
പുണെ: പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ മൂന്ന് നിയമസഭാ സീറ്റുകളിലും മഹായുതിയും മഹാ വികാസ് അഘാഡിയുംതമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. നിലവിൽ മൂന്നുമണ്ഡലങ്ങളും പിംപ്രി, ചിഞ്ച്‌വാഡ്, ഭോസാരി ഭരണകക്ഷിയായ മഹായുതിക്കൊപ്പമാണ്.
പിംപ്രിയിൽ എൻ.സി.പി. അജിത് പവാർ വിഭാഗത്തിലെ അണ്ണ ബൻസോഡെയും ചിഞ്ച്‌വാഡിൽ ബി.ജെ.പി.യുടെ അശ്വിനി ജഗ്താപ്, ഭോസരിയിൽ ബി.ജെ.പി.യുടെ മഹേഷ് ലാൻഡ്ഗെ എന്നിവരാണ് നിലവിലെ എം.എൽ.എ.മാർ. പിംപ്രി മണ്ഡലത്തിൽനിന്നുള്ള പാർട്ടി നേതാക്കളുടെ എതിർപ്പ് അവഗണിച്ച് എൻ.സി.പി. അണ്ണ ബൻസോഡെയെത്തന്നെ വീണ്ടും മത്സരിപ്പിക്കുന്നു.
ഭോസരി മണ്ഡലത്തിൽ ബി.ജെ.പി. മഹേഷ് ലാൻഡ്ഗെയെ വീണ്ടും മത്സരിപ്പിക്കുമ്പോൾ ചിഞ്ച്‌വാഡിൽ സ്ഥാനാർഥിയെ മാറ്റി. നിലവിലെ എം.എൽ.എ. അശ്വിനി ജഗ്‌താപിന്റെ ഭർതൃസഹോദരനും ബി.ജെ.പി. പിംപ്രി-ചിഞ്ച്‌വാഡ് ജില്ലാപ്രസിഡന്റുമായ ശങ്കർ ജഗ്‌താപിനാണ് സ്ഥാനാർഥിത്വം നൽകിയിട്ടുള്ളത്. മറുവശത്ത് പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്കുവേണ്ടി എൻ.സി.പി. ശരദ് പവാർ വിഭാഗമാണ് മൂന്നുസീറ്റുകളിലും മത്സരിക്കുന്നത്. പിംപ്രിയിൽനിന്ന് ഡോ. സുലക്ഷണ ശിൽവന്തും ചിഞ്ച്‌വാഡിൽനിന്ന് രാഹുൽ കാലാട്ടെയും ഭോസരിയിൽനിന്ന് അജിത് ഗവ്ഹാനെയുമാണ് മത്സരിക്കുന്നത്.
പിംപ്രി സംവരണ സീറ്റിൽനിന്ന് 2009-ലും 2019-ലും വിജയിച്ച് രണ്ടുതവണ എം.എൽ.എ.യായ ബൻസോഡെക്ക് സ്വന്തം പാർട്ടിക്കുള്ളിൽനിന്നുതന്നെ ശക്തമായ എതിർപ്പ് നേരിടേണ്ടിവരുന്നുണ്ട്. പാർട്ടിയുടെ പിംപ്രി-ചിഞ്ച്‌വാഡ് ജില്ലാ നേതൃത്വം ബൻസോഡെയുടെ പ്രവർത്തനശൈലിയിൽ അസ്വസ്ഥരായിരുന്നു. ബൻസോഡെക്ക് വീണ്ടും സീറ്റ് നൽകരുതെന്ന് പാർട്ടിയുടെ ഉന്നത നേതാക്കളോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അടുത്ത അനുയായിയായതിനാൽ അദ്ദേഹത്തിന് ടിക്കറ്റ് നൽകുകയായിരുന്നു.
പാർട്ടി സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാൻ രംഗത്തെത്തിയ എൻ.സി.പി. അജിത് പവാർ വിഭാഗം നേതാവ് നാനാ കാട്ടെ നാമനിർദേശപത്രിക പിൻവലിച്ചതോടെ ചിഞ്ച്‌വാഡിൽ ശങ്കർ ജഗ്‌താപും കലാട്ടെയുംതമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്.
2009 മുതൽ ജഗ്‌താപ് കുടുംബത്തിന്റെ കൈവശമാണ് ചിഞ്ച്‌വാഡ് സീറ്റ്. ലക്ഷ്മൺ ജഗ്‌താപ് ഇവിടെനിന്ന് മൂന്നുതവണ എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 വരെ എൻ.സി.പി.യുടെ കോട്ടയായിരുന്ന ചിഞ്ച്‌വാഡ് അന്ന് എൻ.സി.പി.യുടെ മുഖമായിരുന്ന ലക്ഷ്മൺ ജഗ്താപ് ബി.ജെ.പി.യിൽ പോയതോടെ ബി.ജെ.പി.ക്കൊപ്പം പോകുകയായിരുന്നു.
2022-ൽ അദ്ദേഹത്തിന്റെ മരണശേഷം, നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ അശ്വിനി ജഗ്‌താപ് സീറ്റ് നിലനിർത്തി. ഇത്തവണ പാർട്ടി ലക്ഷ്മൺ ജഗ്‌താപിന്റെ സഹോദരനെയാണ് മത്സരരംഗത്തേക്കിറക്കിയിട്ടുള്ളത്. അദ്ദേഹത്തിനുവേണ്ടി അശ്വിനി പ്രചാരണരംഗത്തുണ്ട്.
ശങ്കർ നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ നേരിടുന്നത് മൂന്നുതവണ നിയസഭയിലേക്ക് മത്സരിച്ച അനുഭവസമ്പത്തുള്ള രാഹുൽ കലാട്ടേയെയാണ്. പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനിൽ ശിവസേനയുടെ (യു.ബി.ടി.) ഹൗസ് ലീഡറായിരുന്നു കലാട്ടെ.
തിരഞ്ഞെടുപ്പിനുമുന്നോടിയായാണ് ശരദ് പവാർ വിഭാഗം എൻ.സി.പി.യിൽ ചേരുന്നത്. എൻ.സി.പി.യിൽ അജിത് പവാറിനൊപ്പമുണ്ടായിരുന്ന അജിത് ഗവ്ഹാനെ ശരദ് പവാർ വിഭാഗത്തിലേക്കുമാറിയാണ് ഭോസരിയിൽ മത്സരിക്കുന്നത്.
രണ്ടുതവണ എം.എൽ.എ.യായ മഹേഷ് ലാൻഡ്ഗെയെയാണ് ഗവ്ഹാനെ നേരിടുന്നത്. മൂന്നുസ്ഥാനാർഥികളുടെയും പ്രചാരണത്തിനായി ശരദ് പവാറും സുപ്രിയാ സുലെയും മണ്ഡലങ്ങളിൽ ഒട്ടേറെ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
ഈ മൂന്നുസീറ്റുകളും മഹായുതി നിലനിർത്തുമോ അതോ മഹാ വികാസ് അഘാഡി തട്ടിയെടുക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Content Highlights: Pimpri-Chinchwad Assembly Seats: Maha Vikas Aghadi vs Mahayuti Battle
Published: 15 Nov 2024, 03:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented