഒരുകാരണം കർഷകരോഷമായിരുന്നു. അത് മറികടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് കഠിനശ്രമങ്ങൾ നടത്തി. താങ്ങുവില ലഭിച്ചില്ലെങ്കിൽ മിച്ചമുള്ള തുക സർക്കാർ നൽകുന്ന പദ്ധതി തുടങ്ങി. ആത്മഹത്യചെയ്തവരുടെ കുടുംബ ങ്ങൾക്ക് ഒരു ലക്ഷം രൂപ എക്സ്‌ഗ്രേഷ്യ നൽകുന്നത് നിർത്താനുള്ള നീക്കം പിൻവലിച്ചു. സെപ്റ്റംബറിൽ കർഷകർക്ക് വൈദ്യുതി ഇളവ് അനുവദിക്കാനുള്ള തീരുമാനം വിദർഭയിൽ ഒമ്പതുലക്ഷം കർഷകർക്ക് ആശ്വാസമായി.
കർഷക ആത്മഹത്യകളുടെ കേന്ദ്രമായ വാഷിമിൽ കഴിഞ്ഞ മാസമാദ്യം നരേന്ദ്രമോദി പറന്നിറങ്ങി. സർക്കാർവായ്പയിലുള്ള കൃഷിയധിഷ്ഠിത ചെറുകിട വ്യവസായങ്ങളുടെ 7500 പദ്ധതികൾക്ക് തുടക്കമിട്ടു. ജലസേചനപദ്ധതി പൂർത്തിയാക്കാൻ ഓഗസ്റ്റിൽ 5441 കോടി രൂപ അനുവദിച്ചു. 88,000 കോടി രൂപയുടെ നദീസംയോജനപദ്ധതി പ്രഖ്യാപിച്ചു. പി.എം. കിസാൻ സമ്മാൻ യോജനയുടെ 6000 രൂപയ്ക്കു പുറമേ 6000 രൂപ സംസ്ഥാന സർക്കാരും പ്രതിവർഷം നൽകുന്നുമുണ്ട്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വായ്പ എഴുതിത്തള്ളലും വാഗ്ദാനമുണ്ട്. താങ്ങുവില ഉറപ്പാക്കുമെന്നാണ് മഹാവികാസ് അഘാഡിയുടെ ഉറപ്പ്. മൂന്നുലക്ഷംരൂപ വരെയുള്ള കൃഷിവായ്പകൾ തള്ളുമെന്നും അതിൽ കൂടുതലുള്ളവരിൽ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 50,000 രൂപ പ്രോത്സാഹനംനൽകുമെന്നും വാഗ്ദാനംനൽകുന്നു.പക്ഷേ, തിരഞ്ഞെടുപ്പിനോടടുക്കുമ്പോൾ കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക് മേൽജാതി മതവോട്ട് ബാങ്ക് രാഷ്ട്രീയാധിപത്യം നേടുന്ന കാഴ്ചയാണുള്ളത്. വിദർഭയിലെ കർഷകർ വോട്ടുബാങ്കല്ല. വിവിധ ‘ജാതിബാങ്കു’കളാണ്. വാഗ്ദാനങ്ങളിൽ ആരും കണ്ണടച്ച് വിശ്വസിക്കുന്നില്ല. സഹായധനങ്ങൾ സ്വീകാര്യമാണെങ്കിലും വിലക്കയറ്റം ആ സന്തോഷത്തിനുമേൽ ബുൾഡോസർ കയറ്റുകയാണ്.
Content Highlights: Vidarbha farmers face hardship due to low crop prices, debt, and erratic weather
Published: 16 Nov 2024, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented