മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡിയുടെ ദയനീയ തോല്‍വിക്കു കാരണം കോണ്‍ഗ്രസിന്റെ മനോഭാവമാണെന്ന വിമര്‍ശനവുമായി ഉദ്ധവ് താക്കറെ ശിവസേന നേതാവ്. കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസവും സീറ്റ് വിഭജനത്തിലെ മനോഭാവവുമാണ് മുന്നണി കനത്ത പരാജയം നേരിടാന്‍ കാരണമെന്ന് നിയമനിര്‍മാണ കൗണ്‍സില്‍ പ്രതിപക്ഷനേതാവ് അംബാദാസ് ദാന്‍വേ പറഞ്ഞു. സഖ്യം ഉദ്ധവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കേണ്ടിയിരുന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

To advertise here,

'ഫലത്തിന് മുമ്പേ അവര്‍ കുപ്പായം തുന്നി. ലോക്‌സഭാ ഫലത്തിനുശേഷം കോണ്‍ഗ്രസ് അമിത ആത്മവിശ്വാസത്തിലായിരുന്നു. സീറ്റ് വിഭജനത്തില്‍ അവരുടെ മനോഭാവം ഞങ്ങളെ വേദനിപ്പിച്ചു. ഉദ്ധവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടണമായിരുന്നു. അങ്ങനെ ചെയ്യാത്തത് ഫലത്തെ ബാധിച്ചു. മറിച്ചായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു', ദാന്‍വെ പറഞ്ഞു.

ശിവസേന ഉദ്ധവ് പക്ഷം മുന്നണി വിടണമെന്ന് കഴിഞ്ഞ ദിവസം ദാന്‍വെ ആവശ്യപ്പെട്ടിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ശിവസേന ഒറ്റയ്ക്കുനേരിടണമെന്നും ഒരുമുന്നണിയേയും ആശ്രയിക്കേണ്ടതില്ലെന്നുമായിരുന്നു അംബാദാസ് ദാന്‍വെയുടെ നിലപാട്. ശിവസേന അധികാരത്തിനുപിന്നാലെ പോയിരുന്നില്ല. പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനിന്നാല്‍ അധികാരം താനേവരുമെന്നും ദാന്‍വെ അഭിപ്രായപ്പെട്ടു.

288 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ഷിന്ദേ വിഭാഗം ശിവസേനയും അജിത് പവാറിന്റെ എന്‍.സി.പിയും ഉള്‍പ്പെട്ട മഹായുതി 230 സീറ്റുകള്‍ നേടിയിരുന്നു. ഉദ്ധവ് ശിവസേനയും കോണ്‍ഗ്രസും ശരദ് പവാറിന്റെ എന്‍.സി.പിയും ഉള്‍പ്പെട്ട മഹാവികാസ് അഘാഡിക്ക് 46 സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.