
മഹാരാഷ്ട്രയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മറാത്ത്‌വാഡ ഒരു പ്രധാന യുദ്ധക്കളമാണ്. മറാത്താ സംവരണപ്രക്ഷോഭം അലയടിക്കുന്ന പോരാട്ടഭൂമി. ഛത്രപതി സാംബാജി നഗർ (പഴയ ഔറംഗബാദ് ) ബീഡ്, ഹിങ്കോളി, ജൽന , ലത്തൂർ, നന്തെഡ്, ധാരശിവ് (പഴയ ഒസ്മാനബാദ് എന്നീ എട്ട് ജില്ലകളാണ് മാറാത്തവാഡിൽ ഉള്ളത്. മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ ഗണ്യമായ ഭാഗം ഉൾക്കൊള്ളുന്ന മറാത്താസമൂഹം, സാമൂഹിക-സാമ്പത്തിക പാർശ്വവത്‌കരണത്തെ അഭിസംബോധനചെയ്യുന്നതിനായി ദീർഘകാലമായി ഇവിടെ സംവരണ ആവശ്യം ഉന്നയിക്കുന്നുണ്ട്.
ഭരണകക്ഷി മഹായുതി സഖ്യത്തിലെ ബ്രാഹ്മണമുഖമായ ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്‌നവിസിനെ ശത്രുവാക്കിനിർത്തിയാണ് മറാത്താ സംവരണനേതാവ് ബീഡുകാരനായ മനോജ് ജരാങ്കെ പാട്ടീൽ തന്റെ പോരാട്ടമുഖം തുറന്നിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭയിൽ ഈ മേഖലയിൽ ഏഴുസീറ്റുകൾ മഹാവികാസ് അഘാഡി സഖ്യത്തിനായിരുന്നു. ഷിന്ദേ ശിവസേനയ്ക്ക് ഒന്നും. മനോജ് ജരാങ്കെ പാട്ടീലിന്റെ രഹസ്യപിന്തുണ അന്ന് മഹാവികാസ് അഘാഡിക്കുണ്ടായിരുന്നു.
പിന്നാക്കവിഭാഗത്തെ തങ്ങൾക്കൊപ്പം നിർത്താനുള്ള ബി.ജെ.പി. തന്ത്രം മറാത്താസമുദായവും പിന്നാക്കവിഭാഗവും തമ്മിലുള്ള അന്തരത്തെ രൂക്ഷമാക്കിയിട്ടുണ്ട്. മറാത്ത, പിന്നാക്ക വിദ്യാർഥികൾ ഇപ്പോൾ ക്ലാസ്‌മുറികളിലോ കളിസ്ഥലങ്ങളിലോ കൂടിച്ചേരുന്നില്ല. അത്രമാത്രം മുറിവ് ഈ മേഖലയിലുണ്ടെന്ന് രാഷ്ട്രീയവിശകലന വിദഗ്ധനും പത്രാധിപരുമായ മകരന്ദ് കുൽക്കർണി പറയുന്നു. മറാത്താസംവരണപ്രശ്നത്തിനുപുറമേ നിരന്തരമായ വരൾച്ചയും കാർഷികദുരിതവും ജലക്ഷാമവും കർഷകകേന്ദ്രീകൃത നയങ്ങളുടെ അഭാവവും കർഷക ആത്മഹത്യകളും മാറാത്ത്‌വാഡയിലെ തിരഞ്ഞെടുപ്പിലെ നിർണായക ഘടകങ്ങളാണ്.
ഒവൈസിയുടെ എ.ഐ.എം.ഐ.എം. പോലുള്ള പാർട്ടികളുടെ ഉയർച്ച ഇവിടെ വർഗീയമായ ചേരിതിരിവും സൃഷ്ടിച്ചിട്ടുണ്ട്. ബി.ജെ.പി.യും സഖ്യകക്ഷികളും വികസന അജൻഡയെ ആശ്രയിക്കുമ്പോൾ പ്രതിപക്ഷം ഭരണവിരുദ്ധതയും സാമൂഹികപ്രശ്നങ്ങളും ഉയർത്തിക്കാട്ടുന്നു.
2019-ലെ കക്ഷിനില
മറാത്ത്‌വാഡ 46 മണ്ഡലങ്ങൾ
ബി.ജെ.പി. 16
ശിവസേന 12
എൻ.സി.പി. 8
കോൺഗ്രസ് 8
മറ്റുള്ളവർ 2
വടക്കൻ മഹാരാഷ്ട്ര
ഇന്ത്യയുടെ വൈൻ കാപ്പിറ്റൽ എന്നറിയപ്പെടുന്ന നാസിക്, ഇന്ത്യയുടെ വാഴപ്പഴ തലസ്ഥാനം എന്നറിയപ്പെടുന്ന ജൽഗാവ്, പരുത്തിവ്യവസായത്തിനും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും പ്രശസ്തമായ ധുലെ, ഭിൽ, പാവാര തുടങ്ങിയ ഗോത്രങ്ങളുടെ സംസ്‌കാരങ്ങൾ നിലനിൽക്കുന്ന നന്ദുർബാർ ഉൾപ്പെടെയുള്ള മേഖലകളിലെ 35 നിയമസഭാ സീറ്റുകളിലേക്കുള്ള പോരാട്ടത്തിൽ കർഷകരുടെ അസ്വസ്ഥതയും മുസ്‌ലിം, മറാത്താ വോട്ടുകളുമാണ് നിർണായകമാകുക. മുംബൈകണ്ട ഏറ്റവും വലിയ കർഷകമാർച്ചിന് തുടക്കംകുറിച്ചത് ഈ മേഖലയിൽനിന്നാണ്.
വടക്കൻ മഹാരാഷ്ട്ര പൊതുവെ ബി.ജെ.പി.യുടെ ശക്തികേന്ദ്രമാണ്. നാസിക്കിലാണ് സവർക്കറുടെ ഭവനമുള്ളത്. ശക്തമായ ആർ.എസ്.എസ്. ശൃംഖല ഉണ്ടായിരുന്നിട്ടും ആറ് ലോക്‌സഭാ മണ്ഡലങ്ങളും 35 നിയമസഭാ മണ്ഡലങ്ങളും ഉൾക്കൊള്ളുന്ന ഈ മേഖലയിലെ കർഷകർക്കിടയിലെ അസ്വസ്ഥതയും ബി.ജെ.പി.ക്ക് തലവേദനയാവും.
2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റുകളിൽ വിജയിച്ച ബി.ജെ.പി. ഈ മേഖലയിലെ അജയ്യശക്തിയായിരുന്നു. അവിഭക്ത ശിവസേന ആറുസീറ്റുകളിലും അവിഭക്ത എൻ.സി.പി. ഏഴു സീറ്റുകളിലും കോൺഗ്രസ് അഞ്ചു സീറ്റുകളിലും ഒവൈസിയുടെ എ.ഐ.എം.ഐ.എം. രണ്ടുസീറ്റുകളിലും വിജയിച്ചു. ആറുസീറ്റുകളിലേക്കുള്ള സമീപകാല ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പി.യും രണ്ടുവീതം സീറ്റുകളും എൻ.സി.പി. (ശരദ് പവാർ), ശിവസേന (ഉദ്ധവ്) എന്നിവ ഓരോ സീറ്റും നേടി. അഞ്ചുവർഷംമുൻപ്, ബി.ജെ.പി. അഞ്ചുസീറ്റുകളും ശിവസേന ഒരു സീറ്റും നേടി ദേശീയ ജനാധിപത്യസഖ്യത്തിന്റെ സമ്പൂർണ ആധിപത്യം നേടിയയിടത്താണ് ഈ തകർച്ച.
രാജ്യത്തിന്റെ ഉള്ളി ഉത്‌പാദനത്തിന്റെ 30 ശതമാനംവരുന്ന വടക്കൻ മഹാരാഷ്ട്രയിലെ കർഷകർ ഭരണസഖ്യമായ മഹായുതിക്കെതിരേ തിരിഞ്ഞിരിക്കുന്നു . തിരുത്തൽനടപടികൾ ഈ മേഖലയിലെ നഷ്ടം തിരിച്ചുപിടിക്കാൻ ബി.ജെ.പി.യെ എത്രത്തോളം സഹായിക്കുന്നുവെന്ന് ഈ നിയമസഭാ തിരഞ്ഞെടുപ്പ് വ്യക്തമാക്കും. മറാത്താ സംവരണ നേതാവ് മനോജ് ജരാങ്കെ പാട്ടീലിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭവും ഈ മേഖലയിൽ സ്വാധീനംചെലുത്തും. മതപരമായ ധ്രുവീകരണത്തിന്റെ അന്തർധാര ഈ തിരഞ്ഞെടുപ്പിൽ നിർണായക ഘടകമാകും. മഹായുതിക്കെതിരേ മുസ്‌ലിം ഏകീകരണം ആരോപിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് വോട്ട് ജിഹാദ് എന്നകാര്യം ഉന്നയിച്ചത് ധുലെയിലെ പരാജയത്തെ മുൻനിർത്തിയായിരുന്നു.
2019-ലെ കക്ഷിനില
വടക്കൻ മഹാരാഷ്ട്ര 35 മണ്ഡലങ്ങൾ
ബി.ജെ.പി. 13
ശിവസേന 6
എൻ.സി.പി. 7
കോൺഗ്രസ് 5
മറ്റുള്ളവർ 4
Content Highlights: Maharashtra Elections 2024: Marathwada & North
Published: 17 Nov 2024, 11:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented