
മോദിയോട് നേരിട്ട് ഇടഞ്ഞ് എം.പി.സ്ഥാനം രാജിവെച്ച ഒരാൾ. ബി.ജെ.പി. കേന്ദ്രനേതൃത്വം നേരിട്ടിറങ്ങി മാറ്റിനിർത്തിയ മറ്റൊരാൾ. ആദ്യത്തെയാൾ കോൺഗ്രസിലെത്തി സംസ്ഥാന അധ്യക്ഷനായി. മറ്റേയാളെ ബി.ജെ.പി. ദേശീയനേതൃത്വംതന്നെ പിന്നീട് കൈപിടിച്ച് സംസ്ഥാന പ്രസിഡന്റാക്കി. ഇരുവരും ഇക്കുറി മത്സരിക്കുന്നു. വിദർഭയിൽ അണിയറയിലെ യഥാർഥപോരാട്ടം കോൺഗ്രസ് സംസ്ഥാനപ്രസിഡന്റും സകോളിയിലെ സ്ഥാനാർഥിയുമായ നാനാ പട്ടോളെയും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും കാംടിയിലെ സ്ഥാനാർഥിയുമായ ചന്ദ്രശേഖർ ബവൻകുലെയും തമ്മിലാണ്.
പോരാളിയായ പട്ടോളെ
നിറഞ്ഞുകിടക്കുന്ന വയൻഗംഗ നദിയെ മുറിച്ചുകടന്ന് റായ്‌പുരിലേക്ക് നീളുന്ന ദേശീയപാതയുടെ ഓരത്താണ് കാംടിയും സകോളിയും. പുഴയുടെ തീരത്തെ വലിയ പ്രചാരണബോർഡിൽ ഒ.ബി.സി. വിഭാഗത്തിനായി മോദിസർക്കാർചെയ്ത കാര്യങ്ങൾ അക്കമിട്ടു നിരത്തിയിരിക്കുന്നു. അത് വിദർഭയുടെ രാഷ്ട്രീയസൂചനയാണ്. കുൻബി വിഭാഗക്കാരനാണ് പട്ടോളെ, ബവൻകുലെ തെലി സമുദായവും. ഇരുകൂട്ടരും ഒ.ബി.സി.യിൽപ്പെടുന്നു. സമുദായവോട്ടുകൾ സ്വന്തമാക്കുന്നതിന് രണ്ടുമുന്നണികളും ഈ വ്യക്തികളെ ആശ്രയിക്കുന്നു.
2019-ൽ 6240 വോട്ടിനുമാത്രമാണ് നാന പട്ടോളെ ഇവിടെ വിജയിച്ചത്. പഴയ കോൺഗ്രസ് എം.എൽ.എ. സേവക് വഘയെ പ്രകാശ് അംബേദ്കറുടെ വി.ബി.എ. സ്ഥാനാർഥിയായി 15 ശതമാനം വോട്ടുപിടിച്ചതാണ് കാരണം. അന്ന് നരേന്ദ്രമോദി സകോളിയിൽ നേരിട്ട് പ്രചാരണത്തിനുവന്നിട്ടും നാന പിടിച്ചുകയറി.
മോദി വന്നതിനു കാരണമുണ്ട്. 2014-ൽ സകോളി ഉൾപ്പെടുന്ന ഭണ്ഡാര ഗോണ്ടിയ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി. എം.പി.യായിരുന്നു നാന പട്ടോളെ. എൻ.സി.പി.യുടെ കരുത്തനായ പ്രഫുൽ പട്ടേലിനെ തറപറ്റിച്ചായിരുന്നു വിജയം. എന്നാൽ, മഹാരാഷ്ട്ര ബി.ജെ.പി. എം.പി.മാരുടെ ഒരു യോഗത്തിൽ പരിഹരിക്കപ്പെടാത്ത കാർഷികപ്രശ്നങ്ങളെപ്പറ്റി പട്ടോളെ സംസാരിച്ചപ്പോൾ പ്രധാനമന്ത്രി ഇരിക്കാൻ ആംഗ്യംകാണിച്ചു. ‘‘വെറുതേ കസേര ചൂടുപിടിപ്പിക്കുന്ന എം.പി.യാകാൻ ഞാനില്ല’’ എന്നുപറഞ്ഞ് അദ്ദേഹം വൈകാതെ രാജിവെച്ചത് പാർട്ടിയെ ഞെട്ടിച്ചു.
നാനാ പട്ടോളെ പിന്നീട് കോൺഗ്രസിലേക്ക് തിരിച്ചുപോയി. 1999, 2004 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഭണ്ഡാര ജില്ലയിലെത്തന്നെ ലഖണ്ഡുർ മണ്ഡലത്തെ പ്രതിനിധാനംചെയ്ത കോൺഗ്രസ് എം.എൽ.എ.യായിരുന്നു അദ്ദേഹം. കാർഷികപ്രശ്നങ്ങൾ ഏറ്റെടുത്ത് സ്വന്തം സർക്കാരിനെതിരേ അന്നും സമരംചെയ്തിട്ടുണ്ട്. 2009-ലാണ് ബി.ജെ.പി.യിൽ ചേർന്ന് സകോളി എം.എൽ.എ.യായത്.
കോൺഗ്രസിലേക്കുള്ള രണ്ടാം വരവിൽ രാഹുൽഗാന്ധിയുടെ പിന്തുണയോടെ പട്ടോളെ മിന്നൽവേഗത്തിൽ വളർന്നു. 2019-ൽ മണ്ഡലം കോൺഗ്രസിനുവേണ്ടി ജയിച്ചു. നിയമസഭാ സ്പീക്കറായി. 2021-ൽ പാർട്ടി സംസ്ഥാന പ്രസിഡന്റായി. ബി.ജെ.പി.യെ ശക്തമായി എതിരിടുകയും ജനകീയപ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ശൈലിയാണ് ഇദ്ദേഹത്തിന്റേത്. സഖ്യകക്ഷികളോട് കടുപ്പക്കാരനുമാണ്. അവിനാഷ് ബ്രാഹ്മണികാരാണ് ഇവിടെ ബി.ജെ.പി. സ്ഥാനാർഥി.
ബവൻകുലെയുടെ രണ്ടാം വരവ്
നാഗ്പുർ ജില്ലയുടെ അതിർത്തിയിലുള്ള കാംടിയിലാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെ മത്സരിക്കുന്നത്. പക്ഷേ, ആളെക്കണ്ടത് ദേവേന്ദ്ര ഫഡ്‌നവിസിന്റെ നഗരത്തിലെ മണ്ഡലത്തിലാണ്. സ്ത്രീകളടക്കമുള്ള അൻപതോളം പ്രവർത്തകർക്ക് ബജാജ് നഗറിലെ സാരസ്വത് ഹാളിൽ നിർദേശങ്ങൾ നൽകുന്നു.
‘‘നഗരത്തിൽ ഓരോരുത്തരും മൂന്നുവീതം വീടുകൾ ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാവരും വോട്ടുചെയ്തെന്ന് ഉറപ്പുവരുത്തണം’’ -യോഗത്തിൽ പങ്കെടുത്ത പ്രവർത്തകൻ സുരേഷ് വൈരഗഡേ പറഞ്ഞു. അഞ്ചുവർഷംമുൻപ് കേന്ദ്രനേതൃത്വം അകറ്റിനിർത്തിയ ബവൻകുലെ ഇപ്പോൾ പാർട്ടിയുടെ ആണിക്കല്ലാണ്.
കോൺഗ്രസിന് ആധിപത്യമുള്ള മണ്ഡലമായ കാംടിയെ ബി.ജെ.പി. പാളയത്തിലാക്കിയത് ബവൻകുലെയാണ്. 2004 മുതൽ 2014 വരെ തുടർച്ചയായ മൂന്നുവിജയങ്ങൾ. ഓട്ടോ ഡ്രൈവറായി ജീവിതം തുടങ്ങിയ ഇദ്ദേഹം യൂണിയൻ ലീഡറും തെർമൽ പവർ സ്റ്റേഷനിലെ കരാറുകാരനുമായി വളർന്നു. നിതിൻ ഗഡ്കരിയാണ് ബി.ജെ.പി.യിലെത്തിച്ചത്. ഫഡ്‌നവിസ് മന്ത്രിസഭയിൽ ഊർജം, എക്‌സൈസ് എന്നിവയുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയുമായി.
എന്നാൽ, 2019-ൽ ബവൻകുലെയുടെ പേര് കേന്ദ്രനേതൃത്വം വെട്ടി. ചില ബിസിനസ് ലോബികളുടെ പരാതികളാണ് കാരണമെന്ന് പറയപ്പെടുന്നു. ഗഡ്കരിയും ഫഡ്‌നവിസും ഇടപെട്ടിട്ടും ഫലമുണ്ടായില്ല. കാംടി ബി.ജെ.പി. നിലനിർത്തി. പക്ഷേ, മേഖലയിലെ നാലുമണ്ഡലങ്ങൾ നഷ്ടമായി. ബവൻകുലെയുടെ തെലി സമുദായം ബി.ജെ.പി.ക്ക് തിരിച്ചടിനൽകുകയായിരുന്നു. സംവരണസമരം മറാത്തകളെ അകറ്റിയതോടെ ഒ.ബി.സി. വിഭാഗങ്ങളെ കൂടെനിർത്തേണ്ടത് പാർട്ടിക്ക് അനിവാര്യമായി. രണ്ടുവർഷംമുൻപ് സംസ്ഥാന അധ്യക്ഷനായി ചന്ദ്രശേഖർ ബവൻകുലെയുടെ ശക്തമായ തിരിച്ചുവരവ്. ഇക്കുറിയും അഴിമതിയാരോപണങ്ങൾ ഉണ്ടെങ്കിലും കാംടിയിൽ ബവൻകുലെയെ വെട്ടാൻ ദേശീയനേതൃത്വവും ശ്രമിച്ചില്ല.
Content Highlights: Analysis of candidates Nana Patole & Chandrashekhar Bawankule in the upcoming Maharashtra elections
Published: 17 Nov 2024, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented