മുംബൈ: ജനപ്രിയ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണികളുടെ പ്രകടനപത്രിക. ജാതി സെൻസസ് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ മഹാവികാസ് അഘാഡി മുന്നോട്ടുവെച്ചപ്പോൾ സ്ത്രീകൾക്ക് 2100 രൂപ, വായ്പ എഴുതിത്തള്ളൽ തുടങ്ങിയവയാണ് ബിജെപിയുടെ പ്രഖ്യാപനങ്ങൾ.
മുംബൈയിൽ നടന്ന പത്രസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് 'മഹാരാഷ്ട്രനാമ' എന്ന പേരിൽ മഹാവികാസ് അഘാഡിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. ഒൻപതിനും 16-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് സൗജന്യ സെർവിക്കൽ കാൻസർ വാക്സിനേഷൻ, ആർത്തവസമയത്ത് വനിതാ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ഓപ്ഷണൽ അവധി, ശിശുക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം, സ്വാശ്രയ സംഘങ്ങളുടെ ശാക്തീകരണത്തിനായി പ്രത്യേക മന്ത്രാലയം, സ്ത്രീകൾക്ക് 500 രൂപ നിരക്കിൽ ഓരോ വർഷവും ആറ് പാചക വാതക സിലിണ്ടറുകൾ എന്നിവയാണ് പ്രധാനപ്പെട്ട മറ്റു വാഗ്ദാനങ്ങൾ.
സംസ്ഥാനത്തെ യുവാക്കളുടെ ക്ഷേമത്തിനായി യൂത്ത് കമ്മീഷൻ രൂപീകരിക്കുമെന്നും തൊഴിലില്ലാത്ത ബിരുദദാരികൾക്കും ഡിപ്ലോമകാർക്കും 4000 രൂപ മാസം നൽകുമെന്നും സംസ്ഥാന സർക്കാരിൽ 2.5 ലക്ഷം തസ്തികകളിൽ നിയമനം നടത്തുമെന്നും പ്രകടനപത്രികയിൽ പറയുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി നിർഭയ് മഹാരാഷ്ട്ര പോളിസി കൊണ്ടുവരികയും ശക്തി നിയമം നടപ്പിലാക്കുകയുെ ചെയ്യും. 18 വയസ് തികയുന്ന പെൺകുട്ടികൾക്ക് ഒരു ലക്ഷം വീതം നൽകുമെന്നും വാഗ്ദാനമുണ്ട്.
സംസ്ഥാനത്തെ കർഷകരുടെ മൂന്ന് ലക്ഷം വരെയുള്ള കടം എഴുതിതള്ളുകയും സ്ഥിരമായി വായ്പ തിരിച്ചടയ്ക്കുന്നതിന് 50,000 രൂപ ഇൻസന്റീവ് നൽകുന്നതിനുമൊപ്പം നിലവിലുള്ള പദ്ധതികൾ മെച്ചപ്പെടുത്തുന്നതിനായി അവലോകനവും നടത്തും. അവശ്യസാധനങ്ങളുടെ വിലനിയന്ത്രിക്കുന്നതിനായി നടപടി സ്വീകരിക്കുമെന്നും പുതിയ വ്യവസായ നയം കൊണ്ടുവരുമെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരുമെന്നുമാണ് മറ്റു വാഗ്ദാനങ്ങൾ.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാർ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വികസിത ഭാരതത്തിനായി വികസിത മഹാരാഷ്ട്ര എന്നതാണ് ബിജെപി പ്രകടനപത്രികയുടെ ലക്ഷ്യം.
സ്ത്രീകൾക്ക് മാസം 2,100 രൂപയുടെ സാമ്പത്തിക സഹായം, കാർഷിക വായ്പ എഴുതിതള്ളും, മുതിർന്നവർക്കുള്ള പെൻഷൻ 1,500 രൂപയിൽ നിന്നും 2,100 രൂപയാക്കും, അങ്കൻവാടി പ്രവർത്തകർക്ക് 15,000 രൂപ മാസവേതനവും ഇൻഷുറൻസും, സ്കിൽ സെൻസസ്, സംരംഭങ്ങളും വ്യവസായ വളർച്ചയ്ക്കുമായി 25 ലക്ഷം രൂപവരെ പലിശരഹിത ലോണുകൾ എന്നിവയാണ് ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
25 ലക്ഷം തൊഴിലവസരങ്ങൾ, വിദ്യാഭ്യാസ സഹായമായി മാസം 10,000 രൂപ, 10 ലക്ഷം വിദ്യാർഥികൾക്ക് പരിശീലനം, ഗ്രാമപ്രദേശങ്ങളിൽ 45,000 കണക്ടിങ് റോഡുകൾ, അവശ്യവസ്തുക്കളുടെ വിലയിൽ സ്ഥിരത, വൈദ്യുതി ബില്ലിൽ 30 ശതമാനം കുറവ്, 100 ദിവസത്തിനുള്ളിൽ വിഷൻ മഹാരാഷ്ട്ര 2029 പൂർത്തീകരണം എന്നിവയാണ് മറ്റ് വാഗ്ദാനങ്ങൾ.
'ഉറച്ച വാഗ്ദാനങ്ങളാണ് ഞങ്ങളുടെ പ്രകടനപത്രിക. ഞങ്ങൾ അധികാരത്തിലെത്തിയാൽ അതെല്ലാം നടപ്പിലാക്കും. ആർട്ടിക്കിൾ 370 റദ്ദാക്കുമെന്നോ, തലാഖ് നിരോധിക്കുമെന്നോ, പൗരത്വനിയമഭേദഗതി വരുമെന്നോ രാമക്ഷേത്രം നിർമിക്കുമെന്നോ ആരും വിശ്വസിച്ചിരുന്നില്ല', അമിത് ഷാ പറഞ്ഞു. 2027 ഓടെ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാക്കുമെന്ന ബിജെപിയുടെ ഉറപ്പ് അമിത് ഷാ വീണ്ടും ആവർത്തിച്ചു.ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന, അജിത് പവാർ നയിക്കുന്ന എൻസിപി എന്നിവയോടൊപ്പം മഹായുതി സഖ്യമായാണ് ബിജെപി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നവംബർ 20 നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.
Content Highlights: Maharashtra Election Manifesto: MVA & BJP Promises
Published: 10 Nov 2024, 06:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented