മുംബൈ: മഹായുതി സഖ്യത്തിന്റെ മഹാവിജയത്തിനുപിന്നാലെ, മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ബി.ജെ.പി. നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഉത്തരം അത് മുന്നണി തീരുമാനിക്കുമെന്നായിരുന്നു. തീരുമാനം മുന്നണിയുടേതാണെങ്കിലും ഇത്തവണ ആ പദവിയിലേക്ക് ദേവേന്ദ്ര ഫഡ്‌നവിസ് എത്തുമെന്നുറപ്പാണ്. 

To advertise here,

കൂടുതൽ സീറ്റ് കൈയിലുണ്ടായിട്ടും 2022-ൽ മുഖ്യമന്ത്രിപദം ഏക്‌നാഥ് ഷിന്ദേയ്ക്ക് വിട്ടുനൽകിയ സാഹചര്യം ഇന്നില്ല എന്നതുതന്നെ ഇതിന് പ്രധാന കാരണം. അന്നത്തെ മന്ത്രിസഭ സുപ്രീംകോടതിയുടെ തീരുമാനത്തിൽ തൂങ്ങിനിൽക്കുകയായിരുന്നു. കോടതിയിൽനിന്ന് എതിരായ തീരുമാനം വരാത്തതിനാൽ ആ ഭരണം ഇത്രയും കാലം നീണ്ടുനിന്നു. എന്നാൽ, ഇന്ന് പ്രതിബന്ധങ്ങളൊന്നുമില്ലാത്തതിനാൽ ബി.ജെ.പി. ആ പദവി സഖ്യകക്ഷികൾക്ക് വിട്ടുകൊടുക്കേണ്ട കാര്യമില്ല. 

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നവിസിന്റെ നേതൃത്വത്തിലാണ് മഹായുതി സഖ്യം തിരഞ്ഞെടുപ്പ് നേരിടുന്നതെന്ന് പ്രചാരണത്തിനിടയിൽ കേന്ദ്രമന്ത്രി അമിത് ഷാ പറയുകയുമുണ്ടായി. എന്നാൽ, ഘടകകക്ഷികൾക്ക് ഇത് രസിക്കാത്തതിനാലും മറാഠാ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ജരാങ്കെ പാട്ടീൽ മുഖ്യശത്രുവായി കാണുന്നത് ദേവേന്ദ്ര ഫഡ്‌നവിസിനെയായതിനാലും പിന്നീടുള്ള പ്രചാരണ പരിപാടികളിൽ ആ നിലപാട് പാർട്ടി ഉറപ്പിക്കുകയുണ്ടായില്ല. മുഖ്യമന്ത്രിപദം മുന്നണി തീരുമാനിക്കുമെന്നായിരുന്നു പിന്നീട് പറഞ്ഞത്. 

തിരഞ്ഞെടുപ്പുഫലം ബി.ജെ.പി.ക്ക്‌ ശക്തമായ അടിത്തറനൽകിയ സാഹചര്യത്തിൽ ഇനി ഇക്കാര്യത്തിൽ പാർട്ടിക്ക്‌ ആരെയും പേടിക്കേണ്ട കാര്യമില്ല.