മുംബൈ: മീരാഭയന്തർ നിയമസഭാ തിരഞ്ഞെടുപ്പ് 2019-ന്റെ ആവർത്തനം. കഴിഞ്ഞതവണത്തെ സ്ഥാനാർഥികൾ വീണ്ടും ഗോദയിൽ. നിലവിലെ എം.എൽ.എ. ഗീതാജെയിൻ വീണ്ടും സ്വതന്ത്രയായി മത്സരിക്കുമ്പോൾ ബി.ജെ.പി.യിൽനിന്ന് നരേന്ദ്രമേത്തയും കോൺഗ്രസിൽനിന്ന് മുസാഫർ ഹുസൈനും തമ്മിലുള്ള ത്രികോണപ്പോരാട്ടത്തിനാണ് മീരാഭയന്തർ വീണ്ടും സാക്ഷ്യംവഹിക്കുന്നത്.

To advertise here,

ഇത്തവണ രാഷ്ട്രീയസാഹചര്യങ്ങൾക്ക് മാറ്റംവന്നിട്ടുണ്ട്. ശിവസേന ഉദ്ധവ് വിഭാഗം കോൺഗ്രസ് പക്ഷത്തായതോടെയാണ് ഫലം വ്യത്യസ്തമാകുമോ എന്ന ചർച്ച സജീവം. ശിവസേനയ്ക്ക് ഈ മണ്ഡലത്തിൽ കാര്യമായ സ്വാധീനമുണ്ട്. കഴിഞ്ഞ 15 വർഷമായി മീരാഭയന്തർ മണ്ഡലം ഓരോതിരഞ്ഞെടുപ്പിലും വ്യത്യസ്ത രാഷ്ട്രീയപ്പാർട്ടികളിൽനിന്നുള്ളവരെ തിരഞ്ഞെടുത്തിട്ടുണ്ട്.

2009-ൽ എൻ.സി.പി.യിൽനിന്നുള്ള ഗിൽബർട്ട് മെൻഡോൻകയും 2014-ൽ ബി.ജെ.പി.യിൽനിന്ന് നരേന്ദ്രമേത്തയും വിജയിച്ചു. 2019-ൽ, ബി.ജെ.പി. നരേന്ദ്രമേത്തയെ വീണ്ടും മത്സരിപ്പിച്ചപ്പോൾ വിമതയായ മുൻമേയർ ഗീതാജെയിൻ മത്സരരംഗത്തേക്ക് കടന്നുവരുകയും അവർ വിജയിക്കുകയുമായിരുന്നു.

2024-ൽ ബി.ജെ.പി. വീണ്ടും നരേന്ദ്രമേത്തയെ രംഗത്തിറക്കിയപ്പോൾ ഗീതാജെയിൻ ഒരിക്കൽക്കൂടി സ്വതന്ത്രയായി മത്സരിക്കുന്നു. കോൺഗ്രസ് മുസാഫർ ഹുസൈനെത്തന്നെ രംഗത്തിറക്കി. മീരാഭയന്തറിൽ മൊത്തം വോട്ടർമാർ 5,07,453 പേരാണ്. ‌ 2019-ൽ ഗീതാജെയിൻ 79,527 വോട്ടുകളും നരേന്ദ്രമേത്ത 63,992 വോട്ടുകളും മുസാഫർ ഹുസൈൻ 55,899 വോട്ടുകളും നേടി. മണ്ഡലത്തിൽ മറാഠി, ഗുജറാത്തി, ജൈന വോട്ടുകൾക്കൊപ്പം ന്യൂനപക്ഷവോട്ടുകളും ജയപരാജയങ്ങളെ നിശ്ചയിക്കും.