മുംബൈ: രണ്ടുപതിറ്റാണ്ടിലേറെയായി കോൺഗ്രസ് പാർട്ടിയുടെ ശക്തികേന്ദ്രമായി നിലകൊള്ളുന്ന മലാഡ് വെസ്റ്റിൽ നടക്കുന്നത് കടുത്തമത്സരം. ബി.ജെ.പി.യുടെ മുംബൈ യൂണിറ്റ് തലവനായ ആശിഷ് ഷേലാറിന്റെ സഹോദരൻ വിനോദ് ഷേലാറാണ് കോൺഗ്രസിന്റെ നിലവിലെ എം.എൽ.എ.യും മുൻമന്ത്രിയുമായ അസ്‌ലം ഷെയ്ഖിനെ നേരിടുന്നത്. മലാഡ് റെയിൽവേ സ്റ്റേഷനിൽനിന്ന് തുടങ്ങി മഡ്‌വില്ലേജുവരെ 16 കിലോമീറ്റർദൂരം വ്യാപിച്ചുകിടക്കുന്ന മലാഡ് വെസ്റ്റ് മുംബൈയിലെ ഏറ്റവും ദൈർഘ്യമേറിയ നിയമസഭാമണ്ഡലം എന്ന ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്.

To advertise here,

ധാരാവികഴിഞ്ഞാൽ മുംബൈയിലെ ഏറ്റവുംവലിയ ചേരിപ്രദേശമായ മാൽവാണിയും ഈ മണ്ഡലത്തിലാണുള്ളത്. തദ്ദേശീയരായ കോലി സമൂഹത്തോടൊപ്പം മറ്റ് ജാതിവിഭാഗങ്ങളെയും മണ്ഡലം ഉൾക്കൊള്ളുന്നു. രണ്ടുതവണ മുംബൈ നഗരസഭാംഗമായിരുന്ന അസ്‌ലം ഷെയ്ഖ് മൂന്നുതവണ ഇവിടെനിന്ന് എം.എൽ.എ.യായും തിരഞ്ഞെടുക്കപ്പെട്ടു.

ഇത്തവണ അദ്ദേഹത്തിന്റേത് നിയമസഭയിലേക്കുള്ള നാലാംമത്സരമാണ്. മണ്ഡലത്തിൽ ഏകദേശം ഒരുലക്ഷം പുതിയവോട്ടർമാർ കൂടിവന്നിട്ടുണ്ട്. അത് ഫലത്തെ എങ്ങനെ ബാധിക്കുമെന്നുള്ളതും അറിയേണ്ടതുണ്ട്. വിനോദ് ഷേലാറും മണ്ഡലത്തിൽ സുപരിചിതനാണ്, നഗരസഭാംഗം എന്നനിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനം വോട്ടുനേടിത്തരുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

അതേസമയം, ഉദ്ധവ്പക്ഷം ശിവസേന ഇത്തവണ കോൺഗ്രസിനോടൊപ്പം നിലകൊള്ളുന്നതും മുസ്‌ലിം വോട്ടുകൾ ലഭിക്കുമെന്നുള്ളതും അസ്‌ലം ഷെയ്ഖിന് അനുകൂലഘടകങ്ങളാണ്. ലാഡ്കി ബഹിൺ പദ്ധതി സ്ത്രീകളുടെ വോട്ടുനേടിത്തരുമെന്ന് ബി.ജെ.പി.യും പ്രതീക്ഷിക്കുന്നു. 2019-ൽ അസ്‌ലം ഷെയ്ഖിന് 79,494 വോട്ടുകളും എതിർസ്ഥാനർഥി ബി.ജെ.പി.യുടെ രമേഷ് സിങ് താക്കൂറിന് 69,092 വോട്ടുകളുമായിരുന്നു ലഭിച്ചത്.